Thursday, 11 December 2014

നാരദഭക്തിസൂത്രം Day 38 മുപ്പത്തിഎട്ടാം ദിവസം

നാരദഭക്തിസൂത്രം Day 38 മുപ്പത്തിഎട്ടാം ദിവസം
31. "രാജഗൃഹഭോജനാദിഷു തഥൈവ ദൃഷ്‌ടത്വാത്‌"
രാജാവ്‌, ഗൃഹം, ഭോജനം എന്നീ ഉദാഹരണങ്ങളില്‍ കൂടി ദൃഷ്‌ടാന്തമായി കാണിച്ചു തരുന്നതിനാല്‍.
രാജഗൃഹ ഭോജനാദികളില്‍ തഥാ ഏവ - അങ്ങനെ തന്നെ. ദൃഷ്‌ടത്വാത്‌ - കാണുന്നതുകൊണ്ട്‌. നേരത്തേ സ്വയം ഫലരൂപതേതി എന്നു പറഞ്ഞിട്ടുണ്ടല്ലോ. 
ഇവിടെ എന്താ ഇങ്ങനെയൊരു ഉദാഹരണം പറഞ്ഞത്‌ ?
ഭരണം ഉള്ള സമയം രാജാവ്‌ ഏറ്റവും പ്രധാനപ്പെട്ട ആളാണ്‌. 
സാധാരണ ജനങ്ങളെ സംബന്ധിച്ച്‌ വ്യാവഹാരതലത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ആളാണ്‌ രാജാവ്‌. 
രാജാവും ഞാനും തമ്മില്‍ ഒരു പ്രത്യേക ബന്ധത്തെ സ്ഥാപിക്കേണ്ടതുണ്ട്‌. 
ഒന്നുകില്‍ ഞാന്‍ രാജാവിന്‌ പ്രിയപ്പെട്ടവനായിരിക്കണം. 
പ്രിയ്‌പെട്ടവനാകാന്‍ വേണ്ടി എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഉണ്ടായിരിക്കണം. 
പണ്ട്‌ കാലത്ത്‌ രാജാക്കന്മാര്‌ നല്ല പ്രജകളെ തിരിച്ചറിഞ്ഞിരുന്നു. 
ഉദാഹരണം; നമ്മുടെ ഗതാഗത വകുപ്പ്‌ മന്ത്രി ഓരോ ഡ്രൈവറെക്കുറിച്ചും ഓരോ കണ്ടക്‌ടറെക്കുറിച്ചും അറിഞ്ഞിരിക്കുക എന്നുള്ള സ്ഥിതിവിശേഷം വരുന്നതിനെക്കുറിച്ച്‌ ആലോചിച്ചു നോക്കൂ.
ഇതവര്‍ക്കു തന്നെ അറിയില്ല. 
ആരാണ്‌ ?എന്താണ്‌ ?
ഇത്‌ കുറ്റമായിട്ടു പറയുകയല്ല. 
രാജാവിന്‌ പ്രിയമുള്ളവനായി തീരണമെങ്കില്‍ എന്തുവേണം. 
രാജാവിന്റെ പ്രീതി പിടിച്ചു പറ്റാനായിട്ട്‌ നിന്റെ ഗൃഹകാര്യങ്ങളിലും അതുപോലെ നീ ഒരു നല്ലവനായിട്ടും ഇരിക്കണം. 
അങ്ങനെയിരുന്നാല്‍ രാജാവ്‌ തന്നെ പ്രശംസിക്കും. 
ഇടയ്‌ക്കു നല്ല മാലയോ വളയോ ഒക്കെ തരും. 
രാജാവിന്റെ മുദ്രയുള്ള സാധനങ്ങള്‍ അന്ന്‌ വലിയ കാര്യമാണ്‌. ഈ രാഷ്‌ട്രപതിയൊക്കെ കൊടുക്കുന്ന അവാര്‍ഡൊക്കെ ഇതില്‍ നിന്നൊക്കെ വന്നതാണ്‌. 
അതിനെന്തുവേണം ?
എന്തെങ്കിലും ചെയ്യണം.
അതുപോലെ ഗൃഹം എന്നു പറയുമ്പോള്‍ അതിന്‌ വേണ്ടി പ്രയത്‌നിക്കണം. 
ഭോജനത്തിനും അതുപോലെ പ്രയത്‌നം ആവശ്യമാണ്‌. 
വിശക്കുന്നവര്‍ക്കു ഭക്ഷണം എന്നു പറഞ്ഞതുകൊണ്ടു കാര്യമുണ്ടോ.?
എനിക്കറിയാം ബിരിയാണി ഉണ്ടാക്കാന്‍ എന്നിട്ടെന്താ കാര്യം.?
വിശന്നിരിക്കുമ്പോള്‍ ഒരുവന്‍ മറ്റൊരുവനോട്‌ പറയുകയാ എനിക്ക്‌ നന്നായിട്ട്‌ പാചകം ചെയ്യാനറിയാം. 
ഇവിടെയൊക്കെ പ്രയത്‌നം ആവശ്യമാണ്‌.
32. "ന തേന രാജാ പരിതോഷഃ ക്ഷുച്ഛാന്തിര്‍വാ"
വെറും ജ്‌ഞാനം കൊണ്ടു മാത്രം രാജപ്രീതിയാകട്ടെ, വിശപ്പിന്റെ ശമനമാകട്ടെ ഉണ്ടാകുന്നില്ല.
തേന - അതുകൊണ്ട്‌, ഒരറിവുകൊണ്ടു മാത്രം. രാജപരിതോഷഃ രാജാവിന്റെ പ്രീതി അല്ലെങ്കില്‍ ക്ഷുത്‌ ശമനം വിശപ്പിന്റെ ശമനം സംഭവിക്കുമോ അതുകൊണ്ട്‌ ഭക്തി എന്ന വിഷയത്തിലും നമ്മുടെ പ്രവര്‍ത്തി ആവശ്യമാണ്‌. എന്നിട്ട്‌ നാം അത്‌ നേടിയെടുക്കണം.
(തുടരും...)

No comments:

Post a Comment