Friday, 4 March 2016


ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16 -ദൈവാസുരസമ്പദ്വിഭാഗയോഗം- ശ്ളോകം-19
ആസുരര്‍ വീണ്ടും ആസുരയോനികളിലേക്കുതന്നെ എത്തുന്നു:

താനഹം ദ്വിഷതഃ ക്രൂരാന്‍
സംസാരേഷു നരാധമാന്‍
ക്ഷിപാമ്യജസ്രമശുഭാന്‍
ആസുരീഷ്വേവ യോനിഷു

എല്ലാവരേയും ദ്വേഷിച്ചും ദ്രോഹിച്ചും കഴിയുന്ന പാപികളായ ആ നീചമനുഷ്യരെ ഞാന്‍ എപ്പോഴും സംസാരങ്ങളില്‍ (ജനനമരണമാര്‍ഗ്ഗങ്ങളില്‍) ആസുരയോനികളിലേക്കുതന്നെ വീണ്ടും വീണ്ടും തള്ളിയിടുന്നു.

ഇപ്രകാരം സദാ എന്നോടു ശത്രുത്വം പുലര്‍ത്തുന്ന ഇവരോട് എങ്ങനെയാണ് ഞാന്‍ പെരുമാറുന്നതെന്നു കേള്‍ക്കുക. മനുഷ്യശരീരമെടുത്ത് ഈ വിശ്വത്തിനെതിരെ വിദ്വേഷം കാട്ടുന്നവരുടെ മനുഷ്യപദവി ഇല്ലാതാക്കിയാണ് ഞാന്‍ അവരെ കൈകാര്യം ചെയ്യുന്നത്. ഈ മൂര്‍ഖന്മാരെ ക്ലേശമാകുന്ന ഗ്രാമത്തിലെ ചാണകക്കുണ്ടോ, സംസാരമാകുന്ന നഗരത്തിലെ മലിനജലസംഭരണിയോ ആകുന്ന താമസയോനികളില്‍ നിവസിപ്പിക്കുന്നു. പിന്നീട് അവരെ ജനിപ്പിക്കുന്നത് കടുവ, ചെന്നായ, തുടങ്ങിയ ക്ഷുദ്രജീവികളുടെ വര്‍ഗ്ഗത്തിലായിരിക്കും. പുല്ലുപോലും കുരുക്കാത്ത ഊഷരഭൂമിയിലായിരിക്കും അവര്‍ ജനിക്കുന്നത്. വിശപ്പിന്‍റെ വേദന അനുഭവിക്കുന്ന അവര്‍ സ്വന്തം മാംസംതന്നെ തിന്നു മരിക്കുന്നു. അവര്‍ വീണ്ടും വീണ്ടും അതേ സ്ഥിതിയില്‍ത്തന്നെ ജനിക്കുന്നു. അല്ലെങ്കില്‍ ഇഴജന്തുക്കളുടെ രൂപത്തിലായിരിക്കും അവര്‍ക്ക് ജന്മം കൊടുക്കുന്നത്. കുടുസ്സായ മാളത്തില്‍ ജീവിക്കുന്ന അവര്‍ക്ക് അവരുടെ വിഷത്തിന്‍റെ താപംകൊണ്ടുതന്നെ തൊലി ഉണങ്ങി വരളും. അധര്‍മ്മികളായ ഇവരെ ശ്വാസോച്ഛ്വാസത്തിനെടുക്കുന്ന ചുരുങ്ങിയ സമയത്തേക്കുപോലും വിശ്രമിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. അനേകം കല്പാന്തകാലങ്ങള്‍ ഈ നിലയില്‍ ജീവിക്കേണ്ടിവരുന്ന ഇവരെ, ഇവരുടെ പ്രാണസങ്കടത്തില്‍നിന്ന് ഞാന്‍ മോചിപ്പിക്കുകയില്ല. അവരുടെ അന്തിമമായ ലക്ഷ്യത്തിലേക്കു നയിക്കുന്ന ദീര്‍ഘയാത്രയിലുള്ള ആദ്യത്തെ പടിയാണിത്. അപ്പോള്‍ പിന്നെ അന്തിമ ലക്ഷ്യത്തിലെത്തിച്ചേരുമ്പോഴേക്കും ഇതിനേക്കാള്‍ ഭൈരവമായ യാതനകള്‍ എങ്ങനെയാണ് അവര്‍ അനുഭവിക്കാതിരിക്കുക?

