Friday, 2 May 2014

ശ്രീമദ് ഭഗവദ് ഗീത .... ആരംഭം 2

ഓം സദ്‌ ഗുരുവേ നമ:
കൗരവന്മാർ നൂറു പേര് . അവർ നമ്മുടെ മനസ്സിലെ ദുർവാസനകളെ പ്രതിനിധാനം ചെയ്യുന്നു. പഞ്ച പാണ്ഡവന്മാർ അവയ്ക്ക് വിപരീതമായ സദ്‌ വാസനകളെയും. മഹാഭാരതയുദ്ധം നമ്മുടെ എല്ലാവരുടെയും ഉള്ളിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. നാം എന്ത് ചെയ്യാൻ തുടങ്ങുമ്പോഴും വിരുദ്ധങ്ങളായ ഈ രണ്ടു ശക്തികൾ തമ്മിൽ വടംവലി നടക്കുന്നു. ദുർവിചാരങ്ങളുടെ (ആസുരികതയുടെ) അളവ് പൂരിഭക്ഷത്തായിരിക്കും. സത് വികാരങ്ങളുടെ (ദൈവികതയുടെ) അളവ് വളരെ കുറവുമായിരിക്കും. ഇവിടെ ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. സൈന്യവും ആയുധവും ഇല്ലാതെ ഭഗവാൻ മാത്രം ധർമ്മത്തിന്റെ പക്ഷത്ത്.
ജന്മജന്മാന്തരങ്ങളിലായി നാം നേടിയെടുത്ത നമ്മുടെ ജീവനിൽ സമ്പാദിച്ചു കൊണ്ടുവന്ന പുണ്യ പാപങ്ങളുടെ ഭാണ്ഡം പേറിയാണ് ഈ ജന്മത്തിൽ നമുക്ക് ലഭിച്ച മനുഷ്യശരീരം. ധർമ്മം ("ഒരു വസ്തുവിന്റെ വിവിധ ഘടകങ്ങളെയും ഗുണങ്ങളെയും എല്ലാം ഒന്നിച്ചു ചേർത്ത് അതിനെ സമ്പൂർണ്ണ ഭാവത്തിൽ സ്വതന്ത്രമായി നില നിർത്തുന്ന മൂല്യമെന്തോ അതാണ് ആ വസ്തുവിൻറെ ധർമ്മം") അനുസരിച്ച് ആത്മ ശ്രേയസ്സ് നേടാൻ വിനിയോഗിക്കേണ്ട വിശിഷ്ട ഉപകരണമത്രെ മനുഷ്യ ശരീരം. ധർമ്മക്ഷേത്രമായ കുരുക്ഷേത്രം. നന്മയേത് തിന്മയേത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന അവസ്ഥയിൽ നമ്മുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയും തളർന്നു അവശരാവുകയും ചെയ്യുന്നു. നമ്മുടെ ഈ അവസ്ഥയെയാണ് അർജ്ജുനനിൽ കൂടി ഇവിടെ പ്രകടമാക്കുന്നത് .
നമ്മുടെ ജീവിതം അർത്ഥവത്തും സമ്പൂർണ്ണവും ആകണമെങ്കിൽ, നാം നമ്മുടെ യഥർത്ഥ സ്വരൂപം അഥവാ ആത്മ ചൈതന്യം കണ്ടെത്തി അതിൻറെ ദിവ്യപ്രഭാവതിനനുസൃതമായി ജീവിക്കണം.അതിനുവേണ്ടി ഭഗവാൻറെ കണ്‍ഠത്തിൽ നിന്നും നിർഗളിച്ച ഗീതമാണ്‌ ശ്രീമദ് ഭഗവദ്ഗീത. ഈ ഉപദേശങ്ങൾ നാം ഓരോരുത്തരും ഉൾക്കൊള്ളുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുവാൻ ഉള്ള ഒരു മാർഗ്ഗമാണ്. അത് നമ്മെ ലക്ഷ്യതിലെത്തിക്കുകയും ചെയ്യുന്നു എന്ന് " മമ ധർമ്മ " (ധർമ്മത്തിൽ തുടങ്ങി മമ എന്ന് അവസാനിപ്പിക്കുന്ന ഗീത മാനവരാശിയെ ഉദ്ബുദ്ധരാക്കാൻ വേണ്ടിയുള്ളതാണ് .
നമ്മുടെ ഭഗവത്ഗീതാപഠന കുടുംബത്തിൽ ഉള്ള ഏവർക്കും വഴി കാണിക്കുമെന്ന വിശ്വാസത്തോടെ അർജ്ജുനവിഷാദയോഗം എന്ന പ്രഥമ അദ്ധ്യായം പോസ്റ്റു ചെയ്യാൻ ഏവരുടെയും അനുമതിയും അനുഗ്രഹവും ഉണ്ടാകുമെന്നു വിശ്വസിക്കട്ടെ.
"ഹരി ഓം"

No comments:

Post a Comment