Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അറുപത്തിഅഞ്ചാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപത്തിഅഞ്ചാം ദിവസം
ഈശാവാസ്യം
യഃ സര്‍വ്വാണി ഭൂതാണി എന്തൊക്കെയാണോ ഭവിച്ചിട്ടുള്ളത്‌, എന്തൊക്കെ ഈ പ്രപഞ്ചത്തില്‍ ആവിര്‍ഭവിച്ചിട്ടുണ്ടോ, സത്തായാം ഉണ്ടായിട്ടുണ്ടോ ആ പഞ്ചമഹാഭൂതങ്ങള്‍ പല പ്രകാരത്തില്‍ ചേര്‍ന്നതാണ്‌ ഈ കാണായ വിശ്വം.
അതില്‍ നമ്മളും പഞ്ചമഹാഭൂതമാണ്‌. നമ്മളില്‍ എന്തുണ്ട്‌? മോനെ, അഗ്നിയുടെ സ്വഭാവമെന്താണ്‌? അവന്‍ പറയും. ചൂടുണ്ട്‌. നിന്റെ ദേഹത്ത്‌ കൈവെച്ചുനോക്കൂ. ചൂടില്ലേ? ചൂടുണ്ട്‌. അപ്പോള്‍ അഗ്നി നിന്നിലുണ്ട്‌. ജലം നിന്നിലുണ്ട്‌. നീ ഇടയ്‌ക്കിടയ്‌ക്ക്‌ ഒന്നിനുപോകുന്നുണ്ടല്ലോ? ഉണ്ട്‌. ജലം നീ കുടിക്കുന്നുണ്ടല്ലോ? അതെ. അഗ്നിയുണ്ട്‌. ജലമുണ്ട്‌. ആകാശമെവിടെയാണ്‌ അമ്മേ എന്ന്‌ ചോദിക്കും? അപ്പോള്‍ നിന്നോട്‌ ഞാന്‍ പറഞ്ഞില്ലേ, രണ്ട്‌ ഇഡ്ഡലി കൂടി കഴിക്കാന്‍. അപ്പോള്‍ നീയെന്താണ്‌ പറഞ്ഞത്‌? സ്ഥലമില്ല അമ്മേ. മതി എന്ന്‌. അതെ. സ്‌പേസ്‌ - ആകാശമെന്ന്‌ പറഞ്ഞാല്‍ സ്ഥലമാണ്‌. നീ ഇവിടെ നില്‍ക്കുന്നതുതന്നെ ഈ സ്ഥലം ഉപയോഗിച്ചുകൊണ്ടാണ്‌. ആകാശം. വായു. നീ എടുത്തും വിട്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ? ആകാശം, വായു, ജലം, അഗ്നി, ഭൂമി. ഭൂമിയാണ്‌ നമ്മുടെ അടുത്ത്‌ ഏറ്റവും കൂടുതലായിട്ടുള്ള അംശം. ഒരാള്‍ മരിച്ച്‌ അയാളെ കുഴിച്ചിട്ടുകഴിഞ്ഞാല്‍, ഒരു മാസം കഴിഞ്ഞ്‌ കുഴിതുറന്ന്‌ നോക്കിയാല്‍ കാണുമോ? ഒന്നും കാണില്ല. ഭൂമിയായി അയാള്‍ മാറി. നാം ഭൂമിയുടെ മറ്റൊരു രൂപമാണ്‌. ഭൂമി നമ്മളിലുണ്ട്‌. ആകാശവും, വായുവും, അഗ്നിയും, ജലവും, ഭൂമിയും തന്നെയാണ്‌ ഈക്കാണുന്ന നീയും ഞാനുമെല്ലാം. അതുകൊണ്ട്‌ നമ്മളതായി തീരുന്നു. അവിടെനിന്നാണ്‌ നമുക്ക്‌ വേണ്ട പോഷകങ്ങളൊക്കെ കിട്ടുന്നത്‌. അതാണ്‌ നമ്മളെ നിലനിര്‍ത്തുന്നതും പോഷിപ്പിക്കുന്നതും. ഇങ്ങനെയൊരു ബാലന്‍സിങ്ങ്‌ ഉണ്ട്‌.
