ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-15-
പുരുഷോത്തമയോഗം
-ശ്ളോകം-3
പ്രപഞ്ചവ്യവഹാരം എന്നത് മായയാണ്:
===============================
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്വാ
===============================
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്വാ
ഈ ഭൂമിയില്‍നിന്നും നോക്കുന്ന ആള്‍ക്ക് പ്രസ്തുത സംസാര
വൃക്ഷത്തിന്‍റെ മേല്‍പ്പറഞ്ഞ വിധമായ രൂപം കാണാന്‍ കഴിയുന്നില്ല. തന്നെയുമല്ല അതിന്‍റെ
ആദിയും അന്തവും നിലനില്‍പ്പും അറിയുന്നുമില്ല. ആകയാല്‍ നന്നേ ഉറച്ചു വേരൂന്നി നില്‍ക്കുന്ന
ഈ അശ്വത്ഥ വൃക്ഷത്തെ ബലമുള്ള നിസംഗായുധംകൊണ്ട് വെട്ടിമുറിച്ചു വീഴ്ത്തണം.
അല്ലയോ പാര്‍ത്ഥ, അത്ഭുതകരമായ ഈ
സംസാരവൃക്ഷത്തെപ്പറ്റി ഞാന്‍ വിശദീകരിച്ചു തന്നു. ഇപ്രകാരം ബൃഹത്തായ ഒരു വൃക്ഷത്തെ
എങ്ങനെ കടപുഴക്കാമെന്ന് നിന്‍റെ മനസ്സില്‍ സംശയമുണ്ടാകാം. ഊര്‍ദ്ധ്വശാഖ
ബ്രഹ്മദേവന്‍റെ ലോകംവരെ വ്യാപിച്ചിരിക്കുകയും വേരുകള്‍ നിരാകാരബ്രഹ്മത്തില്‍ ഊന്നി
നില്‍ക്കുകയും ചുവട്ടിലുള്ള ശാഖകള്‍ ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക്
ആഴ്ന്നിറങ്ങിയിരിക്കുകയും മദ്ധ്യഭാഗത്തുള്ള ശാഖകള്‍ മാനവതയായിത്തീര്‍ന്നിരിക്കുകയും
ചെയ്യുന്ന വിസ്തൃതവും കരുത്തുറ്റതുമായ ഈ വൃക്ഷത്തെ എന്തുകൊണ്ടാണ് വെട്ടിമുറിക്കാന്‍
കഴിയുന്നത്? അതേപ്പറ്റി
ആലോചിച്ചു ശങ്കിക്കേണ്ട കാര്യമില്ല. ഈ വൃക്ഷം വെട്ടിമുറിച്ചിടുന്നതിനു യാതൊരു
ബുദ്ധിമുട്ടുമില്ല. പിശാചിന്‍റെ ഭയത്തില്‍നിന്ന് ഒരു കുട്ടിയെ രക്ഷിക്കാന്‍
അവിടേയും ഇവിടേയും ഓടിനടക്കേണ്ടതുണ്ടോ? കാര്‍മേഘങ്ങള്‍
ആകാശത്തിലുണ്ടാക്കുന്ന ഗന്ധര്‍വ്വ നഗരങ്ങളെ നശിപ്പിക്കേണ്ട ആവശ്യമുണ്ടോ? മുയലിന്‍റെ
കൊമ്പൊടിക്കാന്‍ ആരെങ്കിലും മുതിരുമോ? ആകാശപുഷ്പം
ഇറുത്തെടുക്കാന്‍ ശ്രമിക്കുന്നതാരാണ്? അതുപോലെ ഈ സംസാരവൃക്ഷം
ഒരു യാഥാര്‍ത്ഥ്യമല്ല. പിന്നെ എന്തിനാണ് അത് വെട്ടിമുറിച്ചിടുന്നതിന്
ഭയപ്പെടുന്നത്? അതിന്‍റെവേരുകളുടേയും
ശാഖകളുടേയും മിടച്ചല്‍ പണിയെപ്പറ്റിയുള്ള എന്‍റെ വിശദീകരണം വന്ധ്യയായ ഒരു
സ്ത്രീയുടെ സന്തതികള്‍ നിറഞ്ഞ വീടിനെപ്പറ്റി യുള്ള വിശദീകരണം പോലെയാണ്.
സ്വപ്നത്തില്‍ നാം പറഞ്ഞ വാക്കുകള്‍ക്ക് ഉണര്‍ന്നുകഴിയുമ്പോള്‍ എന്തെങ്കിലും
പ്രയോജന മുണ്ടോ? അതുപോലെ
ഈ വൃക്ഷത്തെപ്പറ്റിയുള്ള സംസാരം കേവലം ഒരു സ്വപ്ന സംസാരമാണ്. ഈ വൃക്ഷത്തിന്‍റെ
വേരുകളും ഈ വൃക്ഷവും ഞാന്‍ വിചാരിച്ചപോലെ ശക്തമാണെങ്കില്‍ ഏതു മനുഷ്യപുത്രനാണ്
അതിനെ കടപുഴക്കാന്‍ കഴിയുക? ആകാശത്തെ
വെറും ഉച്ഛ്വാസംകൊണ്ട് ചിന്നഭിന്നമാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ആമയുടെ മുലപ്പാലില്‍
നിന്നെടുത്ത വെണ്ണയെന്നതുപോലെ ഈ സംസാരവൃക്ഷം ഒരു മിഥ്യാബോധമാണ്. കാനല്‍ജലം
ദൂരത്തുനിന്നുനോക്കി രസിക്കാമെന്നല്ലാതെ അതിലെ ജലംകൊണ്ട് ആരെങ്കിലും വാഴയോ നെല്ലോ
കൃഷിചെയ്യാന്‍ ഉദ്യമിക്കുമോ? ഈ വൃക്ഷത്തിന്‍റെ തായ്‍വേര്
അജ്ഞാനമാണ്. കാരണം അയഥാര്‍ത്ഥമാകുമ്പോള്‍ പിന്നെ അതിന്‍റെ കാര്യം യഥാര്‍ത്ഥ
മാകുന്നത് എങ്ങനെയാണ്? ഈ
വൃക്ഷം തന്നെ എങ്ങനെ നിലനില്‍ക്കും? സത്യം പറഞ്ഞാല്‍ ഈ
സംസാരവൃക്