Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16 -ദൈവാസുരസമ്പദ്വിഭാഗയോഗം- ശ്ളോകം- 21

കാമം, ക്രോധം, ലോഭം - ആത്മാവിന് അനര്‍ത്ഥഹേതുകങ്ങള്‍ :
-----------------------------------------------------------------------------
ത്രിവിധം നരകസ്യേദം
ദ്വാരം നാശനമാത്മനഃ
കാമഃക്രോധസ്തഥാ ലോഭഃ
തസ്മാദേതത് ത്രയം ത്യജേത്

കാമം, ക്രോധം, ലോഭം ഇങ്ങനെ നരകത്തിലേക്ക് മൂന്നു വാതിലുകളുണ്ട്. ആത്മാവിന് അനര്‍ത്ഥഹേതുകങ്ങളാണിവ. 
ആകയാല്‍ ഈ മൂന്നിനേയും സര്‍വ്വാത്മനാ ത്യജിക്കേണ്ടതാകുന്നു.

കാമക്രോധലോഭാദി ദുര്‍ഗുണങ്ങള്‍ എവിടെയാണോ പ്രബലമായി കാണുന്നത് അവിടെയൊക്കെ പാപത്തിന്‍റെ സമൃദ്ധമായ വിളവെടുപ്പുണ്ടായിരിക്കും. ലോകത്തിലുള്ള എല്ലാവിധ ദുഃഖങ്ങളും, അവയുടെ അടുത്തേക്ക് ആളുകളെ നയിച്ചുകൊണ്ടു വരുന്നതിന് ഈ ദുര്‍ഗ്ഗുണങ്ങളെ ദൂതന്മാരായി നിയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഇവ പാപികളെ നരകത്തിലേക്ക് തള്ളിയിടുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള സര്‍വ്വപാപ ങ്ങളുടേയും ഒരു പാപസംഘടനയാണ്. ഈ ദുര്‍ഗ്ഗുണങ്ങളുടെ ദോഷവികാരങ്ങള്‍ മനുഷ്യന്‍റെ അന്തഃകരണത്തില്‍ ഉദിക്കുന്നില്ലെങ്കില്‍, നരകത്തെപ്പറ്റി ശാസ്ത്രങ്ങളില്‍ പറയുന്നതു മാത്രമേ നാം അറിയുകയുള്ലൂ. എന്നാല്‍ ഈ ദുര്‍ഗ്ഗുണങ്ങള്‍ മൂലം അപായങ്ങള്‍ അനായാസം സംഭവിക്കുന്നു; യാതന സുലഭമായിത്തീരുന്നു. ഇവകള്‍ മുഖേനയുള്ള നാശം സാധാരാണ നാശമല്ല. ഇവ നാശത്തിന്‍റെ യഥാര്‍ത്ഥമൂര്‍ത്തികളാണ്. കാമക്രോധലോഭമെന്ന അധമവികാരങ്ങള്‍ നരകവാതിലിന്‍റെ ഉമ്മറത്ത് ഉറപ്പിച്ചിട്ടുള്ള മൂന്നു കുന്തമുനകളാണ്. അവ ഒരുവനെ നരകത്തിലേക്കു തള്ളിയിടുന്നു. ഈ ദുര്‍ഗ്ഗുണങ്ങള്‍ക്ക് അടിമയാകുന്നവന് നരകത്തിലെ നഗരസഭയില്‍ പ്രമുഖമായ ഒരു സ്ഥാനമാണുള്ളത്.

അല്ലയോ അര്‍ജ്ജുന, ഇക്കാരണത്താലാണ് ദുര്‍ഗ്ഗുണങ്ങളുടെ ഈ മൂര്‍ത്തിയെ നീ തിരസ്കരിക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത്.

No comments:

Post a Comment