Sunday, 6 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 16

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 16
കിം കര്‍മ കിമകര്‍മ്മേതി
കവയോഽപ്യത്ര മോഹിതാഃ
തത്‌തേ കര്‍മ പ്രവക്ഷ്യാമി
യജജ്ഞാത്വാമോക്ഷ്യസേഽശുഭാത്.
കര്‍മ്മം എന്താകുന്നു, അകര്‍മ്മം എന്താകുന്നു എന്നീ വിഷയത്തില്‍ ബുദ്ധിമാന്മാര്‍ കൂടി മോഹിക്കുന്നു, കുഴങ്ങുന്നു. അതിനാല്‍ യാതൊന്നറിഞ്ഞാല്‍ (അനുഷ്ഠിച്ചാല്‍ ) നീ സംസാരബന്ധത്തില്‍ നിന്ന് മോചിക്കുമോ, ആ കര്‍മ്മത്തെ നിനക്ക് ഞാന്‍ ഉപദേശിച്ചു തരാം .
എന്താണ് കര്‍മ്മം? എന്താണ് അകര്‍മ്മത്തിന്റെ സ്വഭാവവിശേഷങ്ങള്‍ ? വിവേകികള്‍ പോലും ഇതേപ്പറ്റി ചിന്തിച്ചു കുഴങ്ങുകയും ക്ലേശിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കള്ളനാണയം നല്ല നാണയമെന്ന നിലയില്‍ കണ്ണുകളെ വഞ്ചിക്കുന്നതുപോലെ കേവലം ഇച്ഛ കൊണ്ടുമാത്രം ഒരു നവലോകത്തിന് രൂപം കൊടുക്കുവാന്‍ കഴിവുള്ള ശക്തന്മാരായ യോഗികള്‍പോലും, അകര്‍മ്മത്തെക്കുറിച്ചുള്ള അസ്പഷ്ടമായ ധാരണകൊണ്ട് കര്‍മ്മബന്ധത്തിന്റെ കുരുക്കില്‍പ്പെട്ടുഴലാന്‍ ഇടയായിട്ടുണ്ട്. ദീര്‍ഘവീക്ഷണമുള്ളവര്‍ക്കുപോലും ഈ കാര്യത്തില്‍ അമളിപറ്റുമെങ്കില്‍ , വിഡ്ഢികളുടെ കാര്യം പിന്നെ പറയാനുണ്ടോ? അതുകൊണ്ട് ഇതെപ്പറ്റി ഞാന്‍ കൂടുതല്‍ വിശദമായി പറയാം.
വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാതെയാണ് ഗീതയുടെ കാലത്ത് മിക്കവരും ജീവിച്ചിരുന്നതെന്ന് സൂചന. മഹാപണ്ഡിതന്മാര്‍പോലും ആശയക്കുഴപ്പത്തിലായിരുന്നു. ജാതിഭ്രാന്ത് നിലവിലുണ്ടായിരുന്നതിനാല്‍ മിക്കവരും ജന്മനാ ലഭിച്ച തൊഴില്‍ എന്ന അനിഷ്ടവൃത്തിയിലായിരിക്കാം കഴിഞ്ഞുകൂടിയിരുന്നത്. ഭരണാധികാരികളുടെ കര്‍മങ്ങളും അമ്പേ പിഴച്ചതിനാലാണല്ലോ കുരുക്ഷേത്രയുദ്ധം ആവശ്യമായി വന്നത്. പിതാമഹര്‍ വരെ ഉള്ള തലമുറകളും ഗുരുനാഥരും ഒന്നും നേര്‍വഴി കാണിക്കാന്‍ പ്രാപ്തരായുമില്ല.
അതിനാല്‍ കര്‍മത്തെപ്പറ്റി അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഹരിശ്രീ തൊട്ട് പറയുന്നു.
(തുടരും.....)

No comments:

Post a Comment