Saturday, 14 June 2014

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഅഞ്ചാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, എണ്‍പത്തിഅഞ്ചാം ദിവസം, ഈശാവാസ്യം
 
മന്ത്രം പത്ത്‌്‌
``അന്യദേവാഹുര്‍വിദ്യയാ അന്യദാഹുരവിദ്യയാ
ഇതി ശുശ്രുമ ധീരാണാം യേ നസ്‌തദ്‌ വിചചക്ഷിരേ.``
വിദ്യയാ=വിദ്യകൊണ്ട്‌; അന്യത്‌ ഏവ=വേറെ ഫലം തന്നെയാണ്‌; ആഹുഃ=എന്നുപറയുന്നു; അവിദ്യയാ=അവിദ്യകൊണ്ട്‌; അന്യത്‌ ആഹുഃ=വേറെ ഫലം എന്നും പറയുന്നു; യേ=ആരാണോ; തത്‌=ഈ വിദ്യാവിദ്യാരഹസ്യം, നഃ=ഞങ്ങള്‍ക്കു; വിചചക്ഷിരേ=വ്യക്തമായി പറഞ്ഞുതന്നിട്ടുള്ളത്‌; ധീരാണാം=ധീരന്മാരായ ആ സത്യാന്വേഷികളില്‍നിന്നും; ഇതി ശുശ്രുമ=ഇങ്ങനെ ഞങ്ങള്‍ കേട്ടിട്ടുണ്ട്‌.�
``വിദ്യയാ`` വിദ്യാമാര്‍ഗംകൊണ്ട്‌, അറിവിന്റെ ഉപാസനകൊണ്ട്‌ ``അന്യത്‌ ഏവ ആഹുഃ`` ഫലം വേറെയാണ്‌ എന്ന്‌ പറയപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യയെ ഉപാസിക്കുമ്പോള്‍ കിട്ടുന്ന ഫലം വേറെയാകുന്നു. ``അവിദ്യയാ അന്യത്‌ ആഹുഃ`` അവിദ്യയെ ഉപാസിക്കുമ്പോള്‍ കിട്ടുന്ന ഫലം വേറെയാണ്‌. രണ്ടും തമ്മില്‍ മാറ്റമുണ്ട്‌. പഴത്തിന്‌ വേണ്ടി കയറാത്ത ഫലവും, കയറിയ ഫലവും രണ്ടും രണ്ടാണ്‌. വിദ്യ ഉപാസകന്മാര്‍ക്ക്‌ കിട്ടുന്ന ഫലവും അവിദ്യാ ഉപാസകന്മാര്‍ക്ക്‌ കിട്ടുന്ന ഫലവും രണ്ടും രണ്ടാണ്‌. ``0യ`` ആരാണോ ``തത്‌ നഃ വിചചക്ഷിരേ`` അതിനെക്കുറിച്ച്‌ നമുക്ക്‌ വ്യക്തമായി 
പറഞ്ഞുതന്നിട്ടുള്ളത്‌. ഗുരു അല്ലെങ്കില്‍ ഋഷി ഇതു പറയുന്ന 
സമയത്ത്‌ തന്റെ പൂര്‍വ്വന്മാരായ ഋഷീശ്വരന്മാര്‍, ഗുരുക്കന്മാര്‍ 
തനിക്കിത്‌ പറഞ്ഞുതന്നതിനെക്കുറിച്ച്‌ സ്‌മരിക്കുകയാണ്‌. ഗുരു ശിഷ്യനോട്‌ പറയുന്നു. വിദ്യയെ ഉപാസിച്ചാലുള്ള ഫലവും, അവിദ്യയെ ഉപാസിച്ചാലുള്ള ഫലവും വെവ്വേറെയാണ്‌ എന്ന്‌ ഞങ്ങള്‍ക്ക്‌ വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്‌. അവരെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഋഷി, അവരെ സ്‌മൃതിപഥത്തില്‍ കൊണ്ടുവരുമ്പോള്‍ അവര്‍ക്ക്‌ നല്‌കുന്ന പേരാണ്‌ ``ധീരാണാം`` ധീരന്മാരായ എന്റെ പൂര്‍വ്വന്മാര്‍. `ധീരന്‍' എന്ന ശബ്‌ദത്തിന്‌ വിഷയേഭ്യ ധിയം രാതി ഇയം ധീരഃ. ധീരഃ ശബ്‌ദത്തിന്റെ നിരുക്തം അതാണ്‌. വിഷയങ്ങളില്‍ നിന്ന്‌ ബുദ്ധിയെ പിന്‍വലിച്ചവനാരോ അവന്‍ ധീരന്‍. 
ചട്ടമ്പികളെയും, ബന്ദ്‌ സമയത്ത്‌ ബസിന്‌ കല്ലെറിയുകയും, ടെലിഫോണ്‍പോസ്റ്റ്‌ കിടത്തിയിട്ട്‌ വാഹനതടസ്സം ഉണ്ടാക്കുകയും, ആരുടെയെങ്കിലും വീടിന്‌ ബോംബ്‌ വെയ്‌ക്കുകയും ചെയ്യുന്നവരെയുമാണല്ലോ ഇന്ന്‌ സമൂഹം ധീരന്മാര്‍ എന്ന്‌ വിളിക്കുന്നത്‌. അവര്‍ ഭീരുക്കളാണ്‌. ഉപനിഷത്തിന്റെ ഭാഷയില്‍ അവര്‍ ആത്മഹന്താക്കളാണ്‌. ഇതൊന്നും ധീരതയല്ല.
(തുടരും....)

No comments:

Post a Comment