ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-15-പുരുഷോത്തമയോഗം-ശ്ളോകം-16
ക്ഷരപുരുഷന്‍ , ഉപാധിയോടുകൂടിയ
ചൈതന്യസ്വരൂപം:
-------------------------------------------------------------------------------------
ദ്വാവിമൗ പരുഷൗ ലോകേ
ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സര്‍വ്വാണി ഭൂതാനി
കൂടസ്ഥോƒക്ഷര ഉച്യതേ.
-------------------------------------------------------------------------------------
ദ്വാവിമൗ പരുഷൗ ലോകേ
ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സര്‍വ്വാണി ഭൂതാനി
കൂടസ്ഥോƒക്ഷര ഉച്യതേ.
ലോകത്തില്‍ ‘ക്ഷര’മെന്നും ‘അക്ഷര’മെന്നും രണ്ടു
പുരുഷന്മാരാണുള്ളത്. ബ്രഹ്മാദി സ്ഥാവരാന്തമുള്ള സകലജീവന്മാരുമാണ് ക്ഷരപുരുഷന്‍.
ജീവ പ്രതിബിംബത്തെ ഉളവാക്കിക്കൊണ്ട് ദേഹത്തിലൊതുങ്ങുന്ന ശുദ്ധ ബ്രഹ്മാംശമാണ്
അക്ഷരപുരുഷന്‍ എന്നു പറയുന്നത്.
ഭഗവാന്‍ അരുള്‍ ചെയ്തു: അല്ലയോ സവ്യസാചിന്‍!
സംസാരമാകുന്ന ഈ നഗരത്തിലെ ജനസംഖ്യ വളരെ കുറവാണ്. ആകെയുള്ളത് രണ്ടുപുരുഷന്മാര്‍
മാത്രം. ആകാശത്തില്‍ ഇരുട്ടും വെളിച്ചവും അധിവസിക്കുന്നതുപോലെ ഈ രണ്ടുപുരുഷന്മാരും
സംസാരരാജധാനിയില്‍ ഒരുമിച്ചു ജീവിക്കുന്നു. മൂന്നാമത് ഒരു പുരുഷന്‍ കൂടിയുണ്ട്.
അവന്‍ ഈ രണ്ടു പുരുഷന്മാരെയും സഹിക്കുന്നവനല്ല. അവരുടെ പേരുപോലും കേള്‍ക്കാന്‍
ഇഷ്ടപ്പെടാത്തവനാണ്. അവന്‍ വരുമ്പോള്‍ ഈ രണ്ടുപുരുഷന്മാരും പ്രപഞ്ചത്തിനോടൊപ്പം
അവന്‍ വിഴുങ്ങിക്കളയുന്നു.
ഒരുവന് അജ്ഞാനംകൊണ്ട് അന്ധനും ഉന്മത്തനും പംഗുപാദനുമാണ്.
മറ്റവന്‍ സര്‍വ്വാംഗങ്ങളും പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയവനാണ്. ഒരേ നഗരത്തില്‍
ജീവിക്കുന്നവരെന്ന നിലയില്‍ അവര്‍ ഉറ്റ സുഹൃത്തുക്കളാണ്. ഒരുവന്‍റെ പേര്‍
ക്ഷരമെന്നും മറ്റവന്‍റെ പേര്‍ അക്ഷരമെന്നും ആകുന്നു. അവര്‍ ഇരുവരും ചേര്‍ന്ന്
സംസാരനഗരിത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതില്‍ ക്ഷരം ഏതാണെന്നും അക്ഷരത്തിന്‍റെ
സ്വഭാവം ഏതാണെന്നും ഞാന്‍ വിശദമാക്കാം.
