ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16
-ദൈവാസുരസമ്പദ്വിഭാഗയോഗം-
ശ്ളോകം - 1
ദേഹേന്ദ്രിയപ്രാണാദികളെ തപിപ്പിക്കുന്നതാണ് തപസ്സ് :
--------------------------------------------------------------------------------------------
ശ്രീ ഭഗവാനുവാച:
അഭയം സത്ത്വസംശുദ്ധിര്‍
ജ്ഞാനയോഗവ്യവസ്ഥിതിഃ
ദാനം ദമശ്ച യജ്ഞശ്ച
സ്വാധ്യായസ്തപ ആര്‍ജ്ജവം
--------------------------------------------------------------------------------------------
ശ്രീ ഭഗവാനുവാച:
അഭയം സത്ത്വസംശുദ്ധിര്‍
ജ്ഞാനയോഗവ്യവസ്ഥിതിഃ
ദാനം ദമശ്ച യജ്ഞശ്ച
സ്വാധ്യായസ്തപ ആര്‍ജ്ജവം
നിര്ഭയത്വം, അന്തഃകരണ ശുദ്ധി, ജ്ഞാനയോഗത്തിലുള്ള
നിഷ്ഠ, ദാനം, ഇന്ദ്രിയനിയന്ത്രണം, ഈശ്വരാര്‍പ്പണമായ കര്‍മ്മാനുഷ്ഠാനം, വേദാന്തശാസ്ത്രപഠനം, തപസ്സ്, ആര്‍ജ്ജവം
ദൈവീസമ്പത്തിന്‍റെ കൂട്ടത്തില്‍ അഗ്രഗണ്യമായ സദ്ഗുണം
നിര്‍ഭയത്വമാണ്. ജലപ്രവാഹത്തിലേക്കു കുതിക്കാത്തവന്‍ മുങ്ങിച്ചാകുമെന്നു
ഭയപ്പെടേണ്ടതില്ല. വിഹിതഭക്ഷണം ഭക്ഷിക്കുകയും ആരോഗ്യക്രമത്തെ പാലിക്കുകയും
ചെയ്യുന്നവന്‍ രോഗത്തെ ഭയപ്പെടേണ്ടതില്ല. അതുപോലെ കര്‍മ്മം ചെയ്യുമ്പോഴും
ചെയ്യാത്തപ്പോഴും അഹങ്കാരലേശമില്ലാതെ, താന്‍ ചെയ്യുന്നുവെന്നു
ഭാവനയില്ലാത്തവന്‍ ആരാണോ അവന് ഈ സംസാരത്തെ അശ്ശേഷം ഭയപ്പെടേണ്ട കാര്യമില്ല.
അദ്വൈത്തിന്‍റെ ആശയം അന്തരംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അവന്‍ എല്ലാറ്റിനേയും
ഏകമായി ദര്‍ശിക്കുമ്പോള്‍ ഭയം അവനെവിട്ട് അകന്നുപോകുന്നു. ജലം ഉപ്പിനെ അലിയിക്കാന്‍
തുടങ്ങുമ്പോള്‍ ത്തന്നെ ഉപ്പ് അലിഞ്ഞ് ജലരൂപത്തിലായിത്തീരുന്നു. അതുപോലെ ഐക്യഭാവന
ഉണ്ടാകുമ്പോള്‍ ഭയം ഇല്ലാതാകുന്നു. അല്ലയോ അര്‍ജ്ജുന, ഇതാണ് അഭയത്തിന്‍റെ
സ്വഭാവം. ഇത് യഥാര്‍ത്ഥ ജ്ഞാനത്തെ വര്‍ദ്ധിപ്പിക്കുന്നു.
