Thursday, 10 July 2014

ഉപനിഷത്ത്‌ പഠനം (113), നൂറ്റിപതിമൂന്നാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം (113), നൂറ്റിപതിമൂന്നാം ദിവസം, ഈശാവാസ്യം
മന്ത്രം പതിനെട്ട്‌
``അഗ്നേ നയ സുപഥാ രായേ അസ്‌മാന്‍ വിശ്വാനി ദേവ 
വയുനാനി വിദ്വാന്‍ യുയോധ്യസ്‌മത്‌ 
ജുഹുരാണമേനോ ഭൂയിഷ്‌ഠാം തേ നമ ഉക്തിം വിധേമ``.
അഗ്നേ=അല്ലയോ അഗ്നി ഭഗവന്‍; അസ്‌മാന്‍=ഞങ്ങളെ; രായേ=ഐശ്വര്യപ്രാപ്‌തിക്കായി; സുപഥാനയ=പ്രകാശം നിറഞ്ഞ നേര്‍മാര്‍ഗത്തിലൂടെ നയിക്കൂ; വിശ്വാനി=ഫലവിശിഷ്‌ടങ്ങളായ ഞങ്ങളുടെ എല്ലാ; വയുനാനി=കര്‍മ്മങ്ങളും; ദേവ=അല്ലയോ ദേവ; വിദ്വാന്‍= അങ്ങറിയുന്നുണ്ടല്ലോ; ജുഹുരാണാം=സദാ ഞങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു; ഏനഃ=കര്‍മ്മവാസനാരൂപമായ പാപത്തെ; അസ്‌മത്‌=ഞങ്ങളില്‍നിന്നും; യുയോധി=അകറ്റി നശിപ്പിക്കൂ; തേ=അങ്ങേയ്‌ക്കായി; ഭൂയിഷ്‌ഠാം=അധികമധികം; നമഉക്തിം=നമസ്‌കാര വചനത്തെ, വിധേമ=ഞങ്ങള്‍ അര്‍പ്പിക്കുന്നു. 
ഈ വിശ്വത്തിലെ ``വയുനാനി`` എല്ലാ കര്‍മ്മങ്ങളേയും ``വിദ്വാന്‍`` അറിയുന്നവനാണ്‌ അങ്ങ്‌. എന്റെ ജീവിതത്തില്‍ എന്തൊക്കെ കര്‍മ്മങ്ങള്‍ അങ്ങ്‌ ചെയ്‌തിട്ടുണ്ടോ, ആ കര്‍മ്മങ്ങളെയെല്ലാം അറിയുന്നവനാണ്‌ അങ്ങ്‌ എന്ന്‌ പറയുന്ന സമയത്ത്‌ നമ്മുടെ സംസ്‌കാരത്തിന്റെ അമൂര്‍ത്തമായ ഭാവങ്ങള്‍ പ്രകടമാവുന്നു. എന്താണ്‌ അത്‌? അഗ്നി കൊളുത്തി, അഗ്നി സാക്ഷിയാക്കി ഞാന്‍ എന്റെ എല്ലാ കര്‍മ്മങ്ങളേയും ചെയ്യുന്നു. 
അഗ്നി സാക്ഷിയായിട്ടാണ്‌ ഞാന്‍ എന്റെ സഹധര്‍മ്മിണിയെ വരിച്ചത്‌. അഗ്നിക്ക്‌ വലംവെയ്‌ക്കുന്നത്‌ അതുകൊണ്ടാണ്‌. ഏത്‌ കര്‍മ്മമാണ്‌ അഗ്നി കൊളുത്താതെ ചെയ്യാന്‍ പറ്റുക എന്ന്‌ ചോദിച്ചാല്‍ അങ്ങനെ ഒരു കര്‍മ്മവും ഇല്ല. ഇന്ന്‌ ഇതിന്റെ നേര്‍വിപരീതമാണ്‌ നടക്കുന്നത്‌. അഗ്നിയെ ഉപയോഗിക്കാത്തവരുമുണ്ട്‌ നമ്മുടെ ചുറ്റിലും. അതുകൊണ്ട്‌ അഗ്നി തെളിയിക്കൂ. അഗ്നി എല്ലാറ്റിനും സാക്ഷിയാകട്ടെ. ``ജുഹുരാണമേനം`` ഞങ്ങളെ വഞ്ചിപ്പിച്ച, തെറ്റിദ്ധരിക്കപ്പെട്ട ലോകത്തിലെ പല കര്‍മ്മങ്ങളെ എല്ലാംതന്നെ, ആ കര്‍മ്മജന്യമായിട്ടുള്ള പാപങ്ങള്‍, തെറ്റിദ്ധാരണകള്‍ അതിനെയെല്ലാം ``അസ്‌മത്‌ യുയോധി`` ദഹിപ്പിക്കൂ. 
``എന്നെ അങ്ങ്‌ എടുത്തോളൂ. എടുക്കുന്ന സമയത്ത്‌ പ്രാര്‍ത്ഥിക്കാന്‍ പറ്റിയില്ലെങ്കില്‍ മുന്നേകൂട്ടി പ്രാര്‍ത്ഥിക്കുക. ഒരു ദിവസം അഗ്നിയോട്‌ പറയണം. അഗ്നേ എന്റെ ജീവന്‍ പോയിക്കഴിഞ്ഞാല്‍ എടുത്തേക്കണം. കുട്ടികളോട്‌ നാം പറയാറില്ലേ? മോനെ എന്റെ മരണശേഷം ആ മരം മുറിച്ച്‌ ദഹിപ്പിക്കണം അല്ലെങ്കില്‍ അവിടെ കൊണ്ടുപോകണം. വില്‍പ്പത്രം എഴുതി വെയ്‌ക്കുന്നുണ്ടല്ലോ നമ്മള്‍? അഗ്നിക്ക്‌ വേണ്ടി ഋഷി പറഞ്ഞുതരുന്ന വില്‍പ്പത്രമാണിത്‌. ഇതൊന്നും ചെയ്യാതെ ഈ ലോകം വിട്ട്‌ പോകാന്‍ പറ്റില്ല. അല്ലാതെ ബാങ്ക്‌ബാലന്‍സും വസ്‌തുവകകകളും എഴുതിവെയ്‌ക്കുമ്പോള്‍ കൂട്ടത്തില്‍ അഗ്നി ചോദിക്കും. എന്താണ്‌ എനിക്കുള്ളതെന്ന്‌? നിനക്കും എഴുതിയിട്ടുണ്ട്‌ അഗ്നേ. എന്നെ അങ്ങ്‌ എടുത്തോളൂ. ഇതുപോലെ മറ്റു ഭൂതങ്ങളും ചോദിക്കും. ഇവരുടെയൊക്കെ ഔദാര്യം കൊണ്ടാണ്‌ ഇത്രയും കാലം ജീവിച്ചത്‌. അവര്‍ക്കൊന്നും കൊടുക്കാതെ ഈ ഭൂമി വിട്ടുപോകാന്‍ പറ്റില്ല''.
(തുടരും...)

No comments:

Post a Comment