മഹദാദി തത്വങ്ങള്‍മുതല്‍ പുല്‍ക്കൊടിവരെയുള്ള എല്ലാ
വലുതും ചെറുതുമായ കാര്യവര്‍ഗ്ഗവും, ചരവും അചരവുമായതും, മനസ്സും
ബുദ്ധിയുംകൊണ്ട് ഗ്രഹിക്കാന്‍ കഴിയുന്നതും, പഞ്ചാമഹാഭൂതങ്ങളില്‍
നിന്നുടലെടുക്കുന്നതും, നാമരൂപാദികള്‍
കൈകൊള്ളുന്നതും, ത്രിഗുണങ്ങളുടെ
കമ്മട്ടത്തില്‍നിന്ന് പുറത്തിറങ്ങുന്നതും, ജീവജാലങ്ങളാകുന്ന
നാണയങ്ങളുടെ നിര്‍മ്മിതിക്ക് ആവശ്യമായലോഹമായിട്ടുള്ളതും, കാലം ചൂതാട്ടം
നടത്തുന്ന ദ്രവ്യമായിട്ടുള്ളതും, വിപരീതജ്ഞാനംകൊണ്ട്
അറിയപ്പെടുന്നതും, നിമിഷനേരംകൊണ്ട്
സൃഷ്ടിയും ലയവും നടക്കുന്നതും, ഭ്രാന്തിവനമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന
പ്രകൃതിയുടെ സമ്പൂര്‍ണ്ണഘടനയും - ചുരുക്കിപ്പറഞ്ഞാല്‍, യഥാര്‍ത്ഥത്തില്‍
ഇതിനെ മുഴുവനും ജഗത്ത് എന്ന് അറിയപ്പെടുന്നു.
ഈ ജഗത്തിലുള്ള എല്ലാ ആകാരങ്ങളിലും ശുദ്ധ ചൈതന്യസ്വരൂപനായ
ആത്മാവ് പ്രവേശിച്ച് ഇതാണ് തന്‍റെ ശരീരമെന്ന് വിഭാവനം ചെയ്യുന്നു. സാകാരജഗത്താണ്
തന്‍റെ വാസഗേഹമെന്ന് ഭാവിച്ചുകൊണ്ട് ചൈതന്യം ദേഹവുമായി താദാത്മ്യം പ്രാപിക്കുന്നു.
കിണറ്റില്‍ കാണുന്ന പ്രതിച്ഛായ തന്‍റേതാണെന്നു തെറ്റിദ്ധരിച്ച് കിണറ്റിലേക്കു
കോപത്തോടെ എടുത്തുചാടുന്ന സിംഹത്തെപ്പോലേയോ, ജലത്തില്‍ കാണുന്ന
ആകാശത്തിന്‍റെ പ്രതിബിംബം ആകാശമാണെന്നു തെറ്റിദ്ധരിക്കുന്നതുപോലെയോ, ചൈതന്യവും യഥാര്‍ത്ഥത്തില്‍
അദ്വൈതസ്വഭാവമുള്ളതാണെങ്കിലും ദ്വൈതത്തിന്‍റെ സ്വഭാവം പ്രകടിപ്പിക്കുന്നു. ഇതിന്‍റെ
വെളിച്ചത്തില്‍ വിവിധ രൂപങ്ങളോടുകൂടിയ പ്രപഞ്ചമാകുന്ന ഈ നഗരമാണ് തന്‍റെ
വാസഗേഹമെന്ന് നിരൂപിക്കുന്ന ചേതനനായ ആത്മാവ് തന്‍റെ മൂലസ്വഭാവത്തെ വിസ്മരിച്ചിട്ട്
അവിടെ സ്വരൂപ വിസ്മൃതിയാകുന്ന സുഷുപ്തിയിലമരുന്നു.
ഒരുവന്‍ ഉറക്കത്തില്‍ ഒരു ശയ്യാതലം സ്വപ്നംകണ്ടിട്ട് അതില്‍ കിടന്നുറങ്ങുന്നതുപോലെയാണ് ആത്മാവ് ഈ സംസാരനഗരത്തെ ഒരു ശയ്യാതലമായി സങ്കല്പിച്ചുകൊണ്ട് അതില്‍ കിടന്നുറങ്ങുന്നത്. ഈ ഘനസുഷുപ്തിയില്‍ അവന്‍ കൂര്‍ക്കം വലിച്ചുകൊണ്ട് വിളിച്ചുപറയുന്നു. ഞാന്‍ സുഖി, ഞാന്‍ ദുഃഖി. ചിലപ്പോള്‍ ഹായ് ഹായ് എന്നു പറഞ്ഞുകൊണ്ട് കരയുന്ന അവന്‍ പറയും: ഇതെന്‍റെ അച്ഛനാണ്. ഇതെന്‍റെ മകനാണ്. ഇതെന്‍റെ ഭാര്യയാണ്. ഞാന്‍ സുന്ദരനാണ്, പരിപൂര്‍ണ്ണനാണ്. ഈ സ്വത്തുക്കളെല്ലാം എന്‍റേതാണ്.