അടുത്തായി സത്വശുദ്ധി അഥവാ അന്തകരണശുദ്ധി
എന്നറിയപ്പെടുന്നതിന്‍റെ ലക്ഷണങ്ങള്‍ പറയാം. ഇത് കത്തുകയോ കെടുകയോ ചെയ്യാത്ത
ചാരംപോലെയാണ്. അഥവാ അമാവാസിക്കുശേഷം പ്രതിപദം തുടങ്ങുന്നതിനുമുമ്പുള്ള സോമന്‍റെ
സൂഷ്മാവസ്ത പോലെയാണ്. അല്ലെങ്കില്‍ വര്‍ഷകാലാവസാനത്തില്‍ ജലപ്പെരുപ്പം കുറയുകയും ഗ്രീഷ്മകാലം
ആരംഭിച്ചിട്ടില്ലാത്തതുകൊണ്ട് ജലം വറ്റിത്തുടങ്ങാതിരിക്കുകയും ചയ്യുന്ന
ഗംഗാനദിയുടെ സ്വാഭാവികമായ ഒഴുക്കിന്‍റെ അവസ്ഥപോലെയാണ്. അതുപോലെ സങ്കല്പങ്ങളേയും
വികല്പങ്ങളേയും ഉപേക്ഷിക്കുകയും രജസ്തമോഗുണ പ്രവര്‍ത്തനങ്ങളുടെ ഭാരം
ഇറക്കിവയ്ക്കുകയും ചെയ്തുകഴിയുമ്പോള്‍, ബുദ്ധി, ആത്മചിന്തനയില്‍ക്കൂടി
അതിന്‍റെ പ്രാക്തനസ്വഭാവത്തെ അറിയുന്നതിന് ഇഷ്ടപ്പെടുന്നു. അപ്പോള്‍
ഇഷ്ടാനിഷ്ടങ്ങളായ ഇന്ദ്രിയവിഷയങ്ങളെ ഇന്ദ്രിയസമുദായത്തിന്‍റെ മുന്നില്‍
അവതരിപ്പിച്ചാലും അത് ചിത്തത്തിന്‍റെ സ്വൈരതയെ ഭംഗപ്പെടുത്തുകയില്ല.
വിദൂരദേശത്തേക്കു പോയിരിക്കുന്ന തന്‍റെ പതിയെ ഓര്‍ത്ത് ഉല്‍കണ്ഠാഭരിതയായിരിക്കുന്ന
പതിവ്രതയായ ഒരു ഭാര്യയുടെ മനസ്സ് ഒരു കാരണവശ്ശാലും വിചലിക്കാത്തതുപോലെ, ബുദ്ധി
ആത്മജ്ഞാനത്തിനായി ഉല്‍കണ്ഠപ്പെടുകയും അതില്‍മാത്രം ശ്രദ്ധവയ്ക്കുകയും ചെയ്യുന്നു.
ആത്മസ്വരൂപ പ്രേമത്തില്‍ നിമഗ്നമായിരിക്കുന്ന ബുദ്ധിയുടെ ഈ അവസ്ഥക്കാണ് സത്വശുദ്ധി
എന്നു പറയുന്നത്.
ആത്മജ്ഞാന പ്രാപ്തിക്കായി ഒരുവന്‍ എല്ലാ ഐഹിക
ചിന്തകളേയും ഉപേക്ഷിച്ച്, തന്‍റെ
ചിത്തവൃത്തിയെ ജ്ഞാനത്തിന്‍റെയോ അഷ്ടാംഗയോഗത്തിന്‍റേയോ പാതയില്‍ക്കൂടി നയിക്കണം.
