Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16 -ദൈവാസുരസമ്പദ്വിഭാഗയോഗം- ശ്ളോകം-8

ജഗത്ത് സത്യമായ ഒരു വസ്തുസ്വരൂപത്തോടു കൂടിയതല്ല- ആസുരീമതം:
-------------------------------------------------------------------------------
അസത്യമപ്രതിഷ്ഠം തേ
ജഗദാഹുരനീശ്വരം
അപരസ്പരസംഭൂതം
കിമന്യത് കാമഹൈതുകം

ഈ ജഗത്ത് സത്യമായ ഒരു വസ്തുസ്വരൂപത്തോടു കൂടിയതല്ലെന്നും അതിനൊരാധാരമില്ലെന്നും വ്യപസ്ഥാപകനായിട്ട് അതിനൊരു നിയന്താവില്ലെന്നും സ്ത്രീപുരുഷ സംയോഗം കൊണ്ടുണ്ടായ താണെന്നും സ്ത്രീപുരുഷന്മാരുടെ കാമം തന്നെയാണ് അതിന്‍റെ കാരണമെന്നും അല്ലാതെ മറ്റ് എന്തു കാരണമാണുള്ളതെന്നും ആസുരീസമ്പന്നന്മാര്‍ വാദിക്കുന്നു.

അനാദികാലം മുതല്ക്കു വിശ്വം നിലനില്ക്കുന്നുവെന്നും ഈശ്വരന്‍ അതിന്‍റെ നിയാമകനാണെന്നും ന്യായവും അന്യായവും എന്തെന്ന് വേദങ്ങള്‍ വിധിക്കുന്നുവെന്നും ജനങ്ങള്‍ വിശ്വസിക്കുകയും പറയുകയും ചെയ്യുന്നു. വേദങ്ങളുടെ ദൃഷ്‌ടിയില്‍ സാന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗഭോഗവും അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുന്നവര്‍ക്കു നരകഭോഗത്തിന്‍റെ ശിക്ഷയും ലഭിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ആസുരീസമ്പന്നര്‍ പറയുന്നത് അനാദികാലംമുതല്‍ നിലനിന്നുപോരുന്ന ഈ സാര്‍വ്വലൗകികവ്യവസ്ഥകളൊക്കെ അസത്യവും വ്യര്‍ത്ഥവുമാണെന്നാണ്. യജ്ഞങ്ങളില്‍ ഭ്രമിക്കുന്ന യാജകര്‍ യജ്ഞങ്ങളാല്‍ വഞ്ചിക്കപ്പെടുന്നുവെന്നും, ദേവാരാധനാഭ്രാന്ത്രന്മാര്‍ വിഗ്രഹാരാധനമൂലം വഴിതെറ്റിപ്പോകുന്നുവെന്നും, കാവിവസ്ത്രധാരികളായ യോഗികള്‍ സമാധിയിലൂടെ അനുഭവിക്കുന്ന ചിത്തഹര്‍ഷത്താല്‍ വ്യാമോഹിതരാകുന്നുവെന്നും അവര്‍ പറയുന്നു.

ഒരുവന്‍റെ സാമര്‍ത്ഥ്യംകൊണ്ടു നേടാന്‍ കഴിയുന്നതൊക്കെ ആസ്വദിക്കണമെന്ന് അവര്‍ വാദിക്കുന്നു. അതിനേക്കാള്‍ കവിഞ്ഞ പുണ്യം എന്താണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. അവരുടെ ദൃഷ്ടിയില്‍ വിഷയസുഖങ്ങള്‍ അനുഭവിക്കാതിരിക്കുന്നതാണ് പാപം.
ശാരീരികമായ അവശതകൊണ്ട് വിഷയാനുഭവങ്ങള്‍ക്കു കഴിയാതെ വന്നാല്‍ അതാണ് ഏറ്റവും വലിയ ദുഃഖമെന്ന് അവര്‍ വിശ്വസിക്കുന്നു. ഒരു ധനവാനെ വധിച്ച് ധനം നേടിയാല്‍ അതു പാപമാണെന്നു മറ്റുള്ളവര്‍ പറയുമെങ്കിലും ആ ധനം തങ്ങളുടെ പുണ്യത്തിന്‍റെ ഫലമായിട്ട് തങ്ങള്‍ക്ക് ലഭിച്ചതാണെന്ന് അവര്‍ കരുതുന്നു. അശക്തനെ നശിപ്പിക്കുന്നത് ബലവാനു ദോഷം വരുത്തുമെങ്കില്‍, വലിയ മത്സ്യങ്ങള്‍ ചെറിയ മത്സ്യങ്ങളെ വിഴുങ്ങിയിട്ടും വലിയ മത്സ്യങ്ങളുടെ വംശനാശം വരാത്തത് എന്തുകൊണ്ടാണ്? സന്താനവര്‍ദ്ധനവിനായി വധൂവരന്മാരുടെ വംശപാരമ്പര്യവും കുടുംബസ്ഥിതിയും മറ്റും നോക്കിയാണ് വിവാഹം നടത്തുന്നത്. എന്നാല്‍ ഇതൊന്നും നോക്കാത്ത പക്ഷിമൃഗാദികളുടെ വംശപരമ്പര അനുദിനം വര്‍ദ്ധിച്ചു വരുകയല്ലെ ചെയ്യുന്നത്? ശുഭമുഹൂര്‍ത്തം നോക്കി അവറ്റകളുടെ കല്യാണം ആരെങ്കിലും നടത്തുന്നുണ്ടോ?

