Sunday, 3 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 2

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 2

ശ്രീ ഭഗവാനുവാച:...
സംന്യാസഃ കര്‍മ്മയോഗശ്ച
നിഃശ്രേയസകരാവുഭൗ
തയോസ്തു കര്‍മ്മസംന്യാസാത്
കര്‍മ്മയോഗോ വിശിഷ്യതേ

ഭഗവാന്‍ പറഞ്ഞു: ഫലാപേക്ഷ കൂടാതെ ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മ്മയോഗവും, ഇവ രണ്ടും മോക്ഷത്തെ കൊടുക്കുന്നവയാകുന്നു. എന്നാല്‍ അവയില്‍ കര്‍മ്മപരിത്യാഗത്തിനേക്കാള്‍ കര്‍മ്മയോഗമാണ് ശ്രേഷ്ഠമായിട്ടുള്ളത്.

(കൗന്തേയ, ശരിക്കും പര്യാലോചിച്ചാല്‍ കര്‍മ്മങ്ങളെ പരിത്യജിക്കുന്നതും കര്‍മ്മങ്ങളെ പരിപാലിക്കുന്നതും രണ്ടും മുക്തികരങ്ങളാണ്. എന്നാല്‍ ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും നിര്‍മ്മലമായും നിര്‍ബന്ധമായും ഒരുപോലെ സ്വീകരിക്കാവുന്ന മാര്‍ഗ്ഗം കര്‍മ്മയോഗമാണ്. )
സന്ദര്‍ഭോചിതമായ ഒരര്‍ഥവും ശാശ്വതമായ താത്ത്വികാര്‍ഥവും ഈ വരികള്‍ക്കുണ്ട്. സ്വജനങ്ങളെ കൊല്ലുന്നതില്‍ ഭേദം എല്ലാമുപേക്ഷിച്ച് പിച്ചയെടുത്ത് (സന്ന്യാസിയായി) കഴിയുകയാണെന്നാണ് അര്‍ജുനന്റെ നിലപാട്. ഇതൊരു ഗതികേടില്‍നിന്ന് രക്ഷപ്പെടാനുള്ള ഒളിച്ചോട്ടമോഹം മാത്രമാണ്; ശരിയായ തിരിച്ചറിവില്‍നിന്നുണ്ടായ നിശ്ചയമല്ല. അതിനാലത് കര്‍മസന്ന്യാസംപോലും അല്ല. ഇത്രയും സാന്ദര്‍ഭികമായ സാരം. അഥവാ ഇനി ഈ നിശ്ചയം ശരിയായ തിരിച്ചറിവില്‍നിന്ന് ഉണ്ടായതാണെങ്കില്‍ത്തന്നെ അതിനെക്കാള്‍ ശ്രേയസ്‌കരം നിഷ്‌കാമകര്‍മമാണ് എന്ന് ശാശ്വതമായ താത്ത്വികാര്‍ഥം. എങ്ങനെയാണത് കൂടുതല്‍ ശ്രേയസ്‌കരമാകുന്നത്? ധര്‍മക്ഷേത്രത്തില്‍ തിന്മയെ വാഴാന്‍ വിട്ടുകൊണ്ട് കര്‍മത്യാഗം ചെയ്യുന്നത് പ്രകൃതിക്ക് അഹിതകരമായതിനാല്‍ത്തന്നെ. തന്റെതന്നെ ശരീരം എന്ന ക്ഷേത്രത്തിലായാലും സമൂഹം അഥവാ വിശ്വം എന്ന ക്ഷേത്രത്തിലായാലും നിഷ്‌കാമനായും ദ്വേഷിക്കാതെയും ഏത് കര്‍ത്തവ്യവും നിറവേറ്റുന്നതിനാണ് കൂടുതല്‍ വൈശിഷ്ട്യം.

ശക്തനായ ഒരുവനു മാത്രമേ ഒരു നദി നീന്തിക്കടക്കുവാന്‍ സാധ്യമാകൂ. എന്നാല്‍ ഒരു തോണിയുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുംകൂടി ആ പുഴ അനായേസേന തരണം ചെയ്ത് അക്കരയെത്താം. അതുപോലെ എല്ലാവര്‍ക്കും സ്വീകാര്യവും ലളിതവുമായ മാര്‍ഗ്ഗവുമാണ് കര്‍മ്മയോഗം. ഈ മാര്‍ഗ്ഗത്തില്‍കൂടി ചരിച്ചാല്‍ കര്‍മ്മപരിത്യാഗത്തിന്റെ ഫലവും ഒരുവനു ലഭിക്കുന്നതാണ്. കര്‍മ്മപരിത്യാഗം ചെയ്ത ഒരുവന്റെ യഥാര്‍ത്ഥ സ്വഭാവവിശേഷങ്ങളെപ്പറ്റി ഞാന്‍ നിന്നോടു പറയാം. അതറിയുണ്പോള്‍ കര്‍മ്മപരിത്യാഗവും കര്‍മ്മയോഗപരിണയവും അപരിച്ഛേദ്യമായ ഒരേ മാര്‍ഗ്ഗമാണെന്നു നിനക്കു മനസ്സിലാകും.

(തുടരും.......)

No comments:

Post a Comment