Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-70

അധ്യേഷ്യതേ ച യ ഇമം
ധര്‍മ്യം സംവാദമാവയോഃ
ജ്ഞാനയജ്ഞേന തേനാഹം
ഇഷ്ടഃ സ്യാമിതി മേ മതിഃ

എന്നുമാത്രമല്ല, ഈശ്വരപ്രാപ്തിക്കുപകരിക്കുന്ന, നമ്മുടെ രണ്ടുപേരുടെയും ഈ സംഭാഷണം ആരാണോ പഠിച്ച് മനനം ചെയ്യുന്നത്, അവന്‍ എന്നെ ജ്ഞാനയജ്ഞംകൊണ്ട് ആരാധിക്കുന്നതായി ഞാന്‍ കണക്കാക്കുന്നു.

മന്ത്രശബ്ദത്തിന്റെ അകമ്പടിയോടെ യഥാര്‍ഥ അഗ്‌നിയില്‍ യഥാര്‍ഥദ്രവ്യങ്ങള്‍ ആഹുതി ചെയ്യലാണ് വേദങ്ങളില്‍ പറയുന്ന യജ്ഞം. ജ്ഞാനയജ്ഞം തികച്ചും വ്യത്യസ്തമായ ഒന്നാണ്. അന്തഃകരണമാണ് ഇവിടെ ഹോമകുണ്ഡം. ജ്ഞാനമാണ് അഗ്‌നി. അത് അവനവനിലെ അരണി കടഞ്ഞ് ജ്വലിപ്പിക്കാം. അതിന്റെ കലവറകളായ ഗുരുനാഥരില്‍നിന്ന് ഏറ്റുവാങ്ങുകയും ആകാം. ഒരു പൊരി കിട്ടിയാല്‍ പിന്നെ അതിലേക്ക് ഇന്ധനമായി ആഹുതി ചെയ്യാന്‍ ധാരാളം സാമഗ്രി നമ്മുടെ കൈയില്‍ ഉണ്ട്. കണക്കറ്റ അറിവില്ലായ്മകള്‍തന്നെ! ഹോമകുണ്ഡത്തിലേക്ക് അതില്‍നിന്നെടുത്ത് പകരുന്തോറും ആ പകര്‍ച്ച ഭക്ഷിച്ച് അറിവിന്റെ അഗ്‌നി അഭിവൃദ്ധിപ്പെടും. ഈ യജ്ഞത്തിന്റെ മുറകള്‍ക്ക് പ്രമാണം ഗീതാപാഠംതന്നെ. എപ്പോള്‍ ഏത് അജ്ഞാനം ഏതളവില്‍ എന്തു സങ്കല്പത്തോടെ ഹോമിക്കണം എന്ന് ഗീത പറഞ്ഞു തരുന്നു.

അജ്ഞാനസഞ്ചയം ഒടുങ്ങുമ്പോള്‍ യജ്ഞം അവസാനിക്കുന്നു. അതോടെ അഗ്‌നിശുദ്ധി ആയി. ജ്ഞാനം ശുദ്ധീകരണോപാധി മാത്രമാണ്. വിശുദ്ധി പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നെ ജ്ഞാനംപോലും ആവശ്യമില്ല. ആത്മസാരൂപ്യത്തില്‍ യജ്ഞം സമാപിക്കുന്നു.

ഈ യജ്ഞത്തിന് എങ്ങും യാഗശാല പണിയേണ്ടതില്ല. എവിടെയും ചമ്രംപടിഞ്ഞ് ഇരിക്കേണ്ടതുമില്ല. നിത്യജീവിതപ്രാരാബ്ധങ്ങള്‍ക്കു സമാന്തരമായി അവയോടൊപ്പം നടത്താവുന്ന യജ്ഞമാണ് ഇത്.

അറിവില്ലായ്മയില്‍നിന്ന് സന്ദേഹങ്ങള്‍ ഉണ്ടാകുന്നു. അറിവു വളരാനുള്ള കാരണവും ഉപാധിയുമാണ് സന്ദേഹം. സന്ദേഹം വെച്ചുകൊണ്ടിരുന്നാല്‍ ഉപ്പിരുന്ന കലംപോലെ ഉള്ളം നശിക്കും. അത് തീര്‍ക്കണം. അറിവുള്ളവരോടോ തന്നോടുതന്നെയോ ചോദിച്ചുകൊണ്ടേ ഇരിക്കണം. ഗീതാപാഠത്തെ വീണ്ടും വീണ്ടും ആശ്രയിക്കാം. അര്‍ജുനന്‍ ചോദിച്ച സമാനചോദ്യങ്ങള്‍ക്കു നല്‍കപ്പെട്ട ഉത്തരങ്ങളെ ഊന്നാക്കാം.

