Wednesday, 5 November 2014

നാരദ ഭക്തിസൂത്ര ഒന്നാം ദിവസം

നാരദ ഭക്തിസൂത്ര ഒന്നാം ദിവസം
ഭക്തിയെ സംബന്ധിക്കുന്ന ആധികാരിമായിട്ടുള്ള ഗ്രന്ഥം എന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌ നാരദ ഭക്തിസൂത്രങ്ങള്‍. ദേവര്‍ഷി നാരദനാണ്‌ ഈ ഭക്തി ശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവ്‌ എന്ന്‌ അറിയപ്പെടുന്നത്‌. നാരദരെ സംബന്ധിച്ച്‌ ഒരുപാട്‌ കഥകള്‍ നിലവിലുണ്ട്‌. നാരദരുടെ പേരില്‍ ഒരു പുരാണം തന്നെ ഉണ്ട്‌. നാരദര്‌ ബ്രഹ്മാവിന്റെ തുടയില്‍ നിന്ന്‌ അല്ലെങ്കില്‍ മടിയില്‍ നിന്നു ജനിച്ചു എന്നാണ്‌ പുരാണം പറയുന്നത്‌. നാരദരുടെ ഏഴു ജന്മങ്ങളെക്കുറിച്ചു പറയുന്നു. ഏഴുതരം ജന്മങ്ങള്‌. അതില്‍ നാരദര്‌ കുരങ്ങനാണെന്നും, അതുപോലെ സ്‌ത്രീയാണെന്നും ഒക്കെ പറയുന്നുണ്ട്‌. പല പ്രകാരത്തില്‍ നാരദര്‌ ജന്മം കൊണ്ടിട്ടുണ്ട്‌. അങ്ങനെയുള്ള കുറെ കാര്യങ്ങളൊക്കെ നാരദരെ സംബന്ധിച്ചുണ്ട്‌. അതിലുപരി നാരദര്‌ എന്നു പറയുമ്പോള്‍ നാരം ദതാതി ഇതി നാരദഃ - നാരത്തെ പ്രദാനം ചെയ്യുന്നവനാണ്‌ നാരദനന്‍. അപ്പോള്‍ നാരം നാരത്തെ കൊടുക്കുന്നവന്‍ നാരദന്‍. 
പരമാത്മാവിനെക്കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്നവൻ.
നാരദഭക്തിസൂത്രം ഭക്തി സംബന്ധമായിട്ടുള്ള എല്ലാ കാര്യങ്ങളുടെയും ഒരു പരമപ്രമാണമാണ്‌. ഈ ഭക്തിസൂത്രം കേട്ടു കഴിഞ്ഞാല്‍ ഭക്തി സംബന്ധമായ നമ്മുടെ എല്ലാ സംശയങ്ങളും തീരണം. തീര്‍ക്കാന്‍ സ്വാമി ശ്രമിക്കാം. നമുക്കൊരുമിച്ചു ഈ സൂത്രങ്ങളെ വിചാരം ചെയ്യാം. എന്താണ്‌ ഈ പുസ്‌തകം തിരഞ്ഞെടുക്കാന്‍ കാരണം എന്നാണെങ്കില്‍, ഭക്തി എന്ന വിഷയം ചര്‍ച്ചചെയ്യപ്പെടേണ്ടത്‌ ഈ കാലഘട്ടത്തില്‍ വളരെ ആവശ്യമായി വന്നിരിക്കുന്നു. നാരദരെ സംബന്ധിച്ച്‌ ഒരുപാട്‌ വിവരങ്ങള്‍ നമുക്ക്‌ പുരാണങ്ങളില്‍ നിന്നും, ഉപനിഷത്തില്‍ നിന്നും ലഭ്യമാണ്‌. 
നാരദര്‌ പുരാണത്തിലും ഇതിഹാസത്തിലും ഉപനിഷത്തിലും ഒക്കെ നിറഞ്ഞു നില്‍ക്കുന്നു. അങ്ങനെ വേറെയാരെയും കാണില്ല. അതുകൊണ്ടാണ്‌ ഭക്തിസംബന്ധമായ സീരിയലൊക്കെ വരുമ്പോള്‍ നാരദര്‍ക്ക്‌ അതിലൊരു പ്രധാന വേഷമുണ്ട്‌. പക്ഷേ ഒരു കോമാളിയെപ്പോലെ നാരദരെ പലരും ചിത്രീകരിച്ചു. അല്ലെങ്കില്‍ ഒരു ഏഷണിക്കാരന്‍, കലഹപ്രിയന്‍ എന്നൊക്കെ സ്ഥിരമായിട്ടു പറഞ്ഞു പോകുന്നുണ്ട്‌. എന്തിനാ മോനെ നീ നാരദന്റെ പണിയെടുക്കുന്നത്‌ എന്നു പറയാറുണ്ട്‌. അപ്പോള്‍ ഇങ്ങനെയൊക്കെ ജനമനസ്സില്‍ നാരദര്‍ക്ക്‌ ഒരു സ്ഥാനമുണ്ട്‌. ഒപ്പം ദേവര്‍ഷി എന്നൊക്കെ ഉണ്ടെങ്കിലും ഒരു സാധാരണക്കാരന്‌ നാരദനെക്കുറിച്ച്‌ അറിയുന്നത്‌ ഇതാണ്‌. നാരദന്‍ എന്നു കേള്‍ക്കുമ്പോള്‍ ഏഷണിക്കാരന്‍. അതിനെയൊക്കെ ഈ സുത്രം മനനം ചെയ്യുന്നതിലൂടെ നമുക്ക്‌ വെളിപ്പെട്ടു കിട്ടും. അതിന്റെ പൗരാണികമായിട്ടുള്ള ഒരു കാഴ്‌ചപ്പാട്‌ ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കാം. നാരാദരെക്കുറിച്ച്‌ അറിയാന്‍ ശ്രമം നടത്തുമ്പോള്‍, ബ്രഹ്മാവിന്റെ തുടയില്‍ നിന്ന്‌ അല്ലെങ്കില്‍ മടിയില്‍ നിന്നു ജാതനായി എന്നാണ്‌. ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നു സപ്‌തര്‍ഷികളും തുടയില്‍ നിന്ന്‌ നാരദരും. പിന്നീട്‌ നാരദര്‌ ഇന്ദ്രന്റെ സദസ്സില്‍ രംഭയുടെ നൃത്തം കണ്ട്‌ ആസ്വദിച്ചു. അങ്ങനെ രംഭയില്‍ ആകൃഷ്‌ടനായി നാരദര്‌ എന്നറിഞ്ഞ ബ്രഹ്മാവ്‌ നാരദരെ ശപിച്ചു. അങ്ങനെ താഴേക്കു വന്നു. പിന്നെ താഴെയുള്ള ജന്മങ്ങളെക്കുറിച്ചു പറയുന്നു. ഇതൊക്കെ വളരെ വിസ്‌തരിച്ചു കഥപോലെ നമുക്ക്‌ പുരാണങ്ങളില്‍ കാണാം. 
രസകരമായിട്ടുളള പല സംഭവങ്ങളും പുരാണത്തില്‍ കാണുന്നു. ശ്രീകൃഷ്‌ണ ഭഗനാടൊപ്പം വിമാന യാത്ര ചെയ്യുന്ന സമയത്ത്‌ നരദര്‍ക്ക്‌ ഒരു സ്ഥലം കണ്ടപ്പോള്‍ കുറച്ചു വെള്ളം കുടിക്കണം എന്നു തോന്നി. ഈ പുരാണങ്ങളൊക്കെ വായിക്കുന്നത്‌ വളരെ രസകരമാണ്‌. ആധുനിക ശാസ്‌ത്രം ആലോചിച്ചു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും അതില്‍ ചെയ്‌തുകാണിച്ചിട്ടുണ്ട്‌. കാരണം വിമാനം തോന്നിയടുത്ത്‌ ഇറക്കുക. ഇപ്പോള്‍ അതിന്റെ ഗവേഷണങ്ങളൊക്കെ നടക്കുന്നുണ്ട്‌. എവിടെ വേണമെങ്കിലും ഇറക്കാന്‍ പറ്റുന്ന വിമാനങ്ങള്‍. അപ്പോള്‍ ഇവര്‍ക്ക്‌ അത്തരത്തിലുള്ള വിമാനമൊക്കെ സര്‍വ്വസാധാരണമായിരിക്കാം. എന്തായാലും അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കുന്നില്ല. വിമാനം ഇറക്കി വെള്ളം കുടിക്കാന്‍ പോകുമ്പോള്‍ ഭഗവാന്‍ നാരദരോടു പറഞ്ഞു. കുളി കഴിഞ്ഞതിനു ശേഷമേ വെള്ളം കുടിക്കാവൂ. നാരദര്‌ വെള്ളത്തില്‍ മുങ്ങി. പിന്നെ പൊങ്ങിയത്‌ ഒരു സ്‌ത്രീയായിട്ടായിരുന്നു. പൊങ്ങിവന്ന സമയത്ത്‌ ഭഗവാനെയും കാണാനില്ല, വിമാനവും കാണാനില്ല. അപ്പോല്‍ ഈ സ്‌ത്രീ വേഷം കിട്ടിയ നാരദര്‌, വേഷമല്ല പൂര്‍ണ്ണമായിട്ടുളള സ്‌ത്രീയായിട്ടു തീര്‍ന്നു.
(തുടരും...)

No comments:

Post a Comment