Saturday, 5 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-17 -ശ്രദ്ധാത്രയവിഭാഗയോഗം-ശ്ളോകം-4

സാത്ത്വികശ്രദ്ധ ധാരാളമായി ആര്‍ജ്ജിക്കുക:
--------------------------------------------------------------
യജന്തേ സാത്ത്വികാ ദേവാന്‍
യക്ഷരക്ഷാംസി രാജസാഃ
പ്രേതാന്‍ ഭൂതഗണാംശ്ചാന്യേ
യജന്തേ താമസാ ജനാഃ

സാത്ത്വികന്മാര്‍ ദേവന്മാരെ ആരാധിക്കുന്നു. രാജസന്മാര്‍ യക്ഷരക്ഷസ്സുകളെ പൂജിക്കുന്നു. മറ്റുള്ള താമസ്സന്മാരാകട്ടെ പ്രേതഭൂതങ്ങളെ സേവിക്കുന്നു.

സാത്ത്വികശ്രദ്ധകൊണ്ടു നിറഞ്ഞവരുടെ മനസ്സ് സാധാരണയായി സ്വര്‍ഗ്ഗീയാനന്ദത്തിലേക്ക് ലക്ഷ്യമിട്ടിരിക്കും. അവര്‍ സര്‍വ്വവിദ്യാദ്ധ്യായനം നടത്തുകയും യജ്ഞക്രിയയില്‍ നിഷ്ണാതന്മാരായിരിക്കുകയും ചെയ്യും. അവര്‍ ദേവലോകത്തില്‍ എത്തുന്നു. അല്ലയോ വീരശ്രേഷ്ഠാ! അര്‍ജ്ജുന, രജോഗുണാത്മകതയുള്ള അന്തഃകരണത്തോടുകൂടിയവന്‍ ശ്രദ്ധാരാജസികളാണ്. അവര്‍ യക്ഷന്മാരേയും രാക്ഷസന്മാരേയും ഉപാസിക്കുന്നു. ഇനിയും താമസീശ്രദ്ധയുള്ളവരെപ്പറ്റി പറയാം. അവര്‍ ദുരാചാരികളും കര്‍ക്കശന്മാരും നിര്‍ദ്ദയരുമാണ്. അവര്‍ ജീവികളെ വധിച്ച് അവയുടെ രക്തവും മാംസവും ഉപയോഗിച്ച് ഭൂതപ്രേതാദികള്‍ക്ക് രാത്രികാലങ്ങളില്‍ ശ്മശാനത്തില്‍പോയി ബലിയര്‍പ്പിക്കുന്നു. തമോഗുണത്തില്‍നിന്നു കടഞ്ഞെടുത്ത അവര്‍ താമസീശ്രദ്ധയുടെ വാസസ്ഥാനങ്ങളാണ്.

ഈ ജഗത്തില്‍ കാണുന്ന മൂന്നു വിധത്തിലുള്ള ശ്രദ്ധയുടെ ലക്ഷണങ്ങള്‍ ഇപ്രകാരമാണ്. ആകയാല്‍ പ്രബുദ്ധനായ അര്‍ജ്ജുന, നീ സാത്ത്വികശ്രദ്ധ ധാരാളമായി ആര്‍ജ്ജിക്കുകയും അതിനെതിരായിട്ടുള്ള മറ്റു രണ്ടു ശ്രദ്ധകളും ഉപേക്ഷിക്കുകയും ചെയ്യണം. സ്വാത്ത്വിക ബുദ്ധികളായിട്ടുള്ളവര്‍ ബ്രഹ്മസൂത്രം പഠിച്ചിട്ടില്ലെങ്കിലും ശാസ്ത്രപരിശീലനം നടത്തിയിട്ടില്ലെങ്കിലും നവസിദ്ധാന്തങ്ങള്‍ ഗ്രഹിച്ചിട്ടില്ലെങ്കിലും, കൈവല്യം കൈവരിക്കുമോ എന്ന കാര്യത്തില്‍ ലേശംപോലും ശങ്കിക്കേണ്ടതില്ല. ശ്രുതിസ്മൃതികളില്‍ അഗാധമായ ജ്ഞാനം സമ്പാദിക്കുകയും അത് ലോകസംഗ്രഹത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന ജ്ഞാനികളെ അവതാരപുരുഷന്മാരെ പ്പോലെ ലോകം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവരുടെ കാലടിപ്പാടുകളെ പിന്തുടരുന്ന സാത്ത്വികശ്രദ്ധാലുവായ ഒരുവന് പ്രസ്തുത ജ്ഞാനികള്‍ക്കു 
ലഭിച്ച അതേ ഫലംതന്നെ ലഭിക്കുന്നു.