ഒരുവന് ഉറക്കത്തില്‍ ഒരു ശയ്യാതലം സ്വപ്നംകണ്ടിട്ട് അതില്‍ കിടന്നുറങ്ങുന്നതുപോലെയാണ് ആത്മാവ് ഈ സംസാരനഗരത്തെ ഒരു ശയ്യാതലമായി സങ്കല്പിച്ചുകൊണ്ട് അതില്‍ കിടന്നുറങ്ങുന്നത്. ഈ ഘനസുഷുപ്തിയില്‍ അവന്‍ കൂര്‍ക്കം വലിച്ചുകൊണ്ട് വിളിച്ചുപറയുന്നു. ഞാന്‍ സുഖി, ഞാന്‍ ദുഃഖി. ചിലപ്പോള്‍ ഹായ് ഹായ് എന്നു പറഞ്ഞുകൊണ്ട് കരയുന്ന അവന്‍ പറയും: ഇതെന്‍റെ അച്ഛനാണ്. ഇതെന്‍റെ മകനാണ്. ഇതെന്‍റെ ഭാര്യയാണ്. ഞാന്‍ സുന്ദരനാണ്, പരിപൂര്‍ണ്ണനാണ്. ഈ സ്വത്തുക്കളെല്ലാം എന്‍റേതാണ്.
ആത്മാവ് അതിന്‍റെ വിഭ്രാന്തി കൊണ്ടാണ് ഇങ്ങനെയൊക്കെ
ചെയ്യുന്നത്. ഇപ്രകാരമുള്ള ഉദീകരണത്തോടെ സംസാരസ്വര്‍ഗ്ഗവനങ്ങളില്‍ അവന്‍
അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഇപ്രകാരമുള്ള ഉപാധിയോടുകൂടിയ ചൈതന്യസ്വരൂപത്തിനെയാണ്
ക്ഷരപുരുഷന്‍ എന്നു വിളിക്കുന്നത്. ക്ഷേത്രജ്ഞന്‍ എന്നറിയപ്പെടുന്നവന്‍ തന്‍റെ
സ്ഥായിയായ സ്വഭാവം വിസ്മരിച്ച് ജിവാത്മാവിന്‍റെ അവസ്ഥയിലിരുന്നുകൊണ്ട്
മറ്റുള്ളവയെപ്പോലൊക്കെ പെരുമാറുമ്പോള്‍ അവനും ക്ഷരപുരുഷന്‍ എന്നറിയപ്പെടുന്നു.
രണ്ടു കാരണങ്ങള്‍കൊണ്ടാണ് അവനെ ക്ഷരപുരുഷന്‍ എന്നു
വിളിക്കുന്നത്. ഒന്നാമതായി ആത്മസ്വരൂപം യഥാര്‍ത്ഥത്തില്‍ പരിപൂര്‍ണ്ണമാണ്. ആകയാല്‍
അവനില്‍ പരമാത്മാവ് - പുരുഷത്വം, കുടികൊള്ളുന്നു.
അതുകൊണ്ട് അവനെ പുരുഷന്‍ എന്നു വിളിക്കുന്നു. രണ്ടാമതായി ശരീരമാകുന്ന പുരത്തിലാണ്
അവന്‍ ഉറങ്ങുന്നത്. അതുകൊണ്ടും അവനെ പുരുഷന്‍ എന്നുവിളിക്കുന്നു. അവന്‍
ഉപാധികളുമായി സംബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അവന്‍ ക്ഷരമാണ്. അവന്‍ ഈ ഉപാധികളെ
അംഗീകരിക്കുന്നുവെന്നു മാത്രമല്ല അവയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു.
