Sunday, 28 June 2015

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-ശ്ളോകം 3


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-ശ്ളോകം 3

ഏവമേതദ് യഥാത്ഥ ത്വം
ആത്മാനം പരമേശ്വര!
ദ്രഷ്ടുമിച്ഛാമി തേ രൂപം
ഐശ്വരം പുരുഷോത്തമ.

പരമേശ്വരാ, അങ്ങ് അങ്ങയെ (പരമാത്മാവിനെ) കുറിച്ച് എപ്രകാരമെല്ലാം പറഞ്ഞുവോ അതെല്ലാം അപ്രകാരംതന്നെ (എന്ന് എനിക്ക് ഉറപ്പുണ്ട്). പുരുഷോത്തമാ, (ഇനി) അങ്ങയുടെ ആ ഐശ്വരമായ രൂപം കാണാന്‍ ഞാന്‍ ഇച്ഛിക്കുന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഭഗവാനേ, അങ്ങയുടെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസവും സംതൃപ്തിയും നല്‍കിയിരിക്കുന്നു. അങ്ങയുടെ വിശ്വരൂപത്തില്‍കൂടി അങ്ങ് വിശാലമായ ദൃശ്യപ്രപഞ്ചത്തെ സൃഷ്ടിക്കുകയും അഴിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളില്‍ ബാഹുദ്വയത്തോടും ചതുര്‍ബാഹുക്കളോടും കൂടി അത് ദേവകാര്യ നിര്‍വ്വഹണത്തിനായി ഭൂമിയില്‍ അവതരിക്കുന്നു.

ക്ഷീരസാഗരത്തിലെ വിശ്രമത്തിനുശേഷം അങ്ങ് മത്സ്യമായും കൂര്‍മ്മമായും അവതരിച്ച് അവതാരകാര്യങ്ങള്‍ നടത്തി മൂലരൂപത്തിലേക്കുതന്നെ മടങ്ങുന്നു. ഈ രൂപത്തെപ്പറ്റി ഉപനിഷത്തുകള്‍ സ്തുതിഗീതം പാടുന്നു. യോഗികള്‍ മനസ്സിനെ അന്തര്‍മുഖമാക്കി ഈ രൂപത്തെ ധ്യാനിക്കുന്നു. സനകാദിമുനികള്‍ അജ്ഞേയമായ ഐക്യത്തിലൂടെ ആശ്ലേഷിക്കുന്നതും ഈ രൂപത്തെത്തന്നെയാണ്.

ധാരാളം കേള്‍വിപ്പെട്ടിട്ടുളള അമേയമായ ആ വിശ്വരൂപത്തെ കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്‍റെ ഏതാഗ്രഹവും കലവറയില്ലാതെ ചോദിച്ചുകൊളളാന്‍ അങ്ങ് എന്നോടു പറഞ്ഞനിലയ്ക്ക് അങ്ങയുടെ വിശ്വരൂപം കാട്ടിത്തന്ന് എന്‍റെ ഹൃദയാഭിലാഷം നിറവേറ്റിത്തരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്‍റെ എല്ലാ ജീവിതാശകളും അങ്ങയുടെ വിശ്വരൂപം എന്‍റെ കണ്ണുകള്‍കൊണ്ട് നേരില്‍ കാണുന്നതില്‍ ഞാന്‍ അര്‍പ്പിച്ചിരിക്കുന്നു.

ഇവിടെയും സംബോധനകള്‍ക്ക് ഏറെ അര്‍ഥവ്യാപ്തിയുണ്ട്. പരമേശ്വരന്‍ ഇന്ദ്രിയമനോബുദ്ധി കളുടെ ചാലകശക്തികളായ ദേവന്‍മാരുടെ (പ്രകാശങ്ങളുടെ) മഹേശ്വരനായ കുലപതിയാണ്, ജീവാത്മാവാണ്. 
പ്രപഞ്ചമെന്ന മഹാശരീരക്ഷേത്രത്തിലെ സമാനകുലപതിയും ക്ഷേത്രജ്ഞനുമാണ് മഹേശ്വരന്‍. അത് ബ്രഹ്മംതന്നെയാണ്, മറ്റൊന്നല്ല. (ജീവോ ബ്രഹ്‌മൈവ നാപര.) ആ മഹേശ്വരന്റെ രൂപം കാണണമെന്നാണ് ആശിക്കുന്നത്. അതുതന്നെയാണ് പുരുഷോത്തമന്റെയും രൂപം എന്ന നിരൂപണമാണ് രണ്ടാമത്തെ സംബോധനയിലെ താത്പര്യം.

ക്ഷരം, അക്ഷരം, അക്ഷരാതീതം എന്ന മൂന്നു പുരുഷന്‍മാരില്‍ ആദിമൂലവും സകലത്തിനും അവ്യയമായ നിധാനവും പുരുഷോത്തമന്‍ എന്നുകൂടി പേരുള്ള അക്ഷരാതീതമാണല്ലോ.

തുടരും..)

No comments:

Post a Comment