ഇവിടെ, അപരാധങ്ങള്‍ക്ക് ശിക്ഷ വിധിച്ചു നടപ്പാക്കുന്ന പരമാധികാരിയായി പരമാത്മാവ് സ്വയം ചിത്രീകരിക്കുകയല്ല. നിയതിയുടെ സ്വാഭാവികഗതി ചൂണ്ടിക്കാണിക്കുക മാത്രമാണ് വ്യാസര്‍ ചെയ്യുന്നത്. വാസനാസഞ്ചയം സ്വഭാവമായി അടുത്ത തലമുറകളില്‍ പ്രകടമാകും എന്നത് ശാസ്ത്രസമ്മതമായ കാര്യമാണ്.

നിതാന്തമായ തമോഗുണമാണ് അചേതനങ്ങള്‍ക്ക്. ചേതന പ്രകടമാകുന്ന ആദ്യഘട്ടങ്ങളിലും ജീവിയെ ഭരിക്കുന്നത് തമോഗുണംതന്നെ. ക്രമേണ രജോഗുണം മുന്നിട്ടു വരുന്നു, പരിണാമത്തിന്റെ അടുത്ത ശ്രേണിയില്‍ സത്വഗുണവും. ഈ രണ്ടില്‍ ഓരോന്നും മുന്നിടുമ്പോഴും അതിനു മുമ്പത്തെ ഗുണസഞ്ചയം മുഴുക്കെ മനുഷ്യനില്‍ നിലനില്‍ക്കുന്നുണ്ട്. അധികസമ്പാദ്യമായാണ് പുതിയ നേട്ടം കൈവരുന്നത്. ക്രമേണ തെളിഞ്ഞു വരുന്ന ജലം എപ്പോള്‍ വേണമെങ്കിലും വീണ്ടും കലങ്ങാം. ജീവിതത്തില്‍ ഉയര്‍ച്ച, താഴ്ച (ഉന്നമനം, അധോഗതി) എന്നിവയുടെ ശരിയായ അര്‍ഥമെന്തെന്ന് ഗുണത്രയവിഭാഗയോഗത്തില്‍ വിശദമാക്കിയല്ലോ. ('ഊര്‍ധ്വം ഗച്ഛന്തി സത്വസ്ഥാഃ .... അധോ ഗച്ഛന്തി താമസാ' - 14, 18.)
വൈരുധ്യാത്മകമായ പ്രകൃതിയുടെ പ്രവര്‍ത്തനഫലമായാണ് ഗുണകര്‍മഭേദം വരുന്നത്. ജീവപരിണാമത്തിന് വഴിയൊരുക്കി മനുഷ്യനില്‍ എത്തിച്ച് ഈ ഭേദത്തിന് അറുതി വരുത്തുന്നതും പരാപ്രകൃതിതന്നെ എന്നു പറയാം. ''ഭേദങ്ങളുടെ കര്‍ത്താവെന്നാലും എന്നെ അവയുടെ അകര്‍ത്താവായി അറിയണം.'' ('തസ്യ കര്‍ത്താരമപിമാം വിധ്യകര്‍ത്താരമവ്യയം' - 4, 13) പരമാത്മസാരൂപ്യത്തിലേക്കുള്ള വഴിക്കു തിരിഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ എത്തിച്ചേരുന്നതെങ്ങനെ എന്നു വിശദീകരിക്കുകയും ഉണ്ടായി. രണ്ടു വഴിക്കും തിരിയാന്‍ പ്രകടമായ സ്വാതന്ത്ര്യമുള്ള മനുഷ്യജന്മമെന്ന കൂട്ടുപാതയിലെത്തിയിട്ട് മറ്റേ വഴിക്കു തിരിഞ്ഞാല്‍ താഴോട്ടാവും പോക്ക്. പരിണാമദശകളിലെ താഴെപ്പടികളിലേക്കുള്ള ഈ യാത്ര വരുംതലമുറകള്‍ അല്ലിചില്ലിയായി പോകുവോളം നീളാം. അത്രയും പോയില്ലെങ്കിലും സ്ഥിരമായി കീഴ്പ്പടികളില്‍ ഏതിലെങ്കിലും കുരുങ്ങി ആത്മാനന്ദരഹിതമായ ജീവിതം നയിച്ചുകൊണ്ടേ ഇരിക്കാം.
തുടരും...

No comments:

Post a Comment