തന്മൂലം വിവിധ സ്വഭാവങ്ങളുള്ള ഉപാധികളെപ്പോലെ അവന്‍ അസ്ഥിരനും നശ്വരനും ക്ഷരനും
ആണെന്നുള്ള ആരോപണം തെറ്റായി അവനില്‍ ഉന്നയിക്കുന്നു. ഇതു ജലത്തില്‍ കാണുന്ന
ചന്ദ്രന്‍റെ പ്രതിബിംബം ഓളം കൊണ്ട് മുറിഞ്ഞുകാണുന്നതുപോലെയാണ്.
ജലം വറ്റുമ്പോള്‍ ചന്ദ്രന്‍റെ പ്രതിബിംബം അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അപ്പോഴും
ചന്ദ്രബിംബം ഒന്നും ഏശാതെ വാനില്‍ തെളിഞ്ഞുനില്ക്കുന്നു. അതുപോലെ ഉപാധികള്‍
നശിക്കുമ്പോള്‍ ശുദ്ധചൈതന്യം അതിന്‍റെ പ്രാക്തനസ്വഭാവത്തോടെ സ്ഥിതിചെയ്യുന്നു.
അസ്ഥിരമായ ഉപാധികളോടുള്ല സംഗം കൊണ്ടാണ് അതിനു ക്ഷരം എന്നുള്ള പേരു ലഭിച്ചത്.
ഇപ്രകാരം ശരീരബദ്ധമായ ചൈതന്യത്തിന്‍റെ സമഷ്ടി ക്ഷരപുരുഷന്‍ എന്നറിയപ്പെടുന്നു.
ഇനിയും അക്ഷരത്തെപ്പറ്റി നിനക്കു വിശദമാക്കിത്തരാം.
അക്ഷരപുരുഷന്‍ എന്നറിയപ്പെടുന്ന മറ്റെ പുരുഷന്‍, മഹാമേരുപര്‍വ്വതം
മറ്റ് പര്‍വ്വതങ്ങളുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതുപോലെയാണ്. പ്രപഞ്ചത്തിന്‍റെ
വിവിധവിഭാഗങ്ങളായ ഭൂമി, പാതാളം, സ്വര്‍ഗ്ഗം
എന്നിവയുമായി ബന്ധപ്പെടാതെ ഉദാസീനമായി ഒരേ നിലയ്ക്കുനില്‍ക്കുന്ന ഈ പര്‍വ്വതം പോലെ, അക്ഷരപുരുഷന്‍ യഥാര്‍ത്ഥജ്ഞാനത്തിന്‍റേയും
വിപരീതജ്ഞാനത്തിന്‍റേയും മദ്ധ്യത്തില്‍ നില്‍ക്കുന്നുവെങ്കിലും അവയുമായി ഒരു
ബന്ധവും പുലര്‍ത്തുന്നില്ല. യഥാര്‍ത്ഥജ്ഞാനം കൊണ്ട് ബ്രഹ്മാവുമായുള്ള ഐക്യാവസ്ഥയോ, വിപരീതജ്ഞാനംകൊണ്ട്
ദ്വൈതാവസ്ഥയോ അവന് ഉണ്ടാകുന്നില്ല. ഇവ രണ്ടിന്‍റേയും മദ്ധ്യത്തിലുള്ള അറിവിന്‍റെ
അഭാവവസ്ഥയാണ് അവ ഉള്ളിന്‍റെ യഥാര്‍ത്ഥ സ്വഭാവം. കളിമണ്ണ് കുഴച്ച് ഒരു
പിണ്ഡമാക്കിക്കഴിയുമ്പോള്‍ അതു ഭൂമിയല്ലാതായിത്തീരുന്നു. എന്നാല്‍ അതു കുടത്തിന്‍റെയോ
കലത്തിന്‍റെയോ രൂപം പ്രാപിച്ചിട്ടുമില്ല. ഈ മണ്‍പിണ്ഡംപോലെ അക്ഷരപുരുഷന്‍
മദ്ധ്യാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. അല്ലയോ പാര്‍ത്ഥ, വരള്‍ച്ചകൊണ്ട് ജലമോ
തിരമാലകളോ ഇല്ലാതെ രൂപഭാവരഹിതമായിരിക്കുന്ന സാഗരം പോലെയാണ് ഈ മദ്ധ്യമപുരുഷന്‍റെ
അവസ്ഥ. അത് ജാഗ്രത്തിന്‍റെയും സ്വപ്നത്തിന്‍റെയും മദ്ധ്യത്തിലുള്ള
തന്ദ്രിയാവസ്ഥപോലെയാണ്. സമ്പൂര്‍ണ്ണവിശ്വാഭാസം അപ്രത്യക്ഷമാവുകയും ആത്മബോധപ്രകാരം
ഉദയം ചെയ്യാതിരിക്കുകയും ചെയ്യുന്ന അജ്ഞാനാവസ്ഥയെയാണ് അക്ഷരപുരുഷന്‍ എന്നു
വിളിക്കുന്നത്. ഈ അവസ്ഥയില്‍ കലാശൂന്യമായ ചന്ദ്രന്‍റെ അമാവാസിദിനംപോലെ അറിവിന്‍റെ
അഭാവം പൂര്‍ണ്ണമായിരിക്കും.
