Thursday, 17 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം- ശ്ളോകം-74

സഞ്ജയന്‍ ഉവാച -

ഇത്യഹം വാസുദേവസ്യ
പാര്‍ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൗഷം
അദ്ഭുതം രോമഹര്‍ഷണം

സഞ്ജയന്‍ പറഞ്ഞു -
ഇപ്രകാരം ഞാന്‍ (സര്‍വാത്മാവായ) വാസുദേവന്റെയും മഹാത്മാവായ പാര്‍ഥന്റെയും അദ്ഭുതകരവും രോമാഞ്ചജനകവുമായ ഈ സംവാദം കേട്ടു.

സര്‍വാത്മാവാണ് കൃഷ്ണന്‍. അര്‍ജുനന്‍ മഹാത്മാവുമാണ്. ഇത്രയും പ്രധാനപ്പെട്ട രണ്ടുപേര്‍ തമ്മിലുള്ള ചര്‍ച്ച വളരെ വലിയ പ്രാധാന്യം, അഥവാ അദ്ഭുതം ഉള്ളതുതന്നെ. മനുഷ്യരില്‍ മികവുറ്റ ഒരാളുടെ ജീവനും പ്രപഞ്ചത്തിന്റെ ജീവനും തമ്മിലൊരു സംഭാഷണം മുന്‍പൊരിക്കലും ആരും നേരിട്ടു കേട്ടിട്ടില്ല, രേഖപ്പെടുത്തിയിട്ടുമില്ല. സംഭാഷണത്തിന്റെ ഉള്ളടക്കമോ അതിലേറെ അദ്ഭുതകരം. എല്ലാ ദുഃഖങ്ങളും അവസാനിപ്പിക്കാനും ശാശ്വതാനന്ദം അനുഭവിക്കാനുമുള്ള ദിവ്യാമൃതത്തിന്റെ പരമരഹസ്യമായ സൂത്രവാക്യമാണ് (formula) ഈ സംവാദത്തില്‍ വെളിപ്പെടുന്നത്.

കൂരിരുട്ടില്‍ തപ്പിത്തടഞ്ഞും നരകിച്ചും നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ലോകത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിന്റെ പ്രളയം പെട്ടെന്നുണ്ടായാല്‍ അദ്ഭുതവും രോമാഞ്ചവും സ്വാഭാവികം.

(തുടരും...)

No comments:

Post a Comment