ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം –
14- ഗുണത്രയവിഭാഗയോഗം
- ശ്ളോകം-15
രാജസി പ്രലയം ഗത്വാ
കര്മ്മസങ്ഗിഷു ജായതേ
തഥാ പ്രലീനസ്തമസി
മൂഡയോനിഷു ജായതേ.
രാജസി പ്രലയം ഗത്വാ
കര്മ്മസങ്ഗിഷു ജായതേ
തഥാ പ്രലീനസ്തമസി
മൂഡയോനിഷു ജായതേ.
രജോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോഴാണ് മരിക്കൂന്നതെങ്കില്
അവന് കര്‍മ്മങ്ങളില്‍ സക്തന്മാരായ മനുഷ്യരുടെ ഇടയില്‍ ജനിക്കുന്നു. അപ്രകാരം
തന്നെ തമോഗുണം വികസിച്ചിരിക്കുമ്പോള്‍ മരണം പ്രാപിച്ചവന് പശു മുതലായ മൂഡയോനികളില്
ജനിക്കുന്നു.
ഇനിയും സത്ത്വഗുണത്തേയും തമോഗുണത്തെയും പിന്തള്ളി
രജോഗുണം പ്രബലപ്പെടുമ്പോഴത്തെ സ്ഥിതിയെന്താണെന്ന് പരിശോധിക്കാം. രജോഗുണം
ശരീരത്തലത്തിലൊട്ടകെ ഓടിനടക്കുമ്പോള്‍, അവന് കര്‍മ്മങ്ങള്‍
ചെയ്ത് കോലാഹലം സൃഷ്ടിക്കുന്നു. ചുഴലിക്കാറ്റ് ഉര്‍വ്വിയിലുള്ള എലാറ്റിനെയും
ചുഴറ്റി ആകാശത്തിലേക്ക് ഉയര്‍ത്തുന്നതുപോലെ അവന് ഇന്ദ്രിയങ്ങളെ യഥേഷ്ടം
വിഷയസുഖങ്ങളില് വിഹരിക്കുനതിനായി സ്വന്തന്ത്രമാക്കിവിടന്നു. പരസ്ത്രീ
പരദാരാദികളില്‍ ചിന്തിക്കാതെ കാമാതുരനാകുന്ന അവന് അതൊന്നും
ശാസ്ത്രവിരുദ്ധമാണെന്നു ചിന്തിക്കാതെ, എവിടെയും എന്തും മേഞ്ഞ്
നടക്കുന്ന മേഷങ്ങളെപ്പോലെ പെരുമാറുന്നു. അവന് അപ്രാപ്യമായ കാര്യങ്ങള്‍ മാത്രം അവന്റെ
ലോഭചിന്തയില്‍ നിന്ന് രക്ഷപ്പെടുന്നു. അവന് എന്തു സാഹസകര്‍മ്മങ്ങളും ചെയ്യാന്‍
മുതിരുന്നു. അശ്വമേദയാഗങ്ങള്‍, ക്ഷേത്രനിര്‍മ്മാണം തുടങ്ങി
അസാധാരണമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവന് പ്രേരിതനാകുന്നു.
വലിയ നഗരങ്ങളും വിസ്താരമായ ജലാശയങ്ങളും വൃക്ഷങ്ങള്‍
വെച്ച് പിടിപ്പിച്ചു വിപുലമായ കാനനങ്ങളും സൃഷ്ടിക്കാന്‍ അവന് വെമ്പല്‍
കൊള്ളുന്നു. അപ്പോഴും ഇഹലോകത്തിലും പരലോകത്തിലും സന്തോഷം ലഭിക്കുന്നതിനുള്ള അവന്റെ
അഭിലാഷത്തിന് അറുതി ഉണ്ടാകുന്നില്ല. ആയതമായ ആഴിക്കുപോലും അടക്കാന്‍ കഴിയാത്തതും
ഘോരാനലന്റെ ദഹനശക്തിക്കുപോലും ദഹിപ്പിക്കാന്‍ കഴിയാത്തതുമാണ് അവന്റെ അന്തരംഗത്തിലുള്ള
അമേയവും വിക്രാന്തവുമായ വിഷയസുഖേച്ഛ. അവന്റെ ഇച്ഛാതുരത അവന്റെ ചിന്തയെക്കാള്‍
വേഗത്തില്‍ കുതിക്കുന്നു. അതു പാരൊക്കെ പരതി നടന്നാലും അവന് സംതൃപ്തി
ലഭിക്കുകയില്ല. രജോഗുണം പ്രബലപ്പെട്ടു നില്ക്കുന്ന ഒരുവനില്‍ കാണുന്ന
ലകഷ്ണങ്ങളാണ് ഇതെല്ലാം .
സര്‍വ്വ സുഖഭോഗങ്ങളെയും തന്റെ ആജ്ഞാനുവര്‍ത്തികളാക്കി
നിര്‍ത്തിക്കൊണ്ട്, ഒരു
യാചകന് ആഡംബരങ്ങളോടും കൂടി രാജകൊട്ടാരത്തിലിരുന്നാലും അവന് രാജാവാകുമോ? ധനവാന്റെ
വിവാഹഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെ വഹിച്ചുകൊണ്ട് പോകുന്ന കാളകള്‍ക്ക്
വൈക്കൊല്ലല്ലാതെ മറ്റെന്തിങ്കിലും തിന്നാന്‍ കിട്ടുമോ? അതുപോലെ രജോഗുണി, ലൌകിക കാര്യങ്ങളില്‍
മുഴുകി വിശ്രമമില്ലാതെ അഹോരാത്രം പണിയെടുക്കുന്ന ആളുകളുടെ കൂട്ടത്തിലായിരിക്കും.
മരണശേഷം ചെന്നു ചേരുക. ചുരുക്കിപറഞ്ഞാല്‍ അവന് രജോഗുണവാസനകളുടെ
വെള്ളപ്പൊക്കത്തില്‍ മുങ്ങുമരിക്കുമ്പോള്‍ അവന്റെ ലോഭവും മോഹവും ഉള്‍പ്പെടെയുള്ള
എല്ലാ വാസനകളും ചേര്‍ന്ന് പുതിയ ശരീരത്തോടുകൂടി കൂടി കാമ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന
ഒരു കുടുംബത്തില്‍ ജന്മമെടുക്കുന്നു.
തുടരും...
No comments:
Post a Comment