Tuesday, 1 March 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14-ഗുണത്രയവിഭാഗയോഗം - ശ്ളോകം-21

കൈര്‍ലിങ്‌ഗൈസ്ത്രീന്‍ ഗുണാനേതാന്‍
അതീതോ ഭവതി പ്രഭോ
കിമാചാരഃ കഥം ചൈതാന്‍
ത്രീന്‍ ഗുണാനതിവര്‍ത്തതേ

അല്ലയോ പ്രഭോ ഈ ത്രിഗുണങ്ങള്‍ക്കുമപ്പുറത്ത് കടന്നവന്‍ എന്തു ലക്ഷണങ്ങളോട് കൂടിയിരിക്കുന്നു. അവന്‍ ഏതുതുവിധ ആചാരത്തോട്കൂടിയവനാണ് അവന്‍ എങ്ങനെയാണ് ത്രിഗുണങ്ങളെ മറികടക്കുന്നത്?

വീരനായ അര്‍ജ്ജുനന്‍ ആഹ്ലാദത്തിമിര്‍പ്പോടെ ചോദിച്ചു: പ്രഭോ, ഹൃദയത്തില്‍ അടിയുറച്ച ജ്ഞാനം കൈവരിച്ചവന്‍റെ ലക്ഷണങ്ങളെന്തെല്ലാമാണ്? ഗുണാതീതനായ ഒരുവന്‍റെ പെരുമാറ്റം എങ്ങനെയാണ്? അവന്‍ ഏതുപ്രകാരമാണ് ഗുണങ്ങളെ അതിക്രമിക്കുന്നത്? അല്ലയോ കാരുണ്യഗേഹമായ ഭാഗവാനേ, അതെപ്പറ്റിയെല്ലാം എനിക്കു വിശദീകരിച്ചു തന്നാലും.

പരമാത്മസാരൂപ്യം സാധിച്ചവരെ ഭഗവാന്‍ അവതരിപ്പിക്കുമ്പോഴെല്ലാം അര്‍ജുനന്‍ ഈ തരം സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. രണ്ടാമധ്യായത്തില്‍ സ്ഥിതപ്രജ്ഞരെക്കുറിച്ചും പന്ത്രണ്ടാമധ്യായത്തില്‍ പ്രിയഭക്തരെക്കുറിച്ചും പറഞ്ഞപ്പോള്‍ ഇതേ തരം ഈഷലുകള്‍ ഉണ്ടായി. സ്വാഭാവികമാണത്. കാരണം, ലൗകികനായ ഏതൊരാള്‍ക്കും അവിശ്വസനീയമാംവണ്ണം ആശ്ചര്യജനകമാണ് ഗുണാതീതരുടെ സ്ഥിതി. മനുഷ്യജന്മത്തില്‍ സാധ്യമായ ജീവപരിണാമത്തിന്റെ അറ്റം കണ്ടവരാണ് അവര്‍. അതേ വഴിയില്‍ പ്രവേശിക്കാത്ത ആര്‍ക്കും, ഗുണാതീതസ്ഥിതി അതീവ ദുരൂഹമേ ആകൂ. അഥവാ, ശരിയായ തിരിച്ചറിവിലൂടെ ഈ ദുരൂഹത നീങ്ങിത്തുടങ്ങല്‍തന്നെയാണ് ആ പാതയിലെ മുന്നേറ്റത്തിന്റെ നാന്ദി.

അതീതനാവുക (അതിക്രമിച്ചിരിക്കുക) എന്നു പറഞ്ഞതിന്റെ താത്പര്യത്തെക്കുറിച്ചാണ് ഇവിടെ അടിസ്ഥാനപരമായ ശങ്ക. ജ്ഞാനമാണല്ലൊ മോക്ഷോപാധിയായി മുന്‍പു പറഞ്ഞ പ്രധാന സംഗതി. അത് വികസ്വരമാകുന്നത് സത്വഗുണം വര്‍ധിക്കുമ്പോഴാണ്. യജ്ഞഭാവനയോടെ കര്‍മം ചെയ്യുന്നതിന്റെ സുഖം അനുഭവിപ്പിക്കുന്നതും സത്വഗുണമാണ്. അങ്ങനെ ഇരിക്കെ, സത്വഗുണത്തിനും അതീതനായാല്‍ പിന്നെ മോക്ഷം എങ്ങനെ സാധിക്കാന്‍? ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാന്‍ പറ്റൂ? ശരീരം ഗുണങ്ങളാലുണ്ടായി ഗുണങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്നു എന്നിരിക്കെ ഗുണങ്ങള്‍ക്കതീതമായി ആരെങ്ങനെ പുലരും? പുലര്‍ന്നാലും പ്രപഞ്ചവ്യാപാരങ്ങള്‍ മുഴുക്കെ ഗുണസംബന്ധി കളായതിനാല്‍ ചുറ്റുപാടുകളുമായി എങ്ങനെ ഇടപഴകും?

'ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയാലേ രോഗം മാറൂ, അതിന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണം, അതു ചെയ്താല്‍ മരണം നിശ്ചയം, പിന്നെ എങ്ങനെ?' എന്ന തരം സംശയമാണിത്. അഥവാ, ഹൃദയത്തെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ആ അവസ്ഥയിലെ ചര്യകളെങ്ങനെയിരിക്കും?
ഗുണാതീതന്റെ ആന്തരികവും ബാഹ്യവുമായ ചര്യകളെ നാലു ശ്ലോകങ്ങളില്‍ അവതരിപ്പിച്ച്, അഞ്ചാമത്തെ പദ്യത്തില്‍, അങ്ങെത്തുന്നതെങ്ങനെ എന്നു പറയുന്നു.

തുടരും...

No comments:

Post a Comment