ഒരു നിഷ്കാമപുരുഷന്‍ യജ്ഞാന്ത്യത്തില്‍ അഗ്നിയിലേക്കു സമര്‍പ്പിക്കുന്ന സമസ്താര്‍പ്പണംപോലെയോ, ഉന്നതകുലജാതനായ ഒരു
പിതാവ് തന്‍റെ പുത്രിയെ കുലശ്രേഷ്ഠതയുള്ള ഒരുവനു വിവാഹം കഴിച്ചുകൊടുത്ത് മനസമാധാനം
അടയുന്നതുപോലെയോ, ലക്ഷ്മീഭഗവതി
മഹാവിഷ്ണുവില്‍മാത്രം ആമഗ്നയായിരിക്കുന്നതുപോലെയോ, അന്നയഭാവത്തോടെ
സന്ദേഹങ്ങളെല്ലാം ഉപേക്ഷിച്ചിട്ടുവേണം ഒരുവന്‍ അഷ്ടാംഗയോഗത്തിലോ ജ്ഞാനത്തിലോ
മുഴുകേണ്ടത്. ഇപ്രകാരം ജ്ഞാനയോഗത്തിലുള്ള നിഷ്ഠയാണ് മൂന്നമത്തെ ദൈവീസമ്പത്ത്.
കഷ്ടപ്പെടുന്ന ഒരുവനെ ഒരിക്കലും ഉപേക്ഷിക്കാതെ, അവന്‍ ശത്രുവാണെങ്കില്‍
പോലും മനോവാക‍്കായങ്ങളാല്‍ അവനു തന്നാലാവുന്ന എല്ലാ സഹായങ്ങളും നല്കുന്നതാണ് ദാനം.
വഴിയരുകില്‍ നില്‍ക്കുന്ന ഒരു വൃക്ഷം അതിലേ യാത്ര ചെയ്യുന്ന ഒരു പഥികന് തന്‍റെ
ഇലയും പൂവും കായും തണലും തടിയും വേരും എല്ലാം ഹൃദയംഗമമായി നല്കുന്നില്ലേ? അതുപോലെ സന്ദര്‍ഭാനുസാരമായി
തന്‍റെ പ്രാപ്തിക്കനുസരിച്ച് ധാന്യമോ പണമോ നല്കി ക്ഷീണിതനായ അതിഥിയെ
തൃപ്തിപ്പെടുത്തണം. ഇതാണ് യഥാര്‍ത്ഥ ദാനം. ഇപ്രകാരമുള്ള ദാനം ഒളിഞ്ഞുകിടക്കുന്ന
മോക്ഷധനത്തെ കണ്ടുപിടിക്കുന്നതിന് ഒരുവനെ സഹായിക്കുന്ന അഞ്ജനമാണ്.
ഇനിയും ദമത്തെപ്പറ്റിപറയാം. ദമം ഇന്ദ്രിയനിയന്ത്രണമാണ്.
ഈ ഗുണം ഇന്ദ്രിയങ്ങളെ അതിന്‍റെ വിഷയങ്ങളുമായി ഒത്തുചേരുന്നതിന് തടസ്സമായി നില്‍ക്കുന്നു.
ഒരു യോദ്ധാവ് തന്റെ ശത്രുക്കളെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തുന്നതുപോലെ, ഒരു യോഗി
ഇന്ദ്രിയങ്ങളെയെല്ലാം തടുത്തുകൂട്ടി ബന്ധിച്ച് പ്രത്യാഹാരത്തിന് ഏല്പിക്കുന്നു.
തന്മൂലം ഇന്ദ്രിയവിഷയങ്ങളുടെ കൊടുങ്കാറ്റിന് ഇന്ദ്രിയങ്ങളുടെ മേല്‍ ആഞ്ഞടിക്കാന്‍
കഴിയാതെ പോകുന്നു. കൂടാതെ യോഗി തന്‍റെ പത്ത് ഇന്ദ്രിയങ്ങളുടെ വാതില്‍ക്കലും
വൈരാഗ്യാഗ്നികൊളുത്തുമ്പോള്‍ മനസ്സിന്‍റെ ചഞ്ചലപ്രവൃത്തികള്‍ ഓടിയൊളിക്കുന്നു. ഈ
യോഗി പ്രാണങ്ങളെ അടക്കുന്നതിനേക്കാള്‍ കഠിനതരങ്ങളായ ആചരണങ്ങള്‍ അഹോരാത്രം
വിശ്രാന്തി കൂടാതെ പാലിക്കുന്നുണ്ടെങ്കിലും അയാള്‍ അതുകൊണ്ടും തൃപ്തനല്ല. ദമം അഥവാ
ഇന്ദ്രിയ നിഗ്രഹണം എന്നതിന്‍റെ ലക്ഷണം ഇപ്രകാരമാണ്.