ഓരോ സംശയവും എരിയുമ്പോള്‍ ജ്ഞാനാഗ്‌നി അത്രയ്ക്ക് അഭിവൃദ്ധിപ്പെടുന്നു. ലോകത്തെയും ജീവിതത്തെയും തന്നെയും പറ്റി എല്ലാ കാലത്തും ലോകത്തെവിടെയുമുള്ള മനുഷ്യന് ഉണ്ടാകാവുന്ന അടിസ്ഥാനസംശയങ്ങള്‍ എല്ലാംതന്നെ അടുക്കി ക്രോഡീകരിച്ച് യുക്തിസഹമായ ഉത്തരം നല്‍കി ഗീത മാനവരാശിയെ പരമമായ അറിവിലേക്കു നയിച്ച് അനുഗ്രഹിച്ചിരിക്കുന്നു. അറിവിന്റെ വിവിധതലങ്ങളില്‍ ഏതില്‍ എത്തിനില്‍ക്കുന്നവര്‍ക്കും ആ തലങ്ങളില്‍നിന്നുള്ള പുരോഗതിയെപ്പറ്റി ഗീതയില്‍ പറഞ്ഞിട്ടുണ്ട്.

അറിവിന്റെ താഴത്തെ തലങ്ങളിലുള്ള, ഈശ്വരന്‍ വേറെ ഞാന്‍ വേറെ എന്ന ധാരണയെയും, സ്വര്‍ഗനരകങ്ങളെയും, യാഗയജ്ഞാദികളെയും, പുനര്‍ജന്മങ്ങളെയും മറ്റ് ധാരണകളെയും ഒന്നുംതന്നെ ഗീത നിഷേധിക്കുന്നില്ല. അഖിലവും നിറഞ്ഞിരിക്കുന്ന പരമാത്മാവെന്ന സര്‍വാതിശായിയായ മഹാദര്‍ശനത്തിന്റെ മുന്നില്‍ ബാക്കി എല്ലാ അറിവുകളും സ്വാഭാവികമായി നിഷ്പ്രഭമാവുകയാണ്, സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ചെറുവിളക്കുകളുടെ പ്രകാശം ആവശ്യമില്ലാതാകുന്നപോലെ.

വേറിട്ട സഹജസ്വഭാവമനുസരിച്ച് ഓരോരുത്തര്‍ക്കും സ്വന്തം കൈവഴി തിരഞ്ഞെടുക്കാനുള്ള ഉപായവും ലഭ്യമാണ്. ഉടുപ്പു തരുന്നില്ല, ഉടുപ്പു തീര്‍ക്കാനുള്ള തുണിയും സാമഗ്രികളും നല്‍കി സ്വന്തം വലിപ്പത്തിനും ആകൃതിക്കും ഇഷ്ടത്തിനുമൊത്തത് തീര്‍ത്തോളാനാണ് നിര്‍ദേശം.

പ്രാഥമികതലം മുതല്‍ അങ്ങേയറ്റം വരെ ഉള്ള എല്ലാ അറിവിന്റെയും ഉറവിടം പരമാത്മചൈതന്യമാണ്. അതിനാല്‍, ആത്മസാരൂപ്യത്തിലേക്കുള്ള രാജപാതയായ അറിവും ആ ചൈതന്യത്തിന്റെ പ്രസാദംതന്നെ. അറിവുതന്നെയാണ് അറിവിനെ മറച്ച് നില്‍ക്കുന്നത്. അറിവുതന്നെയാണ് അറിവിലേക്കു നയിക്കുന്നതും. ആ യാത്രയില്‍ അറിവിനെ ആരാധിക്കുന്നതും അറിവുതന്നെയാണ്. ആരാധനാവിഷയവും ആരാധകനും ഒന്നുതന്നെയാകുമ്പോള്‍ യാത്ര അവസാനിക്കുന്നു.

(തുടരും...)

No comments:

Post a Comment