ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14-ഗുണത്രയവിഭാഗയോഗം -
ശ്ളോകം-20
ഗുണാനേതാനതീത്യ ത്രീന്‍
ദേഹീ ദേഹസമുദ്ഭവാന്‍
ജന്മമൃത്യു ജരാദുഃഖൈര്‍-
വിമുക്തോഽമൃതമശ്നുതേ.
ദേഹീ ദേഹസമുദ്ഭവാന്‍
ജന്മമൃത്യു ജരാദുഃഖൈര്‍-
വിമുക്തോഽമൃതമശ്നുതേ.
ജീവാത്മാവ് ദേഹോല്പത്തിക്ക് കാരണമായ ഈ മൂന്നു ഗുണങ്ങളെ
അതിക്രമിച്ച് ജനനമരണജരാദുഃഖങ്ങളില്‍ നിന്ന് മോചിക്കപ്പെട്ടവനായി പരമാനന്ദത്തെ
(ബ്രഹ്മാനന്ദത്തെ) അനുഭവിക്കുന്നു.
ശാശ്വതമായ ആനന്ദം എന്നതാണ് അമൃതം എന്ന പദംകൊണ്ട്
ഉദ്ദേശിക്കുന്നത്. ഗുണബന്ധിതമായ ശരീരത്തിന്റെ ആനന്ദങ്ങള്‍ താത്കാലികങ്ങളാണ്.
മാത്രമല്ല, ദുഃഖങ്ങളുടെ
അഭാവത്തെയാണ് സുഖമെന്ന് പലരും സാമാന്യമായി വിളിക്കാറ്. ഉറങ്ങുമ്പോള്‍ ഇല്ലെന്നാലും
ഉറക്കമുണരുമ്പോള്‍ രോഗമൊ ദാരിദ്ര്യമൊ ഒക്കെ തിരികെ വരുന്നപോലെ സുഖത്തിനു പിന്നാലെ
അവര്‍ക്ക് ദുഃഖങ്ങള്‍ മടങ്ങിയെത്തുന്നു.
ഈ ഗുണാതീതന്‍ ബ്രഹ്മത്തിന്‍റെ നിര്‍ഗ്ഗുണാവസ്ഥ
തെറ്റുകൂടാതെ സൂക്ഷ്മമായി അറിയുന്നു. ജ്ഞാനം അവനില്‍ ഒരു മണിമാളിക തന്നെ നിര്‍മ്മിച്ചിരിക്കുന്നു.
അപ്രകാരമുള്ള ഒരു ജ്ഞാനി അല്ലയോ പാണ്ഡുപുത്ര, സരിത്ത് സാഗരവുമായി
യോജിച്ച് ഒന്നാകുന്നതുപോലെ ഞാനുമായി ഐക്യം പ്രാപിക്കുന്നു.
ശുകനളിക ന്യായത്തിന് ആസ്പദമായ ശുകം കമ്പിയില്‍ നിന്ന്
പിടിവിട്ടു മോഹമുക്തമായി മരക്കൊമ്പിലിരിക്കുന്നതുപോലെ, ഗുണാതീതന് താന്‍ തന്നെ
ബ്രഹ്മമാണെന്ന് അനുഭവപ്പെടുന്നു. അവനെ സ്വസ്വരൂപജ്ഞാനം ആലിംഗനം ചെയ്യുന്നു. അവന്‍
പെട്ടെന്ന് അജ്ഞാനത്തിന്‍റെ സുഖ സുഷുപ്തിയില്‍ നിന്ന് സ്വസ്വരൂപപ്രബുദ്ധതയിലേക്ക്
ഉണര്‍ന്നെഴുന്നെല്‍ക്കുന്നു . അവന്‍റെ കൈയിലിരുന്ന ദേഹബുദ്ധിദര്‍പ്പണം താഴെ വീണ്
ഛിന്നഭിന്നമായിപ്പോകുന്നു. തന്മൂലം അവന്‍റെ ജ്ഞാനസ്വരൂപം പ്രതിമുഖമായി കാണാന്‍
അവന് കഴിയുന്നില്ല.
