Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-15-പുരുഷോത്തമയോഗം-ശ്ളോകം-14

ആഹാരവും ജഠരാഗ്നിയും ഞാന്‍ തന്നെ :
---------------------------------------------------------
അഹം വൈശ്വാനരോ ഭൂത്വാ
പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ
പചാമ്യന്നം ചതുര്‍വിധം

ഞാന്‍ പ്രണാണികളുടെ ദേഹത്തില്‍ പ്രവേശിച്ചിട്ട് ജഠരാഗ്നിയായി വര്‍ത്തിച്ച് പ്രാണാപാനവായുക്കളോട് ചേര്‍ന്ന് നാലുവിധത്തിലുള്ള അന്നത്തെ ദഹിപ്പിക്കുന്നു.

ആഹാരം നല്‍കിയാല്‍ മാത്രം പോരല്ലോ; അത് ദഹിപ്പിക്കുകയും വേണ്ടേ? ആകയാല്‍ അതിന്‍റെ ദഹനശക്തിയും ഞാന്‍ തന്നെയാകുന്നു. അതുകൊണ്ട് എല്ലാ ജീവജാലങ്ങളും സംതൃപ്തി കൈവരിക്കുന്നു. ആഹാരപദാര്‍ത്ഥങ്ങളെ ദഹിപ്പിക്കുന്നതിനായി പ്രാണിമാത്ര ശരീരങ്ങളില്‍ കാണുന്ന ജഠരാഗ്നി ഞാനാണ്. ഉലത്തോല്‍ കൊണ്ടെന്നപോലെ അഹോരാത്രം അനവരതം അകത്തേയ്ക്കു വലിക്കുന്ന പ്രാണനും പുറത്തേയ്ക്കുവിടുന്ന അപാനനും ഈ ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കുകയും കഴിച്ച ആഹാരത്തെ അത് ദഹിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ ശുഷ്കം, സ്നിഗ്ദ്ധം, സുപക്വം, വിദഗ്ദ്ധം എന്നിങ്ങനെ നാലിനത്തിലുള്ള ആഹാരങ്ങളേയും ദഹിപ്പിക്കുന്നു. ഇപ്രകാരം എല്ലാ പ്രാണികളുടേയും ജീവന്‍ നിലനിര്‍ത്തുന്ന എല്ലാ ആഹാരവും ആഹാരദായകനായ ജഠരാഗ്നിയും ഞാന്‍ തന്നെയാണ്. ഇതില്‍ക്കൂടുതല്‍ സര്‍വ്വവ്യാപ്തമായ എന്‍റെ അപൂര്‍വ്വാവസ്ഥ‌യെപ്പറ്റി ഞാന്‍ എങ്ങനെയാണ് വിസ്തരിക്കേണ്ടത്? ഈ വിശ്വത്തില്‍ ഞാന്‍ സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നു. ഞാനില്ലാതെ യാതൊന്നുംതന്നെ ഈ ലോകത്തിലില്ല.

ഇങ്ങനെയാണെങ്കില്‍ ഈ ലോകത്തില്‍ ചിലര്‍ സദാസുഖികളും മറ്റു ചിലര്‍ സദാ ദുഃഖികളും ആയിരിക്കുന്നത് എന്തുകൊണ്ടാണെന്നു നീ ചോദിച്ചേക്കാം. നഗരത്തിനു പൊതുവില്‍ വെളിച്ചം നല്‍കുന്ന വിളകള്‍ക്കു പ്രകാശം ലഭിക്കുന്നത് ഒരേ ഉറവിടത്തില്‍ നിന്നു തന്നെയാണെങ്കിലും ചില ദിക്കില്‍ വെളിച്ചവും ചില ദിക്കില്‍ ഇരുട്ടും കാണുന്നില്ലേ എന്നു നിനക്കു സംശയമുണ്ടാകാം. തര്‍ക്കവിതര്‍ക്കങ്ങളില്ലാതെ നീ ശ്രദ്ധിച്ചുകേള്‍ക്കുമെങ്കില്‍ ഞാന്‍ നിന്‍റെ സംശയങ്ങളെ ദൂരീകരിക്കാം.

തീ ഇല്ലാതെ പുക ഇല്ല എന്നപോലെ തീ ഇല്ലാതെ ചൂടുമില്ല. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ചൂടും അഗ്‌നിയാണ്. എന്നു വെച്ചാല്‍ സ്പന്ദങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഊര്‍ജവികിരണം (energy radiation). അതിന്റെ ആധാരം സമവസ്ഥിതമായ ഏകീകൃതബലംതന്നെ.

ഈ ഊര്‍ജം, പ്രാണാപാനന്മാരോടു ചേര്‍ന്ന് നാലു തരത്തിലുള്ള ഭക്ഷണങ്ങളെയും ശരീരത്തിന് ഉപയോഗപ്രദമായ അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു. ഖാദ്യം, ചോഷ്യം, പേയം, ലേഹ്യം - എന്നീനാലിനമാണ് ആഹാരം. സസ്യം, മാംസം, പച്ച, പഴുത്തത്, വെന്തത്, വേവിക്കാത്തത്, ഉണങ്ങിയത്, ഉണങ്ങാത്തത് എന്നിങ്ങനെ ഏതു തരമായാലും ഭക്ഷണം ഈ നാലില്‍ ഒരു ഇനത്തില്‍ പെടും. (ശരീരത്തെ പോഷിപ്പിക്കുന്നത്, പ്രാണനെ പോഷിപ്പിക്കുന്നത്, മനസ്സിനെ പോഷിപ്പിക്കുന്നത്, വിജ്ഞാനത്തെ പോഷിപ്പിക്കുന്നത് എന്നിങ്ങനെ മറ്റൊരു തരത്തിലും ഭക്ഷണത്തെ നാലിനമായി കാണാം.)

ഭക്ഷണത്തെ ദഹിപ്പിച്ച് അതില്‍നിന്ന് ആവശ്യമുള്ളതെടുത്ത് ജീവകോശങ്ങളും ഊര്‍ജവും ഒക്കെ ആക്കി മാറ്റുന്ന ക്രിയ ജീവന്റെ വകയാണ്. മരണത്തോടെ ഇതു നിലയ്ക്കുന്നതിനാല്‍ ആശ്രയമറ്റ അവയവങ്ങള്‍ അഴുകുന്നു. അതും വൈശ്വാനരന്റെ വൃത്തിതന്നെ. ഇതരജീവികളുടെ വിശപ്പിന് ശവശരീരം പരിഹാരമാകുന്നതിനെയാണ് അഴുകല്‍ എന്നു നാം പറയുന്നത്. പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഇതും. ഈ സമതുലനത്തിനു പിന്നിലും സമവസ്ഥിതമായ ഏകീകൃതബലം ആലംബമായി വര്‍ത്തിക്കുന്നു.

ഇത് ഭൗതികശരീരത്തിന്റെ കാര്യം. മനസ്സിന്റെയും ബുദ്ധിയുടെയും വേദികളിലും സൂത്രധാരന്‍ വേറൊരാളല്ല. എങ്ങനെയെന്നാല്‍ -

തുടരും...

No comments:

Post a Comment