ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16
-ദൈവാസുരസമ്പദ്വിഭാഗയോഗം-
ശ്ളോകം-17
ആസുരര്‍ എന്നെ ദ്വേഷിച്ച് ജീവിതം നയിക്കുന്നു:
-----------------------------------------------------------
ആത്മസംഭാവിതാഃ സ്തബ്ധാ
ധന മാന മദാന്വിതാഃ
യജന്തേ നാമ യജ്ഞൈസ്തേ
ദംഭേനാവിധിപൂര്‍വ്വകം
-----------------------------------------------------------
ആത്മസംഭാവിതാഃ സ്തബ്ധാ
ധന മാന മദാന്വിതാഃ
യജന്തേ നാമ യജ്ഞൈസ്തേ
ദംഭേനാവിധിപൂര്‍വ്വകം
സ്വയം പ്രശംസിച്ച് കേമത്തം ഭാവിക്കുന്നവരും ഗര്‍വ്വിഷ്ഠന്മാരും
സമ്പത്തിലും സ്ഥാനമാനങ്ങളിലും മദിച്ചു കഴിയുന്നവരുമായ ആസുരീസമ്പന്നന്മാര്‍ വളരെ
ഡംഭോടുകൂടി ശാസ്ത്രവിധികളെ നോക്കാതെ യജ്ഞത്തിന്‍റെ പേരില്‍ പലതും
കാട്ടിക്കൂട്ടുന്നു.
വലിയ ചെണ്ട മേളത്തോടെ കൊടിയും പിടിച്ച്
യജ്ഞപ്രണേതാക്കളായി ഇവര്‍ ബഹുജനസമക്ഷം പ്രത്യക്ഷപ്പെടും. എന്നാല്‍ ഇതെല്ലാം നിരര്‍ത്ഥകമാണ്.
വിളക്കിന്‍റെ കരികൊണ്ട് അന്ധകാരത്തിന് ഒരാവരണം ഉണ്ടാക്കിയാല്‍ അന്ധകാരത്തിന്‍റെ
സാന്ധ്യത വര്‍ദ്ധിക്കുകയേ ഉള്ളൂ. അതുപോലെ കപടമായ ഈ മേന്മ അവരുടെ അഹംഭാവത്തെ
കൂടുതലാക്കുന്നു. അവരുടെ മൂഢത്വം ദൃഢതരമാകുന്നു. അഹങ്കാരവും അവിവേകവും
ദ്വിഗുണീഭവിക്കുന്നു. അവരെപ്പോലെ മറ്റാരെങ്കിലും ഉണ്ടെന്ന് കേള്‍ക്കുന്നതുതന്നെ
അവര്‍ക്ക് അസഹ്യമാണ്. ഇപ്രകാരം അഹന്ത പ്രബലപ്പെടുമ്പോള്‍ അവരുടെ അഹങ്കാരം അതിന്‍റെ
സീമയെ അതിലംഘിക്കുന്നു. അഹങ്കാരം പുഷ്കലമാകുമ്പോള്‍ കാമം ഉദ്ദീപിക്കുന്നു. അതിന്‍റെ
കടുത്ത ചൂടുകൊണ്ട് കോപാഗ്നി കത്തിജ്വലിക്കുന്നു. ഇത്, നെയ്യിന്‍റേയും
എണ്ണയുടേയും ഒരു വലിയശേഖരം കത്തിജ്വലിക്കുമ്പോള്‍ ശക്തമായ കാറ്റ് ആ അഗ്നിയെ
പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതുപോലെയാണ്. അഹന്തയും ഉന്മത്തതയും
കൂടിച്ചേരുമ്പോള്‍ അവരുടെ സുഖസൗകര്യത്തിനുവേണ്ടി അവര്‍ ആരെയാണ് നശിപ്പിക്കാത്തത്? ആഭിചാരകര്‍മ്മങ്ങളില്‍
വിജയിക്കുന്നതിനായി അവര്‍ അവരുടെതന്നെ രക്തവും മാംസവും അര്‍പ്പിക്കുന്നു. അവര്‍
അവരുടെ ശരീരത്തെ ഇപ്രകാരം പീഡിപ്പിക്കുമ്പോഴും, പീഡിതമാകുന്ന
ശരീരത്തില്‍ ചേതനയായി കുടികൊള്ളുന്ന ഞാനാണ് ക്ലേശമനുഭവിക്കുന്നത്. അവരുടെ
ദുഷ്പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്ന ആരെങ്കിലും ഭാഗ്യകൊണ്ട് രക്ഷപ്പെട്ടാല്‍ അവരെ
അപകീര്‍ത്തികരമായ വാക്കുകള്‍കൊണ്ട് എറിഞ്ഞു വീഴ്ത്തുന്നു. ഈ ആസുരീവര്‍ഗ്ഗക്കാര്‍
പതിവ്രതമാരുടേയും മഹാത്മാക്കളുടേയും ഭക്തന്മാരുടേയും സന്യാസിമാരുടേയും
താപസ്വികളുടേയും യാജ്ഞികന്മാരുടേയും ദാനശീലന്മാരുടേയും സല്‍പുരുഷന്മാരുടേയും നേര്‍ക്ക്
നിശിതമായ ഭാഷയില്‍ വിഷലിപ്തമായ കൂരമ്പുകളയയ്ക്കുന്നു. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കു
ശരവ്യരാകുന്നവരെല്ലാം ശാസ്ത്രവിധിപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ട്
പുണ്യവാന്മാരായിത്തീര്‍ന്നിട്ടുള്ളവരാണ്. അവരുടെ പരിശുദ്ധഹൃദയങ്ങള്‍ എന്‍റെ
വാസഗേഹങ്ങളാണ്.
