Friday, 2 May 2014

ഗുരു ( ഒന്നാം ഭാഗം )

ഗുരു ( ഒന്നാം ഭാഗം )
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു
ഗുരുർദ്ദ്വേവോ മഹേശ്വര
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമ:
ത്രിമൂർത്തികളായും ത്രിമൂർത്തികൾക്കപ്പുറം പരബ്രഹ്മസ്വരൂപമായും അതിനും അപ്പുറവുമാണ് ഗുരുവിന്റെ സ്ഥാനം. പ്രപഞ്ച ശക്തികളേക്കാളും ഈശ്വര ചൈതന്യത്തേക്കാളുമെല്ലാം എല്ലാം അപ്പുറത്തുള്ള ഒരു സ്ഥാനം ഗുരുവിനു നൽകുമ്പോൾ വിദ്യയ്ക്കുള്ള സ്ഥാനം എത്രത്തോളമാണ് സനാതനധർമ്മത്തിൽ നൽകിയിരിക്കുന്നതെന്ന് നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്. "പ്രജ്ഞാനം ബ്രഹ്മസ്യ" - അറിവാണ് ബ്രഹ്മം... അറിവാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിനുകാരണമായ ബ്രഹ്മ ചൈതന്യം എന്ന ഋഗ്വേദ തത്വവും പറഞ്ഞുതരുന്നത് അതാണല്ലോ.
വിദ്യ അക്ഷരമാണ്. അക്ഷരമെന്നാൽ ക്ഷരമില്ലാത്തത്... നാശമില്ലാത്തത് എന്നർത്ഥം. വിദ്യ നശ്വരമാകുമ്പോൾ അതു പ്രപഞ്ചസത്യവും അതിനു കാരണമായവർ ദൈവതുല്യരുമാണെന്ന തത്വമാണ് മേൽപ്പറഞ്ഞ ഗുരുമന്ത്രത്തിലൂടെ ഓർമ്മിപ്പിക്കുന്നത്. അക്ഷരം പറഞ്ഞുതരുന്നവർ തീർച്ചയായും ദൈവതുല്യർ തന്നെയാണ്. എന്നാൽ അവർ മാത്രമാണോ ഗുരുക്കന്മാർ?. അല്ല എന്നാണ് പുരാണങ്ങളിലൂടേയും ഉപനിഷത്തുകളിലൂടേയുമെല്ലാം നമ്മെ പഠിപ്പിക്കുന്നത്. ഇത് ഗുരുക്കന്മാരെത്തേടിയുള്ള ഒരു യാത്രയാണ്.... ആരൊക്കെയാണ് ഗുരുക്കന്മാർ, എന്താണ് അവരിൽനിന്നും നാം നേടിയ വിദ്യ, അതിന്റെ അമൂല്യത, അങ്ങനെ പലതും.
ആദ്യ ഗുരു വാത്സല്യത്തോടെ തൊട്ടുതലോടി ക്ഷമയോടെ ആദ്യാക്ഷരം പറഞ്ഞു തന്ന അമ്മയാണ്. പിന്നീട് ജീവിതത്തിൽ അനേകം ഗുരുക്കന്മാരെ കണ്ടുമുട്ടുകയും അവരിൽ നിന്നും അമൂല്യങ്ങളായ പല പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യാത്തവരായി ആരുമുണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യ ഉപദേശിച്ചു തരുന്നവർ മാത്രമല്ല ഗുരുക്കന്മാർ. ജീവിതത്തിൽ വഴിയറിയാതെ പകച്ചു നിൽക്കുന്ന സാഹചര്യങ്ങളിൽ വഴികാട്ടികളാകുന്ന സകലതും ഗുരു തുല്യമാണ്. ഗുരു എന്ന വ്യക്തിയല്ല ഗുരുവാണിയാണ് പ്രധാനം. ഗുരുക്കന്മാരുടെ സിദ്ധാന്തങ്ങളും മാർഗ്ഗദർശനങ്ങളുമാണ് പിന്തുടരപ്പെടേണ്ടത്. കലികാലത്തിലുണ്ടായേക്കവുന്ന അധർമ്മത്തിനറുതി വരുത്താവാൻ കൂടിയാണ് ഭഗവാൻ വിഷ്ണൂ ശ്രീകൃഷ്ണാവതാരമെടുത്ത് കാലത്തെ അതിജീവിച്ച ഉപദേശങ്ങൾ നമ്മുക്കുപദേശിച്ചു തന്നത്. ജീവിതത്തിൽ ഏതു പ്രതിസന്ധിയേയും തരണം ചെയ്യുവാൻ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശങ്ങൾ ( ഭാഗവതത്തിലുടേയും ഭഗവത് ഗീതയിലൂടേയുമെല്ലാം നാം വായിച്ചറിഞ്ഞ ഉപദേശങ്ങൾ ) ശക്തവും ദൃഢവും സത്യസന്ധവുമാണെന്നുള്ളത് അതു അനുഭവിച്ചവർക്ക് ഒരിക്കലും നിഷേധിക്കാനാവാത്ത കാര്യമാണ്. .... തുടരും

No comments:

Post a Comment