പുതിയ ശാസ്‌ത്രശാഖയില്‍ നെല്‍ച്ചെടിയുടെ ഒരു കതിരിന്റെ അഗ്രത്തില്‍നിന്ന്‌ ഒരു പൊടി കീറിയിങ്ങോട്ടെടുത്താല്‍, പുതിയ നെല്‍ചെടിയെ ഉണ്ടാക്കാന്‍ സാധിക്കും. ഒരു മൊട്ടുസൂചിയുടെ അഗ്രത്തില്‍ വെയ്‌ക്കാന്‍ പാകത്തിലുള്ള ഒരു പൊടിയില്‍നിന്ന്‌ മനുഷ്യനെ രൂപപ്പെടുത്താം. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ അവകാശപ്പെടുന്നത്‌ കൊതുകില്‍നിന്ന്‌ ആനയെ നിര്‍മ്മിയ്‌ക്കാമെന്നും, ആനയില്‍നിന്ന്‌ കൊതുകിനെ സൃഷ്‌ടിക്കാം എന്നൊക്കെയാണ്‌. കാരണം ഈ വിശ്വത്തില്‍നിന്ന്‌ ഏതിനെ വേണമെങ്കിലും സൃഷ്‌ടിക്കാനുള്ള കഴിവ്‌ ഇന്ന്‌ ശാസ്‌ത്രകാരന്‍ നേടിക്കഴിഞ്ഞു. എല്ലാം എല്ലാറ്റിലും അന്തര്‍ലീനമാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ഒരു രോമമങ്ങോട്ട്‌ പിഴുതെടുത്താല്‍ ആ രോമത്തിന്റെ അഗ്രഭാഗത്തുള്ള മാംസത്തിന്റെ ഒരു പൊടി മതി നമ്മളെയൊക്കെ സൃഷ്‌ടിക്കാന്‍. നമ്മളെപ്പോലെ ഡിറ്റോ. കണ്ടാല്‍ മാറിപ്പോകും. അപ്പോള്‍ ആ രോമത്തിന്റെ അഗ്രത്തുള്ള മാംസത്തിന്റെ ഒരു പൊടി അംശത്തിലിരിക്കുന്നത്‌ എന്തൊക്കെയാണ്‌? ഒരു ഹാര്‍ട്ടിനുള്ളതുണ്ട്‌. രണ്ട്‌ കിഡ്‌നിക്കുള്ളതുണ്ട്‌. നട്ടെല്ലിനുള്ളതുണ്ട്‌. കണ്ണിന്‌, മൂക്കിന്‌, നാക്കിന്‌ എല്ലാറ്റിനും വേണ്ടതുണ്ടതില്‍. പുരുഷന്റെ ശരീരത്തില്‍നിന്ന്‌ സ്‌ത്രീയുടെ ശരീരത്തിനകത്തേക്ക്‌ പോകുന്ന ആ ശുക്ലത്തില്‍ ഒരു പൊടിയിലുണ്ട്‌, ഒരാളുടെ മുഴുവന്‍. അങ്ങനെ എത്രയാണ്‌ പോകുന്നത്‌. ആയിരം പേരെ സൃഷ്‌ടിക്കാനുള്ളത്‌. ഈ സയന്‍സ്‌ എല്ലാം എടുത്തുവെച്ചുനോക്കിയാല്‍ മാത്രമേ കാര്യം പിടികിട്ടുകയുള്ളൂ. എല്ലാറ്റിലും എല്ലാം അന്തര്‍ലീനമാണ്‌. ആവശ്യത്തിന്‌ അത്‌ പ്രകടമാകുന്നു. അത്രയേ ഉള്ളൂ.
(തുടരും....)

No comments:

Post a Comment