Saturday, 6 December 2014

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 6

ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 6
യഥാകാശസ്ഥിതോ നിത്യം
വായുഃ സര്‍വ്വത്രഗോ മഹാന്‍
തഥാ സര്‍വ്വാണി ഭൂതാനി
മത്സ്ഥാനീത്യുപധാരയ
എങ്ങും നിറഞ്ഞുനില്‍ക്കുന്നതും എങ്ങോട്ടും ചലിച്ചുമാറാന്‍ കഴിവുള്ളതുമായ വായു എപ്രകാരമാണോ ആകാശത്തില്‍ സ്ഥിതിചെയ്യുന്നത്, അതുപോലെ എല്ലാ പ്രപഞ്ചഘടങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നുവെന്ന് അറിഞ്ഞാലും.
വാനില്‍ നിറഞ്ഞു നില്‍ക്കുന്ന വായു വിശാലമായ വാനത്തോളം വ്യാപിച്ചു കിടക്കുമെങ്കിലും അതു ചലിക്കുമ്പോള്‍ മാത്രമേ അതിന്റെ സാന്നിദ്ധ്യം പ്രകടമാകുന്നുള്ളു. അല്ലാത്തപക്ഷം വാനവും വായുവും ഒന്നുതന്നെയാണ്. അതുപോലെ എല്ലാ ഭൂതങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നുവെന്നുള്ള തോന്നല്‍ മിഥ്യബോധം കൊണ്ടു മാത്രമാണ്. ഈ മിഥ്യാബോധം മറയുമ്പോള്‍, എവിടെയും ഞാനല്ലാതെ മറ്റൊന്നും ശേഷ്ക്കുന്നില്ല. ആകയാല്‍ യഥാര്‍ത്ഥ വസ്തുവെന്നും അയഥാര്‍ത്ഥ വസ്തുവെന്നും പറയുന്നത് ഭാവനയുടെ സൃഷ്ടി മാത്രമാണ്. ഈ മാനസസൃഷ്ടിയുടെ ഉറവിടമായ അജ്ഞാനം നശിക്കുമ്പോള്‍, ഈ സൃഷ്ടികള്‍ പ്രത്യക്ഷപ്പെട്ടുവെന്നും അപ്രത്യക്ഷപ്പെട്ടുമെന്നുമുള്ള ആശയംതന്നെ ഇല്ലാതാകും. ആകയാല്‍ ദിവ്യമായ ഐശ്വര്യയോഗം എന്താണെന്നു നീ മനസ്സിലാക്കണം. ഐശ്വര്യയോഗം യഥാര്‍ത്ഥത്തില്‍ ബ്രഹ്മം തന്നെയാണ്. നീ അനുഭവത്തിന്റെയും അറിവിന്റെയും വിശാലമായ സാഗരപ്പരപ്പില്‍ ഒരു കല്ലോലമായിത്തീരണം. അപ്പോള്‍ സര്‍വവ്യാപിയായ ആത്മാവാണ് നീയെന്ന് നിനക്കു ബോധ്യമാകും.
ഭഗവാന്‍ തുടര്‍ന്നു: ഞാന്‍ വീണ്ടും നിന്നോടു ചോദിക്കട്ടെ. നീ യഥാര്‍ത്ഥ ജ്ഞാനംകൊണ്ടു പ്രബുദ്ധനായിരിക്കുന്നു. ഇപ്പൊഴെങ്കിലും നീ കാണുന്ന ദ്വന്ദ്വഭാവം ഒരു സ്വപ്നമെന്നപോലെ അയഥാര്‍ത്ഥമായിട്ട് നിനക്ക് തോന്നുന്നുണ്ടോ?
നിന്റെ ബുദ്ധിക്കു വീണ്ടും ആലസ്യം സംഭവിച്ചാല്‍ അഭേദബുദ്ധിയെപ്പറ്റി നിനക്കു ലഭിച്ചിട്ടുള്ള ജ്ഞാനം നഷ്ടപ്പെടുന്നതിനും നീ വീണ്ടും ദ്വന്ദ്വത്തിന്റെ സ്വപ്ന ലോകത്തില്‍ പതിക്കുന്നതിനും ഇടയാകും.
അജ്ഞാനമാകുന്ന ബോധക്ഷയത്തെ തരണംചെയ്ത് പവിത്രമായ ആത്മജ്ഞാനം കൈവരിക്കുന്നതിനുള്ള രഹസ്യം ഞാന്‍ ഇപ്പോള്‍ നിനക്കു വെളിപ്പെടുത്തിത്തരാം. അതുകൊണ്ട് അല്ലയോ ധനുര്‍ദ്ധര, ശ്രദ്ധിക്കുക സര്‍വഭൂതങ്ങളേയും ഉണ്ടാക്കുന്നതും നശിപ്പിക്കുന്നതും മായയാണ്.
അക്ഷരാതീതത്തെ ആകാശത്തോടും അക്ഷരത്തെ വായുവിനോടും ഉപമിച്ചിരിക്കുന്നു. വായു ആകാശത്തിലിരിക്കുന്നു, ഭൂമിയിലെ ചരാചരങ്ങള്‍ വായുവിലിരിക്കുന്നു. അതുപോലെ ക്ഷരം അക്ഷരത്തിലിരിക്കുന്നു, അക്ഷരം അക്ഷരാതീതത്തില്‍ ഇരിക്കുന്നു. അപ്പോള്‍, ചരാചരങ്ങള്‍ ആകാശത്തിലിരിക്കുന്നു എന്നും ആകാശത്തിലല്ല ഇരിക്കുന്നത് എന്നും ഒരേസമയം പറയാം.
ഈ സങ്കല്പത്തില്‍ മിഥ്യകള്‍ക്ക് ഒരു സ്ഥാനവുമില്ല. അക്ഷരാതീതമോ അക്ഷരമൊരക്ഷരമോ ഒന്നും വെറും തോന്നലോ മായയോ ആശയമാത്രമോ അല്ല. മൂന്നും യാഥാര്‍ഥ്യമാണ്. പ്രപഞ്ചമെന്നത് കയറില്‍ പാമ്പെന്നപോലെയോ മരക്കുറ്റിയില്‍ ആള്‍രൂപം പോലെയോ ആരോപിക്കപ്പെടുന്ന മായക്കാഴ്ചയല്ല. (പ്രപഞ്ചം മിഥ്യയെന്ന കാഴ്ചപ്പാടില്‍നിന്ന് ഉളവായ സാമൂഹികവും രാഷ്ട്രീയവുമായ അനാസ്ഥ വരുത്തി വെച്ച വിന ചില്ലറയല്ല.)
(തുടരും..)

No comments:

Post a Comment