ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16
-ദൈവാസുരസമ്പദ്വിഭാഗയോഗം-
ശ്ളോകം-9
പാപത്തിന്‍റെ ചലിക്കുന്ന ദുഷ്കീര്‍ത്തിസ്തംഭങ്ങള്‍ :
--------------------------------------------------------------
ഏതാം ദൃഷ്ടിമവഷ്ടഭ്യ
നഷ്ടാത്മാനോƒല്പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മ്മാണഃ
ക്ഷയായ ജഗതോƒഹിതാഃ
--------------------------------------------------------------
ഏതാം ദൃഷ്ടിമവഷ്ടഭ്യ
നഷ്ടാത്മാനോƒല്പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മ്മാണഃ
ക്ഷയായ ജഗതോƒഹിതാഃ
ഇപ്രകാരമുള്ള ലോകവീക്ഷണത്തെ അവലംബിച്ചുകൊണ്ട്
നഷ്ടചിത്തന്മാരായും അല്പബുദ്ധികളായും ക്രൂരകര്‍മ്മികളായും ഇരിക്കുന്നവര്‍ ജഗത്തിനു
വിരോധികളായി ഭവിച്ച് തനിക്കും ലോകത്തിനും ശത്രുക്കളായി ജഗത്തിന്‍റെ നാശത്തിനു
വന്നു ജനിക്കുന്നു.
ഇപ്രകാരം ഈശ്വരനെ തിരസ്കരിച്ചിട്ട് അവര്‍ പൊള്ളയായ
സംസാരങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നുമാത്രമല്ല, ഈശ്വരന്‍ ഇല്ലെന്നുള്ള
ദൃഢവിശ്വാസത്തില്‍ അവര്‍ എത്തിച്ചേരുന്നു. അവര്‍ ധര്‍മ്മവിരോധികളാണെന്നുള്ള ധാരണ
പരത്തുന്നു. നാസ്തിക്യം അവരില്‍ വേരൂന്നിയിരിക്കുന്നു. സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള
പ്രത്യാശാസ്ഫുരണങ്ങളോ നരകത്തെപ്പറ്റിയുള്ള ഭീതിയോ അവരുടെ ചിത്തത്തില്‍നിന്നു
കൊഴിഞ്ഞുപോകുന്നു. ആധ്യാത്മികവാസന എരിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ ദേഹബുദ്ധികൊണ്ട്
ശരീരത്തില്‍ ബന്ധിതരാവുകയും മലിനജലത്തിലെ കുമിളകള്‍പോലെ വിഷയസുഖങ്ങളാകുന്ന
ചെളിക്കുണ്ടില്‍ ഒടുങ്ങുകയും ചെയ്യുന്നു. കുളത്തിലെ ജലം വറ്റി മത്സ്യത്തിന്‍റെ
മരണം ദൈവകല്പിതമാകുമ്പോള്‍,
മത്സ്യത്തെ പിടിച്ചെടുക്കാനായി മുക്കുവര്‍ വന്നുചേരുന്നതുപോലെ, ശരീരം ക്ഷയിച്ച്
കൊഴിഞ്ഞുപോകാറാകുമ്പോള്‍ എല്ലാ രോഗങ്ങളും ചേര്‍ന്ന് ശരീരത്തെ ആക്രമിക്കുന്നു.
ലോകത്തിന്‍റെ വിനാശത്തെ സൂചിപ്പിച്ചുകൊണ്ട് ധൂമകേതു ആകാശത്തില്‍ ഉദിക്കുന്നു.
അതുപോലെ ഈ ലോകത്തെ നശിപ്പിക്കുന്നതിനായി ആസുരീസമ്പന്നര്‍ ജനിക്കുന്നു. അഗ്നി അതിന്‍റെ
ചുറ്റും നോക്കാതെ എന്തിനെയും ദഹിപ്പിക്കുന്നതുപോലെ ഇവരുടെ മണ്ഡലപരിധിയിലെത്തുന്ന
എല്ലാവരെയും ഇവര്‍ നശിപ്പിക്കുന്നു. വിഷച്ചെടികളില്‍നിന്ന് വിഷത്തിന്‍റെ
അങ്കുരങ്ങള്‍ മുളയ്ക്കുന്നതുപോലെ ആസുരീവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ പാപത്തില്‍നിന്നു
മുളച്ചുവളരുന്നവരാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ പാപത്തിന്‍റെ ചലിക്കുന്ന ദുഷ്കീര്‍ത്തിസ്തംഭങ്ങളാണ്.
പ്രപഞ്ചത്തിന്റെ സത്ത് സര്‍വവ്യാപിയും സമവസ്ഥിതവുമായ
ഏകീകൃതബലമാണ്. അതാണ് എല്ലാവരിലും എല്ലാറ്റിലുമുള്ള നാശരഹിതമായ ഉണ്മ. അങ്ങനെ ഒന്ന്
ഉണ്ടെന്ന് അറിയാതിരുന്നാല്‍ അത് നഷ്ടപ്പെട്ടതിനു തുല്യംതന്നെ. അത്തരക്കാര്‍
നഷ്ടാത്മാക്കള്‍. കനകം ചുമക്കുന്ന കഴുതയുടെ സ്ഥിതിയിലാണവര്‍. പ്രത്യക്ഷങ്ങള്‍ക്കതീതമായ
ആത്മസ്വരൂപത്തെക്കുറിച്ച് ബോധമുണ്ടാകാന്‍ ബുദ്ധി അത്രയും പടര്‍ന്നു കയറണം. ആ വളര്‍ച്ച
സ്വാഭാവികമായി ഉണ്ടാകുന്നില്ലെങ്കില്‍ ബുദ്ധി മുരടിച്ചു എന്നാണ് അര്‍ഥം. അതു
സംഭവിച്ചവര്‍ അല്പബുദ്ധികള്‍.
മറ്റു ജീവികള്‍ക്കില്ലാത്ത കഴിവുകള്‍ മനുഷ്യനുണ്ട്.
അതത്രയും സമൂഹത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ജീവിതംകൊണ്ട് എന്തു ചെയ്യണം
എന്നു നിശ്ചയിക്കുന്നതില്‍ ഇക്കൂട്ടര്‍ക്ക് പിഴ പറ്റുന്നു. തന്നിഷ്ടം പൊന്നിഷ്ടവും
മുന്നിഷ്ടവുമായിത്തീരുന്നു. ഇന്ദ്രിയസുഖം പരമലക്ഷ്യം. അതു നേടാനുള്ള നിത്യവൃത്തി
നിരങ്കുശമായ വേട്ടയാടല്‍. തനിക്ക് തന്റെ നീതി മാത്രം. എന്തു കടുംകൈയും ചെയ്യും.
സര്‍വചരാചരങ്ങളെയും ദ്രോഹിക്കും. ചുരുക്കത്തില്‍, ഇവര്‍ പ്രപഞ്ചത്തെ
ഉപദ്രവിക്കുന്നവരായി ഭവിക്കുന്നു. അത് ലോകത്തിന്റെയും അവരുടെതന്നെയും
നാശത്തിനാണെന്ന് തിരിച്ചറിയുന്നുമില്ല.
ഇനിയും എത്രത്തോളം താല്പര്യത്തോടെയാണ് ഇവര്‍
ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് ഞാന്‍ വിശദികരിക്കാം.
(തുടരും...)
(തുടരും...)
No comments:
Post a Comment