ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14-ഗുണത്രയവിഭാഗയോഗം -
ശ്ളോകം-19
നാന്യം ഗുണേഭ്യഃ കര്‍ത്താരം
യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി
മദ്ഭാവം സോഽധിഗച്ഛതി
യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി
മദ്ഭാവം സോഽധിഗച്ഛതി
ദ്രഷ്ടാവു (എല്ലാ ദൃശ്യങ്ങളും കണ്ടുകൊണ്ടിരിക്കുന്ന
ബോധാസ്വരൂപനായ ആത്മാവ്) ഗുണങ്ങളില്‍ നന്നു അന്യമായി ഒരു കര്‍ത്താവില്ലെന്നു
ഇപ്പോള്‍ അറിയുന്നുവോ, കൂടാതെ, ഗുണങ്ങള്‍ക്കതീതമായി
ഒരു പരമസത്യം ഉണ്ടെന്ന് എപ്പോള്‍ അറിയുന്നുവോ, അപ്പോള്‍ ആ ദ്രഷ്ടാവ്
എന്‍റെ സ്വരൂപത്തെ (ബ്രഹ്മത്വത്തെ) പ്രാപിക്കുന്നു.
ആകയാല്‍ പരമാത്മാവിനെയല്ലാതെ മറ്റൊന്നിനേയും നീ
അംഗീകരിക്കരുത്. ഇതിനെപ്പറ്റി ഇനിയും വിശദീകരിക്കണമെന്ന് തോന്നുന്നില്ല. എന്നാല്‍
എത്ര പറഞ്ഞാലും അത് അപ്രസക്തമാണെന്നു കരുതേണ്ട. ഞാന്‍ പറഞ്ഞുകഴിഞ്ഞ
തിനെപ്പറ്റിത്തന്നെ കൂടുതലായി പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.
ഈ മൂന്നുഗുണങ്ങളില്‍ ഓരോന്നും അതതിന്‍റെ പ്രാബല്യം
അനുസരിച്ച് ദേഹവുമായി ബന്ധപ്പെട്ടു, വ്യക്തിത്വം പൂണ്ടാണ്
കര്‍മ്മനിരതമാവുന്നത് . വിറക് കത്തുമ്പോള്‍, അഗ്നിയുടെ ആകൃതി
കത്തുന്ന വിറകിന്‍റെതായിത്തീരുന്നു. പാല്‍ ഉറകൂടുമ്പോള്‍ തൈരായി
രൂപാന്തരപ്പെടുന്നു. ഭൂമിയിലെ ജലരസം വലിച്ചെടുത്താണ് വൃക്ഷങ്ങള്‍ രൂപം
കൊള്ളുന്നത്. കരിമ്പിന്‍ തണ്ടില്‍ മാധുര്യം നിറഞ്ഞിരിക്കുന്നു. അതുപോലെ
ത്രിഗുണങ്ങള്‍ അന്തഃകരണവുമായി ഒന്നുചേര്‍ന്ന്, സൂക്ഷ്മദേഹത്തിനു, അഥവാ വ്യക്തിത്വത്തിനു
രൂപം നല്‍കുന്നു. ഈ വ്യക്തിത്വമാണ് ആത്മാവിനെ ബന്ധിക്കുന്നത്.
