Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അറുപത്തൊന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപത്തൊന്നാം ദിവസം
ഈശാവാസ്യം
മന്ത്രം ആറ്‌
യസ്‌തു സര്‍വാണി ഭൂതാനി ആത്മന്യേവാനു പശ്യതി
സര്‍വഭൂതേഷു ചാത്മാനാം തതോ ന വിജുഗുപ്‌സതേ.
യഃതു=ഏതു സത്യദര്‍ശിയാണോ; സര്‍വാണിഭൂതാനി=എല്ലാ പ്രപഞ്ച ഘടകങ്ങളെയും; ആത്മനി ഏവ=ബോധസ്വരൂപമായ ആത്മാവില്‍തന്നെ; അനുപശ്യതി=തുടര്‍ന്നുകണ്ടുകൊണ്ടിരിക്കുന്നത്‌; സര്‍വഭൂതേഷു=അതുപോലെ എല്ലാ പ്രപഞ്ചദൃശ്യങ്ങളിലും; ആത്മാനം ച=അഖണ്‌ഡബോധരൂപമായ ആത്മാവിനെയും തുടര്‍ന്നുകണ്ടുകൊണ്ടിരിക്കുന്നത്‌; തതഃ=ആ സത്യദര്‍ശനത്തിന്റെ ഫലമായി; നവിജുഗുപ്‌സതേ=അദ്ദേഹം ഒന്നിനെയും വെറുക്കാനിടവരുന്നില്ല.
ഇതാണ്‌ സത്യം എന്ന്‌ ഉപനിഷത്തില്‍ ഋഷി വീണ്ടും അവതരിപ്പിച്ച്‌, ഈ സത്യത്തെ എങ്ങിനെ അനുഭവപ്പെടുത്തണം എന്നും, അനുഭവപ്പെടുത്തിയാല്‍ അതിന്റെ പ്രയോജനമെന്താണെന്നും അവതരിപ്പിക്കുന്നു. ഇത്‌ നേരത്തെ അറിഞ്ഞതുകൊണ്ടാണ്‌ നമ്മുടെ ഋഷീശ്വരന്മാര്‍ സത്യസാക്ഷാത്‌ക്കാരമല്ലാതെ വേറെ ഒരു വഴിയില്ലെന്ന്‌ പറഞ്ഞത്‌. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക്‌ അല്ലെങ്കില്‍ ദുഃഖങ്ങള്‍ക്ക്‌, നമുക്ക്‌ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്‌ എന്തൊക്കെയാണോ അതിനെയെല്ലാം കൂടെ ചേര്‍ത്തിട്ടാണ്‌ സംസാരദുഃഖം എന്നൊക്കെ പറയുന്നത്‌. ഇതിനുള്ള ഏക പോംവഴിയാണ്‌ സത്യസാക്ഷാത്‌ക്കാരം. ഈ സത്യത്തെ അറിയുന്നതോടുകൂടി നമുക്ക്‌ എന്തുണ്ടാവുന്നില്ല എന്ന്‌ നോക്കാം.
എങ്ങിനെയാണ്‌ സത്യം അറിയേണ്ടത്‌? അല്ലെങ്കില്‍ സത്യത്തെ അനുഭവപ്പെടുത്തുക എങ്ങിനെയാണ്‌? ``യഃ`` യാതൊരുവനാകട്ടെ, ആരോ ആകട്ടെ. ഇത്‌ ഉപനിഷത്തിന്റെ ഒരു സൗന്ദര്യമാണ്‌.
ഉപനിഷത്ത്‌ രചിക്കുന്ന കാലത്ത്‌ ഈ ലോകത്തില്‍ ഒരു മതവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈ ലോകത്ത്‌ കാണുന്ന മതങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നിട്ടില്ല. `റിലീജിയന്‍' എന്നുപറഞ്ഞാല്‍ എന്താണ്‌ എന്ന്‌ സ്‌കൂളില്‍ പഠിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അത്‌ പഠിപ്പിക്കേണ്ടത്‌ മതമില്ലാത്ത ജീവനും, ജീവനില്ലാത്ത മതവുമായിട്ടല്ല. നമ്മുടെ മതം പഠിപ്പിക്കല്‍ അങ്ങനെയാണ്‌. മറിച്ച്‌ എന്താണ്‌ ഇസ്ലാംമതവും ക്രിസ്‌തുമതവും? ഈ മതങ്ങള്‍ തമ്മിലുള്ള ബന്ധമെന്താണ്‌? എങ്ങിനെയാണ്‌ ഇത്‌ രണ്ട്‌ വഴിയിലേക്ക്‌ തിരിഞ്ഞത്‌? ഇത്‌ പോലും അറിയാത്ത ജനങ്ങള്‍ ഇന്നും ഈ നാട്ടിലുണ്ട്‌. എന്താണ്‌ മതങ്ങള്‍? മതം എങ്ങിനെയാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌? ഇതെന്താണ്‌? ഇതൊരു മതമേയല്ല. അതുകൊണ്ടാണ്‌ ഇതില്‍ ഈ ശബ്‌ദങ്ങളും പ്രയോഗങ്ങളുമൊക്കെ ഇങ്ങനെയായിതീര്‍ന്നത്‌. ഇതൊരു സയന്‍സാണ്‌. അവര്‍ ഈ പ്രപഞ്ചത്തെക്കുറിച്ചാണ്‌ പറഞ്ഞത്‌. പിന്നെ എത്രയോ കാലങ്ങള്‍ക്കുശേഷമാണ്‌ മറ്റുമതങ്ങള്‍ വന്നത്‌. രണ്ടായിരത്തി ചില്വാനം വര്‍ഷങ്ങളേ ആയിട്ടുള്ളൂ ഈ മതങ്ങളൊക്കെ ആവിര്‍ഭവിച്ചിട്ട്‌.
(തുടരും....)

No comments:

Post a Comment