ജാഗ്രതയും സ്വപ്നവും ബീജഫലഭാവാവസ്ഥയെന്ന്
അറിയപ്പെടുന്നു. വേദാന്തശാസ്തത്തില്‍ ബീജഭാവമെന്ന് അറിയപ്പെടുന്നതാണ് അക്ഷരപുരുഷന്‍റെ
വാസഗേഹം. ഇത് വിപരീതജ്ഞാനത്തെ ഉളവാക്കുകയും അത് ജാഗ്രത് സ്വപ്നാവസ്ഥകള്‍ക്ക് ഉത്തരവാദിയായി
ത്തീരുകയും അവയില്‍നിന്ന് അനേക ബുദ്ധിതരംഗങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്യുന്നു.
അല്ലയോ അര്‍ജ്ജുനാ, ആ
അവസ്ഥയില്‍ ജീവധര്‍മ്മവും അനന്തവിശ്വവും സൃഷ്ടിക്കപ്പെടുകയും ഈ സൃഷ്ടികള്‍
പ്രളയകാലത്ത് ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ചേതനയുടെ ഈ അവസ്ഥയ്ക്കാണ് അക്ഷരപുരുഷന്‍
എന്നു പറയുന്നത്.
ചുരുക്കിപറഞ്ഞാല്‍
കീഴോട്ടു വളരുന്ന ശിഖരങ്ങളോടുകൂടിയ സംസാരവൃക്ഷത്തിന്‍റെ മൂലകാരണം അക്ഷരപുരുഷനാണ്.
ഇപ്രകാരം നിഷ്ണാതമായ ഒന്നിനെ എന്തുകൊണ്ടാണ് പുരുഷന്‍ എന്നുവിളിക്കുന്നത്? അവന്‍ മായാനഗരത്തില്‍
ഉറങ്ങുന്നതുകൊണ്ട് ആ ഉറക്കത്തിന്‍റെ സ്ഥിതി വിപരീതജ്ഞാനത്തിന്‍റെ ചുഴികളാകുന്ന
വികാരങ്ങള്‍ക്ക് പ്രതികൂലമാണ്. ഈ സ്ഥിതി സ്വയം മാറുകയില്ല; ജ്ഞാനംകൊണ്ടല്ലാതെ
ഇതിനെ ഇല്ലാതാക്കാനും സാധ്യമാല്ല. ഇക്കാരണത്തില്‍ വേദാന്തസിദ്ധാന്തത്തില്‍ ഇത്
അക്ഷരപുരുക്ഷന്‍ എന്നറിയപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മായയയുമായുള്ള സംബന്ധംകൊണ്ട്
ജീവജാലങ്ങളുടെ സൃഷ്ടിക്ക് കാരണഭൂതനായി ത്തീരുന്ന അക്ഷരപുരുഷന്‍ ചൈതന്യമല്ലാതെ
മറ്റൊന്നല്ല.
തുടരും...
തുടരും...
No comments:
Post a Comment