അല്ലയോ ധനഞജയാ, ഈ ബന്ധനം യഥാര്‍ത്ഥത്തില്‍
ഒരു ബന്ധനമല്ല. ഇതൊരിക്കലും മോക്ഷലബ്ധിക്കു തടസ്സമായി നില്‍ക്കുന്നില്ലെന്നുള്ള
വസ്തുത വിചിത്രമായ ഒരു സത്യം മാത്രമാണ്. ഈ മൂന്നു ഗുണങ്ങളും അവയുടെ
സ്വഭാവമനുസരിച്ചുള്ള പ്രവര്‍ത്തങ്ങള്‍ വഴിയായി ദേഹത്തെയിട്ടു വട്ടം കറക്കുമ്പോഴും
അതു ഗുണാതീത്മായിത്തീരുന്നതിനുള്ള ആത്മാവിന്‍റെ ശക്തിയെ ഒരു തരത്തിലും
ക്ഷയിപ്പിക്കുന്നില്ല. അല്ലയോ അര്‍ജ്ജുന, നീ ജ്ഞാനാംബുജത്തില്‍
തേന്‍നുകരാന്‍ ഇരിക്കുന്ന മധുകരനാണ്. നിന്നോട് സമ്പൂര്‍ണ്ണമോചനം എപ്രകാരമാണ്
സഹജമായും സ്വഭാവികമായും സംഭവിക്കുന്നതെന്ന് ഞാന്‍ വിശദീകരിക്കാം. ഇതിന്‍റെ പരമമായ
സത്യം പലപ്രാവശ്യം നിനക്ക് വിശദമാക്കിത്തന്നതാണ്. ആത്മാവു ഗുണങ്ങളോടൊപ്പം
വസിക്കുന്നുവെങ്കിലും അതു വ്യതിരിക്തമായി നില്‍ക്കുന്നു. അത് ഗുണരഹിതമാണ്. ഈ
വസ്തുതത നിന്‍റെ അന്തഃകരണത്തിനു ബോദ്ധ്യമാവുമ്പോള്‍ മാത്രമേ നിനക്ക് ജ്ഞാനപ്രതീതി
സംസിദ്ധമാവുകയുള്ളൂ. ഒരുവന്‍ നിദ്രയില്‍ നിന്ന് ഉണര്‍ന്നു കഴിയുമ്പോള്‍
ഉറക്കത്തില്‍ കണ്ട സ്വപനം മിഥ്യയാണെന്ന് അറിയുന്നതുപോലെയാണിത്. നദീതീരത്ത്
നില്കുന്നവന്‍റെ പ്രതിഫലനം നദിയില്‍ കാണുമ്പോള്‍ ചലിക്കുന ഓളങ്ങള്‍ കാരണം അവന്‍റെ
പ്രതിച്ഛയ പലതായി കാണും. വിവിധ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിക്കുന്ന ഒരു നടനെ ആ
കഥാപാത്രങ്ങളുടെ സ്വഭാവം സ്വാധീനിക്കുകയില്ല. ഇതുപോലെ ജീവാത്മാവ് ഗുണങ്ങള്‍ക്ക്
വശംവദനാകാതെ കേവല്സാക്ഷിയായി മാത്രം നില്‍ക്കുന്നു.
വര്‍ഷം, ഗ്രീഷം, ശിശിരം എന്ന മൂന്ന്
കാലാവസ്ഥകളും ആകാശത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. അത് അഭേദമായി നില്‍ക്കുന്നു.
അതുപോലെ ഗുണാതീതമായ പരമാത്മാവ് ഗുണങ്ങളോടൊപ്പം വസിച്ചാലും, വ്യക്തിത്വത്തിന്‍റെ
പരിധി അതിന്‍റെ സ്വതസിദ്ധാവസ്ഥകൊണ്ട് അതില്‍ നിന്നെല്ലാം അകന്നുമാറി നില്‍ക്കുന്നു.
ഈ സ്വതസിദ്ധാവസ്ഥ എപ്പോഴും കാത്തുസൂക്ഷിക്കുന്ന ആത്മാവു പറയും ‘ ഞാന്‍ അകര്‍ത്താവാണ്; ഞാന്‍ വെറും
സാക്ഷിയാണ്. എല്ലാ പ്രവര്‍ത്തങ്ങളും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും
അവരാണ്. വസന്തഋതുവിന്‍റെ ആഗമനത്തോടുകൂടി വനങ്ങള്‍ രമണീയമാകുന്നില്ലേ? എന്നാല്‍ ഈ
വനലക്ഷ്മീവിലാസത്തിന് വസന്തം എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഈ രാമണീയകതയും വസന്തവും
തമ്മിലുള്ള ബന്ധമാണ് ഗുണങ്ങളും ഞാനും തമ്മിലുള്ളത്. സൂര്യന്‍ ഉദിക്കുമ്പോള്‍
നക്ഷത്രങ്ങള്‍ മറയുന്നു; സൂര്യകാന്തമണി
തിളങ്ങുന്നു; ഉല്‍പലങ്ങള്‍
വിടരുന്ന;. അന്ധകാരം അകന്നുപോകുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ക്കൊന്നും ഹേതു
സൂര്യനല്ല. ഇതുപോലെ ഞാന്‍ ദേഹത്തില്‍ സ്ഥിതിചെയ്യുന്നുവെങ്കിലും ഒന്നിന്‍റെയും കര്‍ത്താവ്
ഞാനല്ല. ഞാന്‍ ക്രിയാരഹിതനാണ്. എന്‍റെ പ്രകാശത്തില്‍ക്കൂടി ഗുണങ്ങള്‍
പ്രത്യക്ഷപ്പെടുന്നു. ഗുണങ്ങളുടെ ഗുണത്വം എന്നാല്‍ പരിപോക്ഷിക്കപ്പെടുന്നു. അവയുടെ
നിരസനത്തിനുശേഷം ശേഷിക്കുന്നത് ഗുണരഹിതനായ ഞാന്‍ മാത്രമാണ്. ഇപ്രകാരമുള്ള
വിവേകജ്ഞാനം ലഭിച്ചവന് ഗുണാതീതത്വം ലഭിക്കുകയും അവന്‍ ഉയര്‍ന്ന വഴികളില്‍ക്കൂടി
പ്രയാണം തുടരുകയും ചെയ്യുന്നു.
