ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10
"വിഭൂതിയോഗം"
- ശ്ളോകം 25
മഹര്‍ഷീണാം ഭൃഗുരഹം
ഗിരാമസ്മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോƒസ്മി
സ്ഥാവരാണാം ഹിമാലയഃ
ഗിരാമസ്മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോƒസ്മി
സ്ഥാവരാണാം ഹിമാലയഃ
മഹര്‍ഷിമാരില്‍ ഭൃഗു ഞാനാകുന്നു. വാക്കുകളില്‍
ഏകാക്ഷരമായ ഓങ്കാരം ഞാനാകുന്നു. യജ്ഞങ്ങളില്‍ ജപയജ്ഞവും സ്ഥാവരദൃശ്യങ്ങളില്
ഹിമാലയവും ഞാനാകുന്നു.
ഇന്ദ്രസിംഹാസനത്തില് അവലംബലും പൗരാണിക വിജ്ഞാനത്തിന്റെ
ആസ്ഥാനവും പുരോഹിതന്മാരില് മുഖ്യനുമായ ബൃഹസ്പതി ഞാനാകുന്നു. പരമശിവന്റെ
രേതസ്സുകൊണ്ട് അഗ്നിയില്‍കൂടി കൃത്തികയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച, മുപ്പാരിലേയും
സേനാപതികളില്‍ മുഖ്യനായ കാര്ത്തികേയന് ഞാനാണ്.
ജലാശയങ്ങളില്വെച്ച് സമുദ്രം ഞാനാണ്. മഹനീയരായ ഋഷിമാരില്‍
ഏറ്റവും തപസ്വിയായ ഭൃഗു ഞാനാണ്. സമ്പൂര്‍ണ്ണ അര്‍ത്ഥം വാക്കില്‍ കൂടി
പ്രകടിപ്പിക്കുന്ന ‘ഓം’ എന്ന ഏകാക്ഷരപദമായ ഓം
ഞാനാണ്. ചിത്തശുദ്ധിക്കായുളള യജ്ഞങ്ങളില്‍ ചിത്തത്തെ അതിവേഗം ശുദ്ധീകരിച്ച്
സത്യത്തോടടുപ്പിക്കുന്ന ജപയജ്ഞമാണ് ഞാന്‍ വേദങ്ങളില്‍ പരബ്രഹ്മമെന്ന്
അറിയപ്പെടുന്നതും ദൈനംദിന അനുഷ്ഠാനങ്ങളെ തകിടംമറിക്കാതെ ധാര്‍മ്മികവും
അല്ലാത്തതുമായ കര്‍മ്മങ്ങളെ ഒരുപോലെ പവിത്രീകരിക്കാന്‍ കഴിയുന്ന, സ്നാനം തുടങ്ങിയ
ആചാരക്രമങ്ങള്‍ ആവശ്യമില്ലാത്ത, ഈശ്വരനാമത്തിന്റെ ആവര്‍ത്തിച്ചുളള
ഉരുവിടലാണ് ജപയജ്ഞം. ലോകത്തിലെ സ്ഥാവരവസ്തുക്കളില്‍ ഏറ്റവും
വിശേഷിക്കപ്പെട്ടതെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയം ഞാനാണ്.
തപസ്സുകൊണ്ട് ബ്രഹ്മസാക്ഷാത്കാരം നേടിയ ആളാണ് ഭൃഗുമഹര്‍ഷി.
എല്ലാം ബ്രഹ്മമാണെന്ന് ധ്യാനംകൊണ്ട് അദ്ദേഹം സുനിശ്ചിതമാക്കി എന്ന് ഉപനിഷത്തില്‍
പറയുന്നു (തൈത്തിരീയോപനിഷത്തിലെ ഭൃഗുവല്ലി). അദ്ദേഹമെന്ന വിഭൂതി ഈ വിഷയത്തില്‍
മാതൃകയാണ്. അതിനെ പിന്തുടര്ന്നാലും അങ്ങെത്താം.
വാക്കുകളില്‍ ഓംകാരമാണ് പരമാത്മാവിന്റെ
പ്രാതിനിധ്യസ്വഭാവമുള്ള വിഭൂതിയായി പറയുന്നത്. അ, ഉ, മ എന്ന മൂന്നിന്റെ
സംയോഗമാണ് ഓം. അവ്യക്തമാധ്യമത്തിലെ വൈരുദ്ധ്യാത്മകബലങ്ങളുടെ നിലയ്ക്കാത്ത
പ്രതിപ്രവര്‍ത്തനത്തിന്റെ ഫലങ്ങളായ സ്പന്ദങ്ങളാണ് പ്രപഞ്ചസൃഷ്ടികളുടെ അടിത്തറ.
മൊത്തം പ്രപഞ്ചംതന്നെ ഒരു മഹാസ്പന്ദമാണ്.
ചെറുതോ വലുതോ ആകട്ടെ, ഒരു മിടിപ്പിന് മൂന്ന്
അവസ്ഥകളേ ഉള്ളൂ. വികാസം, സങ്കോചം, സമസ്ഥിതി എന്നിവയാണ്
അവ. ഇവയെ അ, ഉ, മ എന്ന ശബ്ദങ്ങള്‍
പ്രതിനിധീകരിക്കുന്നു. അതായത്, ഓരോ ഓങ്കാരവും ഓരോ
സ്പന്ദമാണ്, പ്രപഞ്ചരഹസ്യത്തിന്റെ
പ്രതിഫലനമാണ്. അതാണ് സൃഷ്ടിയുടെ അടിസ്ഥാനശ്രുതി. അതിലൂടെ സൃഷ്ടിരഹസ്യത്തില്
ലയിക്കാം, അത്രയുമൊത്തില്ലെങ്കില്ത്തന്നെ
അവനവനെന്ന വാദ്യോപകരണത്തെ പ്രപഞ്ചമെന്ന സംഘഗാനത്തില്‍ ശ്രുതി ചേര്‍ക്കാം.
ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മമാണല്ലോ യജ്ഞം.
മനസ്സിനെ ഏകാഗ്രമാക്കാന്‍ ഏറ്റവും ഉതകുന്ന പണി ജപമാണ്. എന്തുകൊണ്ടെന്നാല്‍
ജപിക്കുമ്പോള്‍ മനസ്സ് ഒരേ അര്‍ഥതലത്തില്‍ നില്ക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ
യജ്ഞം അതിനാല്‍ ജപയജ്ഞമാണ്. കാണപ്പെടുന്നതൊന്നും ഉറച്ചു നില്‍ക്കാത്ത ഈ ലോകത്ത്
സ്ഥിരതയുടെ ഏറ്റവും നല്ല പ്രതീകം ഹിമാലയംതന്നെ. ഉയരവും വിസ്തൃതിയും അതിനെ
ഗംഭീരമാക്കുകയും ചെയ്യുന്നു. ഉറച്ചു നില്ക്കുന്നവയില് ഏറ്റവും ഉറച്ചു നില്‍ക്കുന്നത്
പരംപൊരുളാണ്. മനുഷ്യദൃഷ്ടിയില്‍ അതിനോട് താരതമ്യ ക്ഷമമായ സ്ഥിരത
ഹിമാലയത്തിനുതന്നെ.
തുടരും..)
തുടരും..)
No comments:
Post a Comment