Friday, 2 May 2014

ശ്രീമദ് ഭഗവദ് ഗീതാ ... അര്‍ജുന വിഷാദ യോഗം .....

"ഗീതാ സങ്കല്പ വാക്യ" പ്രകാരം ഇതിലെ ഓരോ അദ്ധ്യായവും ഓരോ ഉപനിഷത്ത് ആണ്. ഗീതയിലെ 18 അദ്ധ്യായങ്ങളെ 18 ഉപനിഷത്തുക്കളായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. അതിന്റെ ഒന്നാമത്തെ അദ്ധ്യായം ഇവിടെ പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു.
സർവ്വ ശാസ്ത്രമാണ് ശ്രീമദ് ഭഗവദ് ഗീത. നിഗൂഡതത്വങ്ങൾ അടക്കംചെയ്ത് പൂട്ടിവച്ച 700 പെട്ടികളാണ്‌ ഇതിലെ 700 ശ്ലോകങ്ങളും. ഉപനിഷത്ത് പഠനത്തിനെന്നപോലെ ഗീതാ പഠനത്തിനും സദ്‌ ഗുരുവിന്റെ സഹായം ആവശ്യമാണ്. എല്ലാ അദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെയും പൊരുൾ ഒന്നാണ്. ഇന്ദ്രിയമനോബുദ്ധികൾ വഴി നാം അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്ന ഈ നശ്വരജഗത്തിനാധാരമായി ഒരു ശാശ്വതസത്യം ഉണ്ടെന്ന് അവ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആ പരംപൊരുളിനെയാണ് "ബ്രഹ്മം" എന്ന് നമ്മുടെ ശാസ്ത്രങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.
"ബ്രഹ്മതത്വത്തെ വെളിവാക്കുകയും ബ്രഹ്മപ്രാപ്തിക്കുള്ള മാർഗ്ഗം കാട്ടിത്തരികയും ചെയ്യുന്ന വിദ്യയത്രെ ബ്രഹ്മവിദ്യ".
"വിഷാദ - യോഗം" എന്നത് ഒരു വിരോധാഭാസമായി തോന്നിയേക്കാം. എന്നാൽ കടുത്ത നിരാശയാൽ ശോകാകുലമായ ഹൃദയം ഉന്നതമായ ആശയങ്ങളുടെ വിത്ത് പാകാൻ പറ്റിയ ഇടമാണ്. വ്യക്തിയോ, സമൂഹമോ, രാഷ്ട്രമോ അർജ്ജുനന്റെ അവസ്ഥയിൽ എത്തുമ്പോഴാണ് മതവും തത്ത്വശാസ്ത്രവും ആവശ്യമായി വരുന്നതും പ്രയോജനപ്പെടുന്നതും എന്ന് ഗീതാചര്യൻ വെളിപ്പെടുത്തുന്നു.
"ജീവിത തീർഥയാത്രയിൽ, ഇരുളടഞ്ഞ മാർഗ്ഗത്തിൽ, വെളിച്ചം പകരുന്ന പന്തമത്രെ സംസ്കാരം"
ഭാരതത്തിലെ ഋഷീശ്വരന്മാർ ഒരു മഹത്തായ സംസ്കാരം വാർത്തെടുത്തിട്ടുണ്ട് - ആധ്യാത്മിക സംസ്കാരം. മതാചാരങ്ങൾ വഴിയാണ് അത് നിലനില്ക്കുകയും വളരുകയും ചെയ്യുന്നത്. അതിനാൽ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സംസ്കാരവും മതവും ഒന്നുതന്നെയാണ്. മതാചാരത്തിൽ നിന്ന് സംസ്കാരത്തെ വേർപെടുത്താനാവില്ല.
ഋഷീശ്വരന്മാരുടെ അദ്ധ്യാത്മിക സംസ്കാരത്തെ സാമൂഹിക ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന പ്രായോഗിക പദ്ധതിയത്രെ ഹിന്ദുമതം. ഉത്കൃഷ്ടങ്ങളായ സംസ്കാരിക മൂല്യങ്ങളെ മാനിച്ചുകൊണ്ടുള്ള ധാർമ്മിക ജീവിതരീതിയാണ് അത്. വ്യക്തിത്വത്തിലും കുടുംബത്തിലും സമൂഹത്തിലും സമൂഹതലത്തിലും ഒക്കെ പ്രസ്തുത ജീവിതരീതി തീരുമാനിക്കപ്പെട്ടു പോന്നു. നമ്മിൽ ഒളിഞ്ഞിരിക്കുന്ന ദിവ്യ ചൈതന്യം നമുക്കനുഭവമായിത്തീരാൻ നമ്മെ സഹായിക്കുന്ന ഉത്കൃഷ്ട ജീവിതമൂല്യങ്ങളൊക്കെയും "ധർമ്മ"ത്തിൽ പെടും. മനുഷ്യനെ സമ്പൂർണ്ണനാക്കുക - അതാണ് ധർമ്മാചരണത്തിന്റെ പ്രയോജനം. അപ്പോൾ കുലം പവിത്രവും ദേശീയ ജീവിതം ഭാസുരമാവുകയും ചെയ്യും.

No comments:

Post a Comment