Tuesday, 1 March 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14-ഗുണത്രയവിഭാഗയോഗം - ശ്ളോകം-22

ശ്രീ ഭഗവാനുവാച:
പ്രകാശം ച പ്രവൃത്തീം ച
മോഹമേവ ച പാണ്ഡവ!
ന ദ്വേഷ്ടി സംപ്രവൃത്താനി
ന നിവൃത്താനി കാങ്‍ക്ഷതി

അല്ലയോ പാണ്ഡവ, സത്വഗുണധര്‍മ്മായ പ്രകാശവും രജോഗുണധര്‍മ്മമായ പ്രവൃത്തിയും തമോഗുണധര്‍മ്മവുമായ മോഹവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയില്‍ ആര്‍ അവയെ ഉള്ളുകൊണ്ട് വെറുക്കാതെയിരിക്കുന്നുവോ, അവ ഇല്ലാത്ത സ്ഥിതിയില്‍ അവയെ കാംക്ഷിക്കാതിരിന്നുവോ, അവനത്രെ ഗുണാതീതന്‍.

അല്ലയോ പാണ്ഡപുത്ര, ഗുണാതീതനില്‍ രജോഗുണത്തിന്‍റെ ഉല്‍ക്കര്‍ഷം ഉണ്ടാകുമ്പോള്‍ പ്രവൃത്തി അവനെ വലയം ചെയ്യുന്നു. അവന്‍റെ ദേഹത്തില്‍ കര്‍മ്മാങ്കുരങ്ങള്‍ മുളയ്ക്കുകയും അവന്‍ ഭൗതികകാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ താന്‍ കര്‍മ്മം ചെയ്യുന്നുവെന്നുള്ള അഭിമാനമോ താന്‍ കര്‍ത്താവാണെന്നുള്ള അഹങ്കാരമോ അവനില്ല. താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പോലും അവന്‍ അതില്‍ ഖേദിക്കുകയില്ല.

മറികടക്കുക എന്നാല്‍, ഉപേക്ഷിക്കുക എന്നല്ല അര്‍ഥമെന്ന് വിശദമാക്കുന്നു. കെട്ടുപാടുകളില്‍നിന്ന് മാറി നില്‍ക്കുക, അടിമപ്പെടാതിരിക്കുക, സ്വത്വം വേറെയാണെന്ന് എപ്പോഴും അറിയുക, സ്വരൂപജ്ഞാനം കൈവിടാതിരിക്കുക എന്നൊക്കെയേ ഉദ്ദേശിക്കുന്നുള്ളൂ. ജീവിതം അനുനിമിഷം ഗുണബദ്ധമാണ്. മനോനില ഓരോ ഗുണത്തിന്റെയും ധര്‍മം, അതത് നേരത്ത് പ്രതിഫലിപ്പിക്കും. അങ്ങനെ ഓരോന്നും വരുമ്പോള്‍ 'അയ്യയ്യോ അതു വന്നിരിക്കുന്നു, മോശമാണ് സ്ഥിതി' എന്നു വിചാരിച്ച് അതിനെയൊക്കെ ദ്വേഷിക്കേണ്ടതില്ല. ഒരു ഗുണത്തിന്റെ ധര്‍മത്തെയും ആഗ്രഹിക്കുകയും വേണ്ട. ആകാശത്തില്‍ മേഘങ്ങളെന്നപോലെ അവയെല്ലാം വരികയൊ വരാതിരിക്കയൊ ചെയ്യട്ടെ. തടയാനും പോകേണ്ട, പിടിച്ചു നിര്‍ത്താനും പോകേണ്ട, ആട്ടിയകറ്റാനും പോകേണ്ട. ഗുണധര്‍മങ്ങളെ അവയുടെ പാട്ടിന് വിട്ടേക്കുക. പ്രകൃതിയുടെ ത്രിഗുണങ്ങള്‍ തന്റെ സ്ഥൂലശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ഒന്നിനെയും കാംക്ഷിക്കാനൊ വെറുക്കാനൊ മുതിരാതെ അവയൊക്കെ സ്വാഭാവികമാണെന്ന് മനസ്സിലാക്കുക. തന്നില്‍ സമവസ്ഥിതമായ ഈശ്വരനാണ് തന്റെ സ്വത്വം എന്നുറയ്ക്കുക.

തുടരും...

No comments:

Post a Comment