Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16 -ദൈവാസുരസമ്പദ്വിഭാഗയോഗം- ശ്ളോകം -5

ദൈവീസമ്പത്ത് മോക്ഷവും ആസുരീസമ്പത്ത് ബന്ധവും ഉണ്ടാക്കുന്നു :
---------------------------------------------------------------------------
ദൈവീസമ്പദ്വിമോക്ഷായ
നിബന്ധായാസുരി മതാ
മാ ശുചഃ സമ്പദം ദൈവീം
അഭിജാതോƒസി പാണ്ഡവ!

ദൈവീസമ്പത്ത് മോക്ഷത്തിനും ആസുരീസമ്പത്ത് ബന്ധമുണ്ടാക്കുന്നതിനും ഹേതുവത്രേ. അല്ലയോ പാണ്ഡുപുത്രാ, നീ വ്യസനിക്കേണ്ട. എന്തുകൊണ്ടെന്നാല്‍, നീ ദൈവീസമ്പത്തോടു കൂടി ജനിച്ചവനാണ്.

ഇവ രണ്ടില്‍ ആദ്യത്തേതായ ദൈവീസമ്പത്ത് മോക്ഷമാകുന്ന സൂര്യോദയത്തിന് മുമ്പുള്ള ഉഷസ്സാണെന്നറിയുക. ആസുരീസമ്പത്തായ മറ്റേത് യഥാര്‍ത്ഥത്തതില്‍ ജീവനെ ബന്ധനസ്ഥനാക്കുന്ന മോഹത്തിന്‍റെ ഇരുമ്പുചങ്ങലയാണ്. എന്നാല്‍ ഇതുകേട്ട് നീ ഒട്ടും ഭയപ്പെടേണ്ട. പകല്‍ എപ്പോഴെങ്കിലും രാത്രിയെക്കുറിച്ചു ഭയപ്പെടാറുണ്ടോ? ധനഞ്ജയ, ഈ ദുര്‍ഗ്ഗുണങ്ങള്‍ക്കു താങ്ങും തണലും നല്‍കി അവയെ പോറ്റുന്നവര്‍ മാത്രമെ ഇതിനാല്‍ ബന്ധിതരാവുകയുള്ളു. അല്ലയോ പാണ്ഡുപുത്രാ, സത്ഗുണങ്ങളു‌ടെ ഒരു ഭണ്ഡാരം തന്നെയായ നീ ദൈവവര്‍ഗ്ഗത്തിലാണ് ജനിച്ചിരിക്കുന്നത്. നീ ഈ ദൈവീസമ്പത്തിന്‍റെ നാഥനായി അവസാനം മോക്ഷത്തിന്‍റെ ആനന്ദം അനുഭവിക്കും.

ഞാനെന്ന ഭാവത്തിന്റെ മൂര്‍ത്തരൂപചിത്രമാണ് ഇത്. ഈ ഭാവത്തിന്റെ ഒന്നാമത്തെ ലക്ഷണം, തനിക്കില്ലാത്ത പ്രതിച്ഛായ ഉണ്ടെന്ന വിശ്വാസമാണ്. ഇത് ദംഭം. ഇതിന്റെ പേരിലുള്ള ഞെളിയലാണ് ദര്‍പ്പം. വിദ്യ, ധനം, കുലം, പദവി, ദേഹബലം എന്നിവയില്‍ ഏതെങ്കിലുമോ പലതും കൂടിയോ എല്ലാം ഒരുമിച്ചോ മുന്‍നിര്‍ത്തിയാവും ഇത്. അവനവനെത്തന്നെയും അവനവന് ഉള്ളതിനെയും പെരുപ്പിച്ചു കാണിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. താന്‍ തനിക്കായി നെയ്‌തെടുത്ത പ്രതിച്ഛായയില്‍ അഭിരമിച്ചു ശീലിച്ചാല്‍ അതിന്റെ ശേഷിപ്പായി കുമിഞ്ഞു കൂടുന്നത് ദുരഭിമാനം മാത്രം. ഊതി വീര്‍പ്പിച്ച ആ ബലൂണിനു നേരേ ആരെങ്കിലുമൊരു മുള്‍മുന ഉയര്‍ത്തുന്നെന്നു തോന്നിയാല്‍ കുപിതനാകുന്നത് സ്വാഭാവികം. വെറുതെയും അങ്ങനെ തോന്നിക്കൊണ്ടേ ഇരിക്കയും ചെയ്യും. അപ്പോള്‍, എന്നുമെവിടെയും പെരുമാറ്റം പരുഷമായി കലാശിക്കുന്നു.

താന്‍ ആരാണെന്നോ ഈ മഹാപ്രപഞ്ചത്തില്‍ തന്റെ സ്ഥാനവും പ്രസക്തിയും കടമയും എന്തെന്നോ ഒരു നിമിഷംപോലും ആലോചിക്കാന്‍ ഇത്തരമൊരാള്‍ക്ക് പഴുതു കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഈ വക കാര്യങ്ങളെക്കുറിച്ച് ശരിയായ അറിവ് അപ്രാപ്യമാവുന്നു

ഈ സമ്പത്തുകളില്‍ ഓരോന്നിന്റെയും ഫലശ്രുതി എന്തെന്നും ഗീതോപദേശം കേട്ടുകൊണ്ടിരിക്കുന്ന പാര്‍ഥന്റെ (നമ്മുടെയൊക്കെ) വാസനാസമ്പത്ത് ഏതിനത്തില്‍ പെടുന്നെന്നും അറിയേണ്ടേ?

No comments:

Post a Comment