സമീരണന്‍ നിശ്ചലമാകുമ്പോള്‍ കല്ലോലങ്ങള്‍
സമുദ്രത്തോടൊപ്പം ചേര്‍ന്ന് ഒന്നാകുന്നതുപോലെ ദേഹാഹങ്കാരമാരുതന്‍ നിശ്ചലമാകുമ്പോള്‍
ജീവാത്മാവ് പരമാത്മാവിനോട് ചേര്‍ന്ന് ഒന്നായിത്തീരുന്നു. അപ്പോള്‍ അവന്‍ എന്‍റെ
അവസ്ഥയെ പ്രാപിക്കുന്നു. വര്‍ഷകാലാന്ത്യത്തില്‍ കാര്‍മേഘങ്ങള്‍ ആകാശത്തില്‍
അലിഞ്ഞുചേരുന്നതുപോലെ. ഞാനുമായി സാത്മ്യം പ്രാപിച്ചവന്‍ ശരീരത്തോടെയിരുന്നാലും
ത്രിഗുണങ്ങളുടെ സ്വാധീനവലയത്തില്‍ അമരുന്നില്ല. സ്ഫടികക്കൂട്ടിലാക്കിയ ദീപത്തിന്‍റെ
പ്രകാശം മങ്ങാത്തതുപോലെ, ബഡവാഗ്നിയെ
സാഗരജലം അണയ്ക്കാത്ത തുപോലെ ത്രിഗുണങ്ങളുടെ വേലിയേറ്റത്തിലും ഇറക്കത്തിലും അവന്‍റെ
ബോധം മലിനപ്പെടുകയില്ല. ജലത്തില്‍ താരാനാഥന്‍ പ്രതിഫലിച്ചു കാണുന്നത് പോലെയാണ്, അവന്‍ ഈ ശരീരത്തില്‍
ജീവിക്കുന്നത്.
ത്രിഗുണങ്ങളുടെ പ്രൗഡി അവന്‍റെ ശരീരത്തെ അവയുടെ
താളത്തിനൊപ്പിച്ചു നൃത്തം ചവുട്ടിച്ചാലും അവന്‍റെ ആത്മാവു നിര്‍വികാരമായിരിക്കും.
ഈ അവസ്ഥയിലെത്തുന്ന ഒരുവന്‍റെ അന്തഃകരണത്തില്‍ ദൃഡനിശ്ചയം ഉണ്ടായിരിക്കും. അവന്‍റെ
ശാരീരിക പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് അവന്‍ അശ്രദ്ധനായിരിക്കും. പടം പൊഴിച്ച്
കളഞ്ഞു മാളത്തില്‍ പ്രവേശിച്ച സര്‍പ്പത്തിന്‍റെ സ്ഥിതിയാണ് അവന്‍റെത്. പൊഴിച്ച്
കളഞ്ഞ പുറം ചട്ടയെ ആരെങ്കിലും ശ്രദ്ധിക്കുമോ? താമരപ്പൂവിന്‍റെ പരിമളം
വായുവില്‍ ലയിച്ച് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും അതു പൂവിലേക്ക് മടങ്ങുകയില്ല.
അതുപോലെ ബ്രഹ്മവുമായി ഐക്യം പ്രാപിച്ചവന് ദേഹധര്‍മ്മങ്ങളെപ്പറ്റിയോ ദേഹകാര്യങ്ങളെ
പ്പറ്റിയോ യാതൊരു ഔത്സുക്യവുമില്ല.
ദേഹബുദ്ധി പൊയ്ക്കഴിയുമ്പോള്‍ അവന്‍ ആത്മസ്വരൂപത്തെ
മാത്രം സദാ സ്മരിക്കുന്നു. അതല്ലാതെ മറ്റെന്താണ് അവന്‍ സ്മരിക്കാനുള്ളത്? അപ്രകാരമുള്ളവന്‍
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഗുണങ്ങളെ അതിക്രമിച്ച് കടന്നിരിക്കുന്നു. അവന്‍ ജനനമരണജരാദുഃഖങ്ങളില്‍
നിന്ന് മോചിതനായിരിക്കുന്നു. അപ്രകാരമുള്ള ഒരുവനെ ഞാന്‍ ഗുണാതീതന്‍ എന്ന്
വിളിക്കുന്നു.
മേഘഗര്‍ജ്ജനം കേട്ടാമോദിക്കുന്ന മയൂരത്തെപ്പോലെ ഭഗവാന്‍റെ
വാക്കുകള്‍ ശ്രവിച്ചു അര്‍ജ്ജുനന്‍ ഹര്‍ഷപുളകിതനായി.
തുടരും...
No comments:
Post a Comment