ഇനിയും യജ്ഞത്തെപ്പറ്റി ചുരുക്കത്തില്‍ പറയാം. എറ്റവും
ഉയര്‍ന്ന അവസ്ഥയില്‍ലുള്ള ബ്രാഹ്മണര്‍ മുതല്‍ താഴേക്കിടയിലുള്ള ശൂദ്രരും
സ്ത്രീകളും വരെയുള്ള എല്ലാവരും അവരവരുടെ വര്‍ണ്ണാശ്രമ ധര്‍മ്മ മനുസരിച്ചുള്ള കര്‍മ്മങ്ങള്‍
ശാസ്ത്രവിധിപ്രകാരം ചെയ്യണം. വേദങ്ങള്‍ അനുശാസിച്ചിട്ടുളള ആറു കര്‍മ്മങ്ങളും
ബ്രാഹ്മണര്‍ ചെയ്യണം. ശൂദ്രര്‍ ബ്രാഹ്മണരെ നമസ്കരിക്കണം. ഇവര്‍ തങ്ങളുടെ വിഹിതകര്‍മ്മങ്ങള്‍
ചെയ്യുന്നതുകൊണ്ട് ഇരുവര്‍ക്കും യജ്ഞംചെയ്തതിന്‍റെ പുണ്യം ലഭിക്കും. ഇതുപോലെ
ഓരോരരുത്തരും അവരവരുടെ നിശ്ചിതകര്‍മ്മങ്ങള്‍ ഫലാസക്തി കൂടാതെ ചെയ്യണം.
വേദവിധാനപ്രകാരം യജ്ഞങ്ങള്‍ ചെയ്യുന്നത് പുണ്യമാണ്. എന്നാല്‍ താന്‍ കര്‍ത്താവാണെന്നുള്ള
ഭാവം ഒരിക്കലും മനസ്സില്‍ ഉണ്ടാവരുത്. അല്ലയോ അര്‍ജ്ജുന, ശാസ്ത്രസിദ്ധാന്തങ്ങളനുസരിച്ചുള്ള
യജ്ഞം ഇതാണ്. ഇത് മോഷത്തിലേക്കു നയിക്കുന്ന പാതയില്‍ എല്ലാം അറിയാവുന്ന മാര്‍ഗ്ഗദര്‍ശ്ശിയായി
പ്രവര്‍ത്തിക്കുന്നു.
പന്ത് തറയിലേക്ക് എറിയുന്നത് അതു പൊങ്ങിവരുമ്പോള്‍
കൈയ്യില്‍ പിടിക്കുന്നതിനുവേണ്ടിയാണ്; അല്ലാതെ തറയെ
ക്ഷതപ്പെടുത്താനല്ല. വിളവില്‍ കണ്ണുവച്ചുകൊണ്ടാണ് കര്‍ഷകന്‍ വിത്തുവിതയ്ക്കുന്നത്.
കൈയ്യില്‍ വിളക്കെടുക്കുന്നത് അന്ധകാരത്തിലകപ്പെട്ട വസ്തു കണ്ടെടുക്കാനാണ്.