വിവരമില്ലാത്തവര്‍ക്ക് മൂല്യബോധമില്ല. അവര്‍
ചെയ്യുന്നതെല്ലാം അവര്‍ക്ക് ശരിയാണ്. ഓരോ താന്തോന്നിയും വിചാരിക്കുക താന്‍
ബഹുകേമന്‍ എന്നാണ്. ആ നിലപാടില്‍ അവര്‍ കല്ലുപോലെ ഉറച്ചുപോകുന്നു. മൃദുലവികാരങ്ങള്‍
ഇവര്‍ക്ക് അന്യമാകയാല്‍ മറ്റൊരു ഹൃദയമോ ശരീരമോ മുറിപ്പെടുമെന്നോര്‍ക്കാതെ ഇവര്‍
സ്തബ്ധരായി പെരുമാറുന്നു. വിശേഷബുദ്ധി പോയാല്‍ മനുഷ്യനിലെ മനുഷ്യത്വം മരിക്കുന്നു.
സര്‍വഭൂതഹിതത്തിനായി അര്‍പ്പണഭാവത്തോടെ ചെയ്യുന്ന
നിസ്വാര്‍ഥസേവനത്തിന്റെ ഫലം എല്ലാരുംകൂടി പങ്കിട്ടനുഭവിക്കലാണ് യജ്ഞകര്‍മത്തിന്റെ
കാതല്‍. അവിവേകികളും കര്‍മങ്ങള്‍ ചെയ്യുന്നു. പക്ഷേ, അതൊന്നും ഇപ്പറഞ്ഞ
രീതിയിലോ ഭാവനയോടെയോ ആവില്ല. വേദോക്തമായ 'യജ്ഞം' മാത്രമല്ല ഇവിടെ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അതും ഇക്കൂട്ടര്‍ പേരിനും പ്രശസ്തിക്കുമായി ചെയ്യാം.
പക്ഷേ, സത്യദര്‍ശികളായ
ഗുരുനാഥര്‍ പറഞ്ഞ ഒന്നുമല്ല, കല്ലിച്ചുപോയ സ്വന്തം
വിഭ്രാന്തപക്ഷമാണ്, ഇവര്‍ക്ക്
പ്രമാണം.
പണംകൊണ്ട് കണ്ണു
കാണാതാകുന്നപോലെ ദുരഭിമാനംകൊണ്ടും അന്ധത വരും. താനൊഴികെ എല്ലാരും തൃണസമാനരാണെന്ന
മുന്‍വിധിയോടെയുള്ള മുട്ടാപ്പോക്കാണ് ദുരഭിമാനികളുടെ രീതി. തിരുവായ്ക്ക് എതിര്‍വാ
പാടില്ല. ചലനാത്മകമായ സമൂഹജീവിത പ്രവാഹത്തില്‍ ഉറച്ചുപിടിച്ച പാറക്കെട്ടുകള്‍പോലെ
ഇവര്‍ സ്തബ്ധരായി സ്ഥിതി ചെയ്യുന്നു. ആളെക്കൂട്ടി പണം വാരാനോ സംഘടന വളര്‍ത്താനോ
മനഃപൂര്‍വം ബഹളമുണ്ടാക്കി നടത്തുന്ന കോലാഹലസത്രങ്ങളും ഭജനകളും മഹാഹോമങ്ങളും ഇവിടെ
പറയുന്ന നാമമാത്രയജ്ഞങ്ങള്‍ക്ക് ഉദാഹരണങ്ങള്‍തന്നെ.
(തുടരും...)
(തുടരും...)
No comments:
Post a Comment