ലോകത്തിന്‍റെ നിയാമകനായി ഈശ്വരനുണ്ടെന്നും, ഈശ്വരന്‍ ധര്‍മ്മാധര്‍മ്മ പ്രവര്‍ത്തനങ്ങളുടെ ഫലം ഓരോരുത്തര്‍ക്കും വിഭജിച്ചുകൊടുക്കുമെന്നും, ഒരുവന്‍റെ കര്‍മ്മഫലം പരലോകത്ത് അനുഭവിക്കേണ്ടിവരുമെന്നുമൊക്കെ ശാസ്ത്രങ്ങളില്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന പരലോകത്തേയോ, അത് അനുഭവിപ്പിക്കുന്ന ഈശ്വരനേയോ നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നില്ല. ആകയാല്‍ ശാസ്ത്രങ്ങളില്‍ പറയുന്നതൊക്കെ പൊളിയാണ്. പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍റേയും പാപകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍റേയും മരണശേഷം അവരുടെ കര്‍മ്മഫലം അനുഭവിക്കാന്‍ ആരാണ് ഇവിടെ ശേഷിക്കുന്നത്? സ്ത്രീപുരുഷന്മാരുടെ വിഷയാസക്തമായ കാമവും യോഗവും കൊണ്ടാണ് ഈ ജഗത്ത് ജനിക്കുന്നതും നിലനില്ക്കുന്നതും. മനുഷ്യനു പ്രയോജനപ്രദങ്ങളായ കാര്യങ്ങളെ അവന്‍റെ വികാരങ്ങള്‍ വളര്‍ത്തുന്നു. എന്നാല്‍ അവയ്ക്ക് ഊനം തട്ടുമ്പോള്‍ പരസ്പരവിദ്വേഷത്തിലൂടെ ഈ വികാരങ്ങള്‍ ലോകത്തെ തകര്‍ക്കുന്നു.

ബുദ്ധിയില്ലായ്മയല്ല, ഉള്ള ബുദ്ധി നേരേയാകായ്കയാണ് പ്രശ്‌നം. പ്രപഞ്ചത്തെ ഇന്ദ്രിയാനുഭവത്തിലൂടെ മാത്രം നിരീക്ഷിക്കുന്നവരും എല്ലാമെല്ലാം പരിണമിക്കുന്നതായി അറിയുന്നു. പക്ഷേ, ആ അറിവിന്റെ പൂവ് കാപിടിക്കുന്നില്ല. കാരണം, ഇവര്‍ക്ക് അടിസ്ഥാനപരമായ ഒരു തെറ്റു പറ്റുന്നു. ചിരപരിണാമിയായ ഏതിനും നിലനില്ക്കാന്‍ അവ്യയമായ ഒരു അടിത്തറ കൂടാതെ കഴിയില്ല എന്ന ലളിതസത്യം മനസ്സിലാകാത്തതാണ് ആ തെറ്റ്. എന്നിട്ടോ, സത്തയില്ലാത്തതാണ് (അസത്യം) ജഗത്ത് എന്ന് കരുതാനിടയാവുന്നു. പ്രാഥമികമായ ഈ കാഴ്ചദോഷത്തിന്റെ ഫലമാണ് പിന്നീടു പറ്റുന്ന എല്ലാ പ്രമാദങ്ങളും. പ്രപഞ്ചം അധിഷ്ഠാനമില്ലാത്തതാണ് (അപ്രതിഷ്ഠം) എന്ന നിഗമനം ഉദാഹരണം. നാഥനില്ലാക്കളരിയാണ് (അനീശ്വരം) എന്നത് അതിന്റെ തുടര്‍ച്ച.

ജീവിതത്തില്‍ ആകെ ആശിക്കാനുള്ളതും സാധിക്കാവുന്നതും അവനവന്റെ കാമ(ആഗ്രഹ)പൂര്‍ത്തിയാണ് എന്ന നിഗമനത്തോടെയുള്ള എല്ലാ പ്രവൃത്തിയും ലോകോപദ്രവമാണാവുക എന്ന സത്യം ആസുരീമതക്കാർക്കു മനസ്സിലാക്കാൻ കഴിയുന്നില്ല.

(തുടരും...)

No comments:

Post a Comment