Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16 -ദൈവാസുരസമ്പദ്വിഭാഗയോഗം- ശ്ളോകം-13
അജ്ഞാനംകൊണ്ട് ആസുരര്‍ സുഖത്തെ ചിന്തിക്കുന്നു:
--------------------------------------------------------------------------
ഇദമദ്യ മയാ ലബ്ദം
ഇമം പ്രാപ്സ്യേ മനോരഥം
ഇദമസ്തീദമപി മേ
ഭവിഷ്യതി പുനര്‍ധനം

ഇതാ ഞാന്‍ ഇന്ന് ഇത് നേടി, ഇനി ഞാന്‍ നാളെ ഇന്ന ആഗ്രഹം നിറവേറ്റും, എനിക്ക് (ഇപ്പോള്‍) ഇത്രയൊക്കെ ആസ്തി ഉണ്ട്, ഇനിയും ഇന്നയിന്ന സമ്പത്തുകള്‍ വന്നുചേരും.

ഈ ആസുരീ സമ്പന്നന്മാര്‍ പറയുന്നു: ഞാന്‍ മറ്റുള്ളവരുടെ ധനം കൈവശപ്പെടുത്തിയിരിക്കുന്നു. ഹാ! ഞാന്‍ എത്രമാത്രം അനുഗ്രഹീതനാണ്. ഇതു പറഞ്ഞുകഴിയുമ്പോഴേക്കും മറ്റൊരു ആഗ്രഹം അവന്‍റെ മനസ്സിനെ അടിപ്പെടുത്തിക്കഴിഞ്ഞിരിക്കും അപ്പോള്‍ അവന്‍ തുടരും ഞാന്‍ മറ്റുള്ളവരെ കൊള്ളയടിക്കും. ആ ധനംകൊണ്ട് ഞാന്‍ ധാരാളം സ്ഥാവരജംഗമവസ്തുക്കള്‍ സമ്പാദിക്കും. ഞാന്‍ ഈ ലോകത്തിലുള്ള എല്ലാറ്റിന്‍റേയും നാഥനായിരിക്കും. എന്‍റെ ദൃഷ്ടിയിലെത്തുന്ന എല്ലാ ധനവും ഞാന്‍ സംഭരിക്കും ഹാ! ഹാ! ഹാ!

'പത്തു കിട്ടിയാല്‍ നൂറു മതി' എന്ന മോഹപരമ്പരയെക്കുറിച്ച് മഹാകവി പൂന്താനത്തിന്റെ ജ്ഞാനപ്പാന കേട്ട് വളര്‍ന്ന കേരളീയജനതയ്ക്ക് ഈ ശ്ലോകത്തിന് വ്യാഖ്യാനം ആവശ്യമില്ല. പക്ഷേ, എല്ലാ ജ്ഞാനപ്പാനകളും നിലനില്‍ക്കെത്തന്നെ, ധനമോ (അതിന്റെ പര്യായമായ) അധികാരമോ വാരിക്കൂട്ടാന്‍ ഏതു വഴി ശ്രമിക്കുന്നതിലും കുഴപ്പമില്ല എന്നാണ് പൊതുവേ ഇന്നും ഇവിടെപ്പോലും മതം. വലിയ കുഴപ്പമുണ്ടെന്ന സത്യം സാധാരണക്കാര്‍ക്കുപോലും അന്യമായിക്കൊണ്ടിരിക്കുന്നു. ഈശാവാസ്യോപനിഷത്തിലെ 'ഈ ധനം ആരുടെയാണ്?' എന്ന ചോദ്യത്തിന് 'ആരുടെ ആയാലും ഒക്കെ എന്റെയാകണം!' എന്നാണ്, തുറന്നുപറയാന്‍ മാനം അനുവദിക്കുന്നില്ലെന്നാലും പലരിലും മനസ്സിലിരിപ്പായ മറുപടി. കൈക്കുമ്പിളില്‍ കോരിയ വെള്ളംപോലും നഷ്ടപ്പെടാതെ സൂക്ഷിക്കാനോ, വെള്ളത്തില്‍ വെള്ളംകൊണ്ട് ഒരു കൂമ്പാരം കൂട്ടാനോ ഒക്കില്ല എന്ന അനുഭവപാഠം നമുക്കു ഗുരുവാകുന്നില്ല. വാരിപ്പിടിക്കല്‍ മനോഭാവം മാനസികരോഗ ലക്ഷണമാണ് എന്ന് അറിയുന്നുമില്ല. 'ഇത്രയൊക്കെയാണ് എന്റെ ആവശ്യങ്ങള്‍, എനിക്ക് ഇതേ വേണ്ടൂ' എന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ രക്ഷയായി. ആ തോന്നല്‍ ഉണ്ടാകുന്നോ എന്ന് ആത്മപരിശോധന നടത്താനും ഇല്ലെങ്കില്‍ ഉളവാക്കാനുമാണ് വ്യാസഭഗവാന്‍ ആവശ്യപ്പെടുന്നത്.

(തുടരും...)

No comments:

Post a Comment