ഏകമായ പരംപൊരുളിന്റെ ഭാവാന്തരങ്ങളായി പ്രപഞ്ചത്തിനുള്ള
മൂന്ന് തലങ്ങളെക്കുറിച്ച് ഓര്‍ക്കുക. ക്ഷരം, അക്ഷരം, അക്ഷരാതീതം. അക്ഷരാതീതം
അക്ഷരത്തില്‍ ബീജസ്പന്ദമാകുന്നതിനെ തുടര്‍ന്ന് അനുരണനസ്പന്ദങ്ങളും അവയുടെ
കൂട്ടായ്മകളും രൂപപ്പെട്ട് ക്ഷരപ്രപഞ്ചത്തിലെ ഉരുവങ്ങള്‍ ഉണ്ടാകുന്നു, നിലനില്‍ക്കുന്നു, ഇല്ലാതാകുന്നു.
അക്ഷരത്തിലും ക്ഷരത്തിലും സര്‍വവ്യാപിയായി പരംപൊരുളെന്ന ഏകീകൃതബലം
വ്യാപിച്ചുമിരിക്കുന്നു. അതായത്, അക്ഷരപ്രപഞ്ചത്തിലെ
അഥവാ പരാപ്രകൃതിയിലെ ത്രിഗുണങ്ങളുടെ വകയാണ് ക്ഷരപ്രപഞ്ചനിര്‍മിതി. എല്ലാ
പ്രപഞ്ചപ്രതിഭാസങ്ങളുടെയും കാരണം പ്രകൃതിയിലെ ഈ ഗുണങ്ങളാണ്. അതിനാല്‍
ക്ഷരപ്രപഞ്ചത്തിന് ഈ ഗുണങ്ങളില്‍നിന്നന്യമായി കര്‍ത്താവില്ല. ഈ അറിവ് അനുഭവമാകണം.
അനുപശ്യതി എന്നാണ് പ്രയോഗം. ഒരു സംശയവും ഈ കാര്യത്തില്‍ ഒരിക്കലും ഉണ്ടാകരുത്
എന്നര്‍ഥം.
മറ്റൊന്നുകൂടി ഉറയ്ക്കണം. ഉരുവങ്ങളെ ഉണ്ടാക്കിയും
ഇല്ലാതാക്കിയും കളിക്കുന്ന ഗുണങ്ങള്‍ക്ക് അടിസ്ഥാനമായി നിത്യമായ ഒരു പരമബലം
ഉണ്ടെന്നറിയണം. അതുതന്നെയാണ് നിരുപാധികമായ പരംപൊരുള്‍ എന്നുകൂടി തീര്‍ച്ചപ്പെടണം.
ഈ തീര്‍ച്ചയും ഒരു നിസ്സംശയകാര്യമാകണം. അത്രയുമായാല്‍ 'എന്റെ' നിലയില്‍
(ശുദ്ധബോധത്തില്‍) എത്തി. (പരമാത്മസ്വരൂപത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടാണ്
ഇങ്ങനെ പറയുന്നത്. നമ്മുടെ ചിന്താക്കുഴപ്പത്തിലായ ബുദ്ധിയോട് നമ്മുടെതന്നെ
അന്തരാത്മാവ് സംസാരിക്കുന്നു എന്നു ധരിച്ചാല്‍ മതി.)
തുടരും...
No comments:
Post a Comment