Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16 -ദൈവാസുരസമ്പദ്വിഭാഗയോഗം- ശ്ളോകം-14
അസൌ മയാ ഹതഃ ശത്രുര്‍
ഹനിഷ്യേ ചാപരാനപി
ഈശ്വരോഹമഹം ഭോഗീ
സിദ്ധോഹം ബലവാന്‍ സുഖീ

ആ ശത്രുവിനെ ഞാന്‍ കൊന്നു. മറ്റു ശത്രുക്കളേയും ഞാന്‍ കൊല്ലും. ഞാന്‍ തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നവന്‍. ഞാന്‍ ഇതെല്ലാം അനുഭവിക്കുന്നു. ഞാന്‍ സിദ്ധനാണ്; ബലവാനും സുഖിയുമാണ്.

ഞാന്‍ ചുരുക്കം പേരെ മാത്രമേ ഇതുവരെയായി വധിച്ചിട്ടുള്ളൂ. ഞാന്‍ കൂടുതല്‍ ആളുകളെ വധിച്ച് സുഖസമൃദ്ധമായ ഒരു ജീവിതം നയിക്കും. ഞാന്‍ എല്ലാവരേയും എന്‍റെ അടിമകളാക്കും. അതിനു വഴിപ്പെടാത്തവരെ ഞാന്‍ വധിക്കും. ചുരുക്കത്തില്‍ ഞാന്‍ ഈ വിശ്വത്തില്‍ വിശ്വനായകനായി വാഴും. ഞാന്‍ ഈ ലോകത്തിലുള്ള എല്ലാ സുഖങ്ങളും അനുഭവിക്കും. എന്‍റെ ഐശ്വര്യം കണ്ട് ദേവലോകത്തിന്‍റെ അധിപതിയായ ദേവേന്ദ്രന്‍പോലും അസൂയപ്പെടും. ഞാന്‍ മനസാ വാചാ കര്‍മ്മണാ ചെയ്യാന്‍ ആഗ്രഹിക്കുന്നതൊക്കെ എങ്ങനെയാണ് സാധിക്കാതിരിക്കുന്നത്? എന്നെ ശാസിക്കാന്‍ ആരുണ്ട്? എന്നെ അനുസരിക്കാതിരിക്കുന്നത് ആരാണ്? എന്‍റെ പ്രാഭവം കാണുന്നതുവരെ മാത്രമേ മരണത്തിനുപോലും അതിന്‍റെ പ്രാഭവത്തെപ്പറ്റി വീമ്പിളക്കാന്‍ കഴിയൂ. യഥാര്‍ത്ഥത്തില്‍ ഈ ലോകത്തിലുള്ള സകല സുഖത്തിന്‍റേയും സങ്കേതം ഞാന്‍ മാത്രമാണ്.

മാലിന്യക്കൂമ്പാരത്തിലെ കൃമികള്‍, മാലിന്യം തിന്നു തീരുമ്പോഴോ അതിനു മുമ്പുതന്നെയോ, പരസ്പരം ഭക്ഷിക്കുന്നു. അവസാനം, തടിച്ചു കൊഴുത്ത ഒരു കൃമി ശേഷിക്കുന്നു. പക്ഷേ, തിന്നാന്‍ ഒന്നുമില്ലാത്തതിനാല്‍ അതും വൈകാതെ ചത്തുപോകുന്നു.

മാര്‍ക്കറ്റിന്റെയും അധികാരസ്ഥാനങ്ങളുടെയും ആധിപത്യത്തിനു വേണ്ടി കഴുത്തറുപ്പന്‍ മത്സരമല്ലേ നടക്കുന്നത്? ഭക്ഷണപാനീയങ്ങളിലും ഔഷധങ്ങളില്‍പ്പോലും മായം ചേര്‍ത്തും അരക്കില്ലങ്ങള്‍ തീര്‍ത്തുമൊക്കെയാണ് ജൈത്രയാത്ര.

'ഞാന്‍' എന്നതാണ് മുഖ്യപ്രശ്‌നം. അത് 'നീ' എന്ന ഭിന്നനെ സൃഷ്ടിക്കുന്നു. അവനെ അടിമയാക്കിയില്ലെങ്കില്‍ രണ്ടാണ് അപകടം. ഒന്ന്, അവനെക്കൊണ്ട് എന്റെ വണ്ടി വലിപ്പിക്കാനാ വില്ല. രണ്ട്, ശക്തനായാല്‍ അവന്‍ എന്നെക്കൂടി അടിമയാക്കി യേക്കാം. അതിനാല്‍, എനിക്ക് അടിമപ്പെടാത്ത എല്ലാ 'നീ'യും എന്റെ ശത്രുവാണ്. ഹനിക്കണം. എന്റെ അവസാനമില്ലാത്ത ആര്‍ത്തികള്‍ നിറവേറുന്നതിന് തടസ്സമുണ്ടായാലോ എന്ന ഭയമാണ് ഈ മനോഭാവത്തിനു പിന്നില്‍. ജീവിതത്തിന്റെ ഏതു തുറയിലായാലും മഹാഭീരുക്കള്‍ മഹാസ്വേച്ഛാധിപതികളായി പരിണമിക്കുന്നു. എവിടെ ആളുകള്‍ക്ക് വിവേകം നഷ്ടപ്പെടുന്നുവോ അവിടെയെല്ലാം ഭ്രാന്തന്മാരും ഭീരുക്കളും അധികാരികളാവുന്നു. ദൈവത്തിന്റെ മരണം പ്രഖ്യാപിച്ച് ആ സങ്കല്പസിംഹാസനത്തില്‍ കയറി ഇരിക്കാന്‍ മുതിരുന്നവര്‍ക്ക് ഒന്നൊഴിയാതെ എന്തു സംഭവിക്കുന്നെന്ന് നമുക്കറിയാം. എന്നിട്ടും പക്ഷേ, ഇവരുടെ മനോഭാവത്തിന്റെ ചെറിയ നാമ്പുകള്‍ നമ്മുടെ ഉള്ളില്‍ മുളപൊട്ടുമ്പോള്‍ ചെറുക്കാന്‍ നമുക്കു കഴിയുന്നുണ്ടോ എന്നാണ് വ്യാസരുടെ ചോദ്യം. ജീവിതം വ്യര്‍ഥമാകാതിരിക്കണമെങ്കില്‍ അനിവാര്യവും നിര്‍ണായകവുമാണ്
ഈ ആത്മപരിശോധന.
(
തുടരും...)

No comments:

Post a Comment