ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-10
ശ്ളോകം-10
ന ദ്വേഷ്ട്യകുശലം കര്‍മ
കുശലേ നാനുഷജതേ
ത്യാഗീ സത്ത്വസമാവിഷ്ടഃ
മേധാവീ ഛിന്നസംശയഃ
കുശലേ നാനുഷജതേ
ത്യാഗീ സത്ത്വസമാവിഷ്ടഃ
മേധാവീ ഛിന്നസംശയഃ
സത്ത്വഗുണം നിറഞ്ഞവനും സത്യം മനസ്സിലാക്കിയവനും (കര്‍മത്തെയും
അകര്‍മത്തെയും കുറിച്ച്) സംശയങ്ങളറ്റവനുമായ (കര്‍മഫല) ത്യാഗി ദേഹായാസകരങ്ങളായ കര്‍മങ്ങളെ
വെറുക്കുന്നില്ല, അനായാസകര്‍മങ്ങളില്‍
ആസക്തനായിപ്പോകുന്നുമില്ല.
ശരീരം ഒരു ഉപകരണമാണ്. ഈ ശരീരം നാം ബോധപൂര്‍വം
നമുക്കുവേണ്ടി നിര്‍മിച്ചതല്ല. നാം ഉറങ്ങുമ്പോഴും ശ്വസനം മുതലായ കര്‍മങ്ങള്‍ അത്
സ്വയം ചെയ്യുന്നു. പ്രപഞ്ചത്തിന്റെ ഓരോ ഘടകത്തിനും പ്രപഞ്ചസംവിധാനത്തില്‍ നിയതമായ
കര്‍മമുണ്ട്. ആ കര്‍മം മൊത്തം സംവിധാനത്തിന്റെ നടത്തിപ്പിന്റെ ഭാഗമാണ്. അതിനാല്‍, ഒരാള്‍ക്കും നിയതകര്‍മങ്ങള്‍
കൈയൊഴിയാനാവില്ല.
സത്ത്വഗുണസമ്പന്നനും അറിവുകൊണ്ട് സത്യം കണ്ടെത്തി
സംശയങ്ങളറ്റവനും പഠിച്ചതൊക്കെ ബുദ്ധിയില്‍ വേണ്ടപോലെ നിലനിര്‍ത്താന്‍
ശക്തിയുള്ളവനും നിയതകര്‍മങ്ങള്‍ എത്ര കഠിനമാണെങ്കിലും ചെയ്യുന്നു, അവയില്‍ വെള്ളം ചേര്‍ക്കാന്‍
ശ്രമിക്കുന്നുമില്ല. കര്‍മങ്ങളുടെ ആകെത്തുകയാണ് മനുഷ്യന്റെ നിലനില്പിന്റെ പിന്‍ബലം.
വൈരുധ്യാത്മകമായ പ്രകൃതിയെ ആശ്രയിച്ചാണ് ജീവചലനം.
പരമാത്മസ്വരൂപമാകട്ടെ, സമവസ്ഥിതമാണ്, സമന്വിതാവസ്ഥയാണ്.
ജീവിച്ചിരിക്കെ അതുമായി താദാത്മ്യം പ്രാപിക്കാന്‍ സംഗരഹിതമായും ഫലേച്ഛ കൂടാതെയും
നിയതകര്‍മങ്ങള്‍ ചെയ്തു ശീലിക്കേണ്ടതാണ്.
ഇത് എളുപ്പമല്ല. കാരണം, പ്രവര്‍ത്തനോപാധികളായ
ഇന്ദ്രിയങ്ങള്‍ പ്രകൃത്യാ ദ്വന്ദ്വങ്ങളില്‍ അധിഷ്ഠിതങ്ങളാണ്. സുഖാനുഭൂതിയും
അസുഖാനുഭൂതിയും അവ ഉളവാക്കിക്കൊണ്ടേ ഇരിക്കും. സുഖദുഃഖങ്ങളെ തിരിച്ചറിയുന്നത്
ദേഹരക്ഷയ്ക്ക് ആവശ്യവുമാണ്. പക്ഷേ, അവയെ വാസനകളുമായി
ബന്ധപ്പെടാന്‍ അനുവദിക്കാതിരിക്കാം. ഈ നിയന്ത്രണം നമുക്ക് അപരിചിതമല്ല. വിഷമമുള്ള
വിഷയങ്ങളും പഠിക്കാന്‍ നമുക്കു സാധിക്കുന്നില്ലേ? അരുചികരമായ മരുന്ന് നാം
ശീലിക്കാറില്ലേ? ഭഗവദ്ഗീത
പാരായണം ചെയ്തും അവശ്യം ചെയ്തിരിക്കേണ്ട മൂന്നുതരം കര്‍മങ്ങള്‍ ചെയ്തു ശീലിച്ചും
അറിവ് അനുഭവപാഠമാക്കാം. ആദ്യമൊക്കെ സംശയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
പുരോഗമിക്കുന്തോറും ഈ അറിവ് വിജ്ഞാനമായി, സ്വാഭാവികമായി
ജീവിതത്തില്‍ വരും. അപ്പോള്‍ കര്‍മയോഗം എളുപ്പമാകും.
ഇങ്ങനെ വാസനകള്‍ ഒടുങ്ങിയാലോ? പിന്നെ കര്‍മമെന്തിന്? പ്രപഞ്ചമെന്ന സിംഫണിയില്‍
ഭാഗഭാക്കാകാന്‍തന്നെ. ലയം സാധിക്കുന്നത് ആ അവസ്ഥയിലാണ്. കര്‍മങ്ങള്‍
അവസാനിക്കുന്നിടത്തല്ല സാക്ഷാത്കാരം തുടങ്ങുന്നത്. വാസനകളൊടുങ്ങിയാല്‍പ്പിന്നെ ഓരോ
കര്‍മവും സാക്ഷാത്കാരത്തുടര്‍ച്ചയാണ്. നിര്‍മമമായി ലോകത്തെങ്ങും പ്രകാശംപരത്തുന്ന
സൂര്യന്റേതുപോലുള്ള അത്തരം കര്‍മമാണ് മാനുഷികാവസ്ഥയിലെ ആത്യന്തികധര്‍മം.
(തുടരും)
No comments:
Post a Comment