വൃഷത്തിന്‍റെ ചുവട്ടില്‍ വെള്ളം ഒഴിക്കുന്നത് കൊമ്പുകളില്‍ പഴങ്ങള്‍ ഉണ്ടാകാന്‍
വേണ്ടിയാണ്. മുഖക്കണ്ണാടി വീണ്ടും വീണ്ടും വൃത്തിയാക്കുന്നത് മുഖം വ്യക്തമായി
അതില്‍ കാണുന്നതിനുവേണ്ടിയാണ്. അതുപോലെ വേദങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന
ഈശ്വരന്‍റെ യഥാര്‍ത്ഥസ്വഭാവം അറിയുന്നതിനായി ഒരുവന്‍ നിരന്തരമായി ശ്രുതികള്‍
പഠിക്കണം. ബ്രാഹ്മണന്‍ ബ്രഹ്മസൂത്രം അഭ്യസിക്കുകയും മറ്റുള്ളവര്‍ സ്തോത്രങ്ങള്‍ ചൊല്ലുകയും
ഈശ്വരനാമങ്ങള്‍ ഉരുവിടുകയും ചെയ്യണം. ഇതാണ് സ്വാദ്ധ്യയം.
ഇനിയും തപശ്ചര്യയുടെ അര്‍ത്ഥം എന്താണെന്നു പറയാം. കുല
ഉല്പാദിപ്പിച്ചശേഷം വാഴ ഉണങ്ങിപ്പോകുന്നു. അതിന്‍റെ കനിയെപ്പറ്റി അതിനു
യാതൊരാഗ്രഹവുമില്ല. മറ്റുള്ളവര്‍ക്കു സുഗന്ധം നല്കുന്നതിനായി സാമ്പ്രാണി സ്വയം
എരിയുന്നു. സ്വര്‍ണ്ണം ശുദ്ധിചെയ്യുന്നതിനുവേണ്ടി ഉരുക്കുമ്പോള്‍ അതിന്‍റെ ഇട
കുറയുന്നു. ഔഷധച്ചെടികളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി കൃഷ്ണപക്ഷത്തില്‍ ചന്ദ്രന്
തേദഃക്ഷയം സംഭവിക്കുന്നു. ഇപ്രകാരം ബ്രഹ്മപ്രാപ്തിക്കുവേണ്ടി
ദേഹേന്ദ്രിയപ്രാണാദികളെ തപിപ്പിക്കുന്നതാണ് തപസ്സ്. മറ്റുവിധത്തിലുമുള്ള
തപസ്സുകളുമുണ്ട് അരയന്നം, പാലും
വെള്ളവും ചേര്‍ന്ന മിശ്രിത്തില്‍നിന്ന് അവയെ വേര്‍തിരിച്ചെടുക്കുന്നതുപോലെ
ആത്മാവിനേയും അനാത്മാവിനേയും വേര്‍തിരിക്കുന്നതിനുള്ള കഴിവ് ഒരുവനുണ്ടായിരിക്കണം.
അനാത്മപദാര്‍ത്ഥങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സിന് ഏകാഗ്രത സാധ്യമല്ല. എന്നാല്‍
ആത്മവിചാരം ബുദ്ധിയാല്‍ ഉദിക്കുമ്പോള്‍ മനസ്സ് വിഷയവസ്തുക്കളില്‍ നിന്നു
പിന്തിരിഞ്ഞ് ഏകാഗ്രമായി അന്തര്‍മുഖമാകുന്നു. ശരീരത്തില്‍നിന്ന് ആത്മാവിനെ
വേറിട്ടു നിര്‍ത്താനുള്ള നിരന്തര ധ്യാനവും തപസ്സു തന്നെയാണ്.
ആര്‍ജ്ജവം കപടമില്ലായ്മയാണ്.
ശിശുക്കള്‍ക്ക് അമ്മയുടെ മുലപ്പാല്‍ അത്യന്താപേക്ഷിതമായിരിക്കുന്നതുപോലെ, അഥവാ ചൈതന്യം എല്ലാ
ജീവജാലങ്ങളിലും കുടികൊള്ളുന്നതുപോലെ, എല്ലാ ജീവജാലങ്ങളോടും
വിനയത്തോടെ പെരുമാറുന്നതാണ് ആര്‍ജ്ജവം.
തുടരും...
തുടരും...
No comments:
Post a Comment