ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-17
-ശ്രദ്ധാത്രയവിഭാഗയോഗം-ശ്ളോകം-11
സത്ത്വയജ്ഞര്‍ ഫലവാഞ്ഛാത്യാഗികളാണ്:
അഫലാകാംക്ഷിഭിര്‍യജ്ഞോ
വിധിദൃഷ്ടോ യ ഇജ്യതേ
യഷ്ടവ്യമേവേതി മനഃ
സമാധായ സ സാത്ത്വികഃ
വിധിദൃഷ്ടോ യ ഇജ്യതേ
യഷ്ടവ്യമേവേതി മനഃ
സമാധായ സ സാത്ത്വികഃ
ഭൗതിക ഫലകാംക്ഷയൊന്നും ഇല്ലാത്തവരാല്‍ ശാസ്ത്രവിഹിതമായ
ഏതു യജ്ഞം അനുഷ്ഠിക്കപ്പെടേണ്ടതുതന്നെയെന്നു കരുതി മനസ്സിനെ ഏകാഗ്രമാക്കിയിട്ട്
അനുഷ്ഠിക്കപ്പെടുന്നുവോ ആ യജ്ഞം സാത്ത്വികമാകുന്നു.
ഭഗവാന്‍ തുടര്‍ന്നു: അല്ലയോ കീര്‍ത്തിമാന്മാരില്‍
ശിരോമണിയായ അര്‍ജ്ജുന, ത്രിവിധ
ആഹാരംപോലെ യജ്ഞവും മൂന്നുവിധത്തിലാണുള്ളത്. അതില്‍ സത്ത്വയജ്ഞത്തിന്‍റെ
ലക്ഷണങ്ങളെപ്പറ്റി ആദ്യം പറയാം.
പതിവ്രതയായ ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിനെയല്ലാതെ
മറ്റാരെയും തന്‍റെ മനസ്സില്‍ സങ്കല്പിക്കുകപോലും ചെയ്യുകയില്ല. ഗംഗാനദി
സമുദ്രത്തില്‍ ലയിച്ചു കഴിയുമ്പോള്‍ അതിന്‍റെ മുന്നോട്ടുള്ള ഒഴുക്കു
നിലയ്ക്കുന്നു. വേദങ്ങള്‍ പരമാത്മദര്‍ശനത്തോടെ നിശബ്ദമാകുന്നു. ഈ വിധത്തില്‍
സാത്ത്വികബുദ്ധികള്‍ യാതൊരു ഫലേച്ഛയുമില്ലാതെ അവരുടെ മനസ്സുമുഴുവന്‍ യജ്ഞപ്രവര്‍ത്തനങ്ങളില്‍
സമര്‍പ്പിക്കുന്നു. വൃക്ഷത്തിന്‍റെ ചുവട്ടിലെത്തുന്ന വെള്ളം തിരിച്ചെവിടെയും
പോകുന്നില്ല. വേരുകള്‍ ആ വെള്ളം വലിച്ചെടുത്ത് വൃക്ഷത്തിന്‍റെ എല്ലാ ഭാഗങ്ങളിലും
എത്തിക്കുന്നു. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെയാണ് ആ വെള്ളം വൃക്ഷത്തെ പുഷ്‍ടിപ്പെടുത്തുന്നത്.
അതുപോലെ വിശ്വക്ഷേമത്തെ ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍
യജ്ഞങ്ങള്‍ ചെയ്യുന്നതിനായി നിശ്ചയിക്കുകയും നിസ്വാര്‍ത്ഥതയോടെ ഹൃദയംഗമമായി അതില്‍
മുഴുകുകയും ചെയ്യുന്നു. അവര്‍ക്ക് ഒരു വിധത്തിലുമുള്ള ഫലകാംക്ഷയില്ല. അവര്‍
ഫലവാഞ്ഛാത്യാഗികളാണ്. സ്വധര്‍മ്മത്തിലല്ലാതെ മറ്റെല്ലാറ്റിലും അവര്‍ വിരാഗികളാണ്.
ശാസ്ത്രവിധിപ്രകാരം പരിപൂര്‍ണ്ണമായിട്ടാണ് അവര്‍ യജ്ഞങ്ങള്‍ ചെയ്തുതീര്‍ക്കുന്നത്.
മുഖക്കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖം വ്യക്തമായി
കാണുന്നു. ദീപപ്രകാശത്തില്‍ പാണിതലത്തിലിരിക്കുന്ന രത്നം കാണാന്‍ കഴിയും. സൂര്യന്‍
ഉദിക്കുമ്പോള്‍ യാത്രചെയ്യേണ്ട വഴി തിരിച്ചറിയുന്നു. അതുപോലെ ബദ്ധശ്രദ്ധയോടെ
വേദങ്ങള്‍ പഠിക്കുമ്പോള്‍ ശാസ്ത്രരീത്യാ യജ്ഞങ്ങള്‍ നടത്തേണ്ടുന്നത് എങ്ങനെയെന്ന്
അവര്‍ മനസ്സിലാക്കുന്നു. അതനുസരിച്ച് യജ്ഞകുണ്ഡം, യജ്ഞമണ്ഡപം, യജ്ഞവേദി
തുടങ്ങിയവയെല്ലാം തയ്യാറാക്കുന്നു. വിവിധതരത്തിലുള്ള ആഭരണങ്ങള്‍ ശരീരത്തിലെ എല്ലാ
അവയവങ്ങളിലും ഉചിതമായി അണിയുമ്പോള്‍ അവ ചേതോമോഹനമായി കാണപ്പെടുന്നതുപോലെ
യജ്ഞത്തിനാവശ്യമായ സാമഗ്രികളെല്ലാം സംഭരിച്ച്, സമഞ്ജസമായി
അടുക്കിവെച്ച്, യജ്ഞം
നടത്തിയാല്‍ ആ യജ്ഞത്തിന്‍റെ മനോഹാരിതയേയും മഹത്ത്വത്തേയും പറ്റി എപ്രകാരമാണ്
ശ്ലാഘിക്കേണ്ടത്? ആ
യജ്ഞമണ്ഡപം കാണുമ്പോള്‍ത്തന്നെ യജ്ഞവിദ്യാദേവി അവതാരമെടുത്ത് അവിടെ
പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നു തോന്നും. അപ്രകാരമുള്ള യജ്ഞം എല്ലാവിധത്തിലും
സമ്പൂര്‍ണ്ണത ഉള്ളതായിരിക്കും. അതു ഫലത്തെ ഇച്ഛിച്ചുകൊണ്ടുള്ളതായിരിക്കുകയില്ല.
സ്വയം മേന്മ കാട്ടുന്നതിനും ആയിരിക്കുകയില്ല. അത് പുഷ്പമോ ഫലമോ തണലോ
പ്രതീക്ഷിക്കാതെ തുളസിച്ചെടികളെ വെള്ളമൊഴിച്ചു വളര്‍ത്തുന്നതുപോലെയാണ്. ആകയാല്‍
അതീവശ്രദ്ധയോടെ ഉചിതമായും നിഷ്ക്കാമമായും നടത്തുന്ന യജ്ഞങ്ങള്‍
സാത്ത്വികയജ്ഞങ്ങളാണെന്നറിയുക.
(തുടരും...)
(തുടരും...)
No comments:
Post a Comment