ഒരുവന്‍ വളരെ പ്രയത്നിച്ചിട്ടായിരിക്കും ഒരു ദീപം തെളിച്ചത്. അപ്രകാരം തെളിയിച്ച ദീപത്തില്‍നിന്ന് മറ്റൊരുവന്‍ അയത്നലളിതമായി രണ്ടാമതൊരു ദീപം തെളിയിച്ചാല്‍, ആ ദീപത്തിന്‍റെ പ്രകാശം അവനെ വഞ്ചിക്കുമോ? ധാരാളം പണം ചിലവുചെയ്ത് ഒരു മണിമാളിക പണിയിച്ചവനു ലഭിക്കുന്ന അതേ സുഖസൗകര്യങ്ങള്‍ തന്നെ ആ മണിമാളികയില്‍ പാര്‍ക്കാനിടവരുന്ന മറ്റൊരുവനും ലഭിക്കുകയില്ലേ? ഒരു ജലാശയത്തിലെ ജലം ആ ജലാശയനിര്‍മ്മാതാവിന്‍റെ മാത്രമല്ലാതെ മറ്റാരുടേയും ദാഹം ശമിപ്പിക്കുകയില്ലേ? ഒരു ഗൃഹത്തില്‍ ഭക്ഷണം പാകംചെയ്യുന്നത് അതു പാചകം ചെയ്യുന്ന ആളിനുവേണ്ടി മാത്രമാണോ? ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥനു മാത്രമേ അതു പുണ്യജലമാകുന്നുള്ളോ? ലോകത്തിലുള്ള മറ്റുള്ളവര്‍ക്ക് അതു വെറും നദീജലം മാത്രമാണോ? അതുപോലെ, ശാസ്ത്രാചാരങ്ങള്‍ വേണ്ടവിധം അനുഷ്ടിക്കുന്നവരെ തന്‍റെ കഴിവിനൊത്ത് ബദ്ധശ്രദ്ധയോടെ പിന്തുടരുന്ന ഒരു മൂഢനുപോലും മോചനം ലഭിക്കും. അവനും മറ്റെ തീരത്ത് അണയുന്നു.

സങ്കല്പം എവ്വിധമായാലും ശ്രദ്ധ അതില്‍ ഉറച്ചാല്‍ വിശ്വാസം ഫലിക്കും. കാരണം, എല്ലാം പരമാത്മപ്രഭാവമായതിനാല്‍, ഇങ്ങനെ താദാത്മ്യപ്പെടുന്ന സങ്കല്പവും പരോക്ഷമായി ആണെന്നാലും, അതുതന്നെ. പക്ഷേ, ശ്രദ്ധ ഇത്തരം ഇടനിലകളില്‍ ഉറച്ചുപോയാല്‍, ഈ അപക്വമായ ശ്രദ്ധയുടെ വാസന പ്രാണിയുടെ 'ഞാന്‍ ഇതാണ്' എന്ന ബോധത്തില്‍ അഥവാ അഹങ്കരണത്തില്‍ കൂടുതല്‍ ആഴത്തിലുറയ്ക്കും. അഹങ്കരണം ബുദ്ധിയേക്കാള്‍ സൂക്ഷ്മമായതുകൊണ്ട് ഇതില്‍ ഉറച്ചുപോകുന്നത് ഇല്ലാതാക്കാന്‍ കൂടുതല്‍ പ്രയാസമാണ്. തന്നെപ്പറ്റിത്തന്നെ, ഉള്ളിത്തൊലിപോലെയുള്ള, ഇത്തരം ധാരണകള്‍ കൂടുന്തോറും ഏറ്റവും കാതലായ പരമാത്മസാരൂപ്യം അത്രത്തോളം അസാധ്യവും ആകും.

ശ്രദ്ധാലുക്കളാണ് മനുഷ്യരെല്ലാവരുമെങ്കിലും ശ്രദ്ധകള്‍, ഇത്തരത്തില്‍, വിഭിന്നങ്ങളാണ്. എല്ലാ മനുഷ്യരിലും എല്ലാ വിധ ശ്രദ്ധയുടെയും ബീജങ്ങള്‍ ഉള്ളതിനാല്‍ ആരുടെയും ഏതുതരം ശ്രദ്ധയും മറ്റൊന്നിന്റെയും കലര്‍പ്പില്ലാത്തതോ മാറ്റാനാവാത്ത അനങ്ങാപ്പാറയോ അല്ല. നമ്മുടെ ശ്രദ്ധയുടെ തരം വിശദമായ ആത്മപരിശോധന നടത്തി മനസ്സിലാക്കാം.
(
തുടരും...)

No comments:

Post a Comment