ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11
- "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 21
ശ്ളോകം 21
അമീ ഹി ത്വാം സുരസംഘാ വിശന്തി
കേചിദ് ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്പകലാഭിഃ
കേചിദ് ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്പകലാഭിഃ
ഇതാ ഈ ദേവസമൂഹങ്ങള്‍ അങ്ങയുടെ ഉള്ളിലേക്കു കടന്നു
മറയുന്നതായി കാണുന്നു. ചിലര്പേടിച്ച് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു. മഹര്‍ഷിമാരും
സിദ്ധന്മാരും മംഗളം ഭവിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ദിവ്യസ്തോത്രങ്ങളാല്‍ അങ്ങയെ
വാഴ്ത്തുന്നു.
അതാ അവിടെ ദേവന്മാരുടെ സംഘങ്ങളെക്കാണുന്നു. അവര്‍ ഭക്തി
പാരവശ്യത്തോടെ അങ്ങയുടെ ദിവ്യമായ അസ്തിത്വത്തിലേക്കു പ്രവേശിക്കുന്നു. അങ്ങയുടെ
ആധ്യാത്മിക തേജസ്സ് അവരുടെ കര്‍മ്മഫലങ്ങളെ എരിച്ചുകളഞ്ഞിരിക്കുന്നു. മറ്റു ചിലര്‍
സംഭീതരായി അങ്ങയുടെ മുന്നില്‍നിന്നു കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു.
അല്ലയോ ഭഗവാനേ, ഞങ്ങള്‍ ഭൗതികസുഖങ്ങളുടെ
കുരുക്കില്‍പ്പെട്ട് അജ്ഞതയുടെ ആഴക്കടലില്‍ മുങ്ങിച്ചാവുകയാണ്. സ്വര്‍ഗ്ഗീയാനന്ദത്തിന്റേയും
ഐഹികജീവിതത്തിലെ ജനനമരണചക്രങ്ങളുടേയും കെണിയില്‍പ്പെട്ടിരിക്കുന്ന ഞങ്ങളെ അതില്‍നിന്നു
കയറ്റിവിടാന്‍ അങ്ങല്ലാതെ മറ്റാരാണുള്ളത്? ആകയാല്‍ അങ്ങയുടെ
ഇച്ഛയ്ക്കുമുന്നില്‍ ഞങ്ങള്‍ എല്ലാം സമര്‍പ്പിച്ചിരിക്കുന്നു.
അല്ലയോ ഭഗവാനേ, അവിടെ
കശ്യപമുനിയെപ്പോലുള്ള ഋഷികളുടേയും കപില മഹര്‍ഷിയെപ്പോലുള്ള സിദ്ധന്മാരുടേയും
ഗന്ധര്വ്വന്മാരുടേയും സമൂഹങ്ങളെക്കാണുന്നു. അവരെല്ലാം അങ്ങേക്ക് സ്വസ്തിനേര്ന്നുകൊണ്ട്
അങ്ങയെ സ്തുതിച്ച് തിരുനാമസ്തോത്രങ്ങള് ആലപിക്കുന്നു.
പരമാത്മാവ് കാലാതീതമായ ധര്‍മത്തിന്റെ പാലകനാണ്. 'ഈ' ദേവസമൂഹമാണ് ആ
പരംപൊരുളിനെ ശരണം പ്രാപിച്ചുകൊണ്ടിരിക്കുന്നത്. കുരുക്ഷേത്രത്തില്‍ യുദ്ധത്തിനായി
എത്തിയവരെയാണ് ഇപ്പറയുന്നത്. അവരെല്ലാം പ്രകാശാത്മാക്കളായ ജീവന്മാരാണ്. സനാതനമായ
ധര്‍മത്തിന്റെ നിര്‍വഹണത്തിനായി അവര്‍ അവതരിച്ചതാണ്. തിരികെയുള്ള പ്രവേശം അവര്‍ക്ക്
മോക്ഷമാണ്. ഇവരില്‍ത്തന്നെ സ്വധര്‍മത്തെക്കുറിച്ച് ശരിയായ അറിവില്ലാത്ത ചിലരുണ്ട്.
അവര്‍ ഭയന്നു വിറച്ച് കൈ കൂപ്പി 'രക്ഷിക്കണേ!' എന്ന് പ്രാര്‍ഥിക്കുന്നു.
മുന്നില്‍ കാണുന്നത് അത്യാഹിതമെന്നു തോന്നുകയും രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നു
ഭയക്കുകയും ചെയ്യുമ്പോള്‍ താണുകേഴുകയല്ലാതെ അവര്‍ക്ക് എന്തു ചെയ്യാനാവും?
മഹര്‍ഷിമാരും സിദ്ധന്മാരും കാര്യത്തിന്റെ നിജസ്ഥിതി
അറിയാവുന്നവരാണ്. അവര്‍ മംഗളം ഭവിക്കട്ടെ എന്ന് ആശംസിച്ച് പരംപൊരുളിനെ അര്‍ഥപുഷ്ടിയുള്ള
സ്തുതികളാല്‍ പുകഴ്ത്തുന്നു. (യമനെ സേവിച്ച് യമന്റെ സഭയില്‍ കഴിഞ്ഞുകൂടുന്ന ഒരു
ദേവഗണമാണ് സിദ്ധന്മാര് എന്ന് മഹാഭാരതം സഭാപര്‍വം എട്ടാമധ്യായത്തില്‍ പറയുന്നു.)
(തുടരും..)
No comments:
Post a Comment