ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-7
ശ്ളോകം-7
നിയതസ്യ തു സംന്യാസഃ
കര്‍മണോ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗഃ
താമസഃ പരികീര്‍ത്തിതഃ
കര്‍മണോ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗഃ
താമസഃ പരികീര്‍ത്തിതഃ
നിയതകര്‍മം (കര്‍ത്തവ്യകര്‍മം) സംന്യസിക്കുന്നത്
(ഉപേക്ഷിക്കുന്നത്) ശരിയല്ല. അവിവേകം മൂലം അതിനെ ത്യജിക്കുന്നത്
താമസത്യാഗമെന്നറിയപ്പെടുന്നു.
ആഹാരം, ശൗചം എന്നു തുടങ്ങി
ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള കര്‍മങ്ങള്‍ നിത്യകര്‍മങ്ങള്‍. കുടുംബത്തിലെയും
സമൂഹത്തിലെയും ചുമതലകള്‍ കര്‍ത്തവ്യകര്‍മങ്ങള്‍. ആത്മാവിഷ്‌കാരത്തിനായി അനുഷ്ഠിക്കുന്ന
കര്‍മം സ്വധര്‍മകര്‍മം. അപകടങ്ങളൊ പ്രകൃതിക്ഷോഭങ്ങളൊ ഒക്കെ ഉണ്ടാകുമ്പോള്‍ ഓര്‍ക്കാപ്പുറത്ത്
ചെയ്യേണ്ടിവരുന്ന അധികജോലികള്‍ ആനുഷംഗികകര്‍മങ്ങള്‍. ഇവയെല്ലാം നിയതകര്‍മങ്ങളാണ്.
ഇതിന്റെയൊന്നും നിര്‍വഹണത്തില്‍ ഉപേക്ഷ വരുത്തരുത്. അറിവില്ലായ്മകൊണ്ടൊ പരിഭവംകൊണ്ടൊ
ഭയംകൊണ്ടൊ ആലസ്യം കാരണമൊ പിന്‍വാങ്ങിയാല്‍ ആ കര്‍മത്യാഗം താമസത്യാഗമേ ആവൂ.
ആരോടെങ്കിലുമൊക്കെ പിണങ്ങി ഞാന്‍ പല്ലു തേയ്ക്കാതെയും
കുളിക്കാതെയും ഇരുന്നാല്‍,
എനിക്കാരോടുമൊരു കടമയുമില്ലെന്നു നിശ്ചയിച്ചാല്‍, ശീലിച്ച തൊഴില്‍
ഉപേക്ഷിച്ചാല്‍,
അയല്‍ക്കാരന്റെ അറ്റ കൈയിന് ഉപ്പുതേയ്ക്കാന്‍പോലും ഓടി ചെല്ലാതിരുന്നാല്‍, ഭാര്യയെയും മക്കളെയും
പ്രായമായ അച്ഛനമ്മമാരെയും നിരാലംബരാക്കി ജോലിയും ഉപേക്ഷിച്ച് ഞാന്‍ 'സംന്യസി'ക്കാന്‍ പോയാല്‍, എന്നെ മാതൃകയാക്കി
പലരും പെരുമാറിത്തുടങ്ങിയാല്‍, എന്റെയും സമൂഹത്തിന്റെയും
കഥയെന്താകും എന്ന് ചിന്തിച്ചു നോക്കുക. കാഴ്ചയില്‍ പ്രാകൃതനായതുകൊണ്ടൊ
മനുഷ്യപ്പറ്റില്ലാതായതുകൊണ്ടൊ മാത്രം ആരും സംന്യാസിവര്യനാവില്ല.
അത്രത്തോളം പോയില്ലെങ്കിലും പലരും നിയതകര്‍മങ്ങളില്‍
പലതും ചെയ്യാറില്ല. ഒരുപാട് ന്യായീകരണങ്ങള്‍ നമുക്കുണ്ടാകാം. വണ്ടിയിടിച്ചു
വഴിയില്‍ കിടന്നവനെ ആസ്പത്രിയില്‍ കൊണ്ടുപോയാല്‍ ആജീവനാന്തം പോലീസ് സ്റ്റേഷനിലും
കോടതിയിലും കഴിയണം, പരിസരത്തുള്ള
മാലിന്യവും അനീതിയും എന്റെ മാത്രം ചുമതലയൊന്നും അല്ല, ഒരു കല്യാണം
കഴിച്ചെന്നു വെച്ച് ചുമക്കാവുന്ന ഭാരത്തിന് ഒരതിരില്ലെ എന്നു തുടങ്ങി, കൈക്കൂലിയുടെ
കാര്യത്തിലായാലും നാടോടുമ്പോള്‍ ഞാനെങ്ങനെ നടുവെ ഓടാതിരിക്കും എന്നു വരെ
ഒഴികഴിവുകള്‍ നീളാം. പക്ഷേ, ഇതെല്ലാം
തമോഗുണപ്രധാനമാണ്. എന്നു വെച്ചാല്‍ ജീവപരിണാമപരമായി 'അധോഗതി' വരുത്തുന്നതാണ്.
സൂക്ഷ്മമായി ആത്മപരിശോധന നടത്തിയാല്‍ അറിയാം, ഈ നിലപാടില്‍ ഓരോ ചുവട്
മുന്നേറുമ്പോഴും മനസ്സുഖം കുറഞ്ഞുകൊണ്ടിരിക്കും.
(തുടരും)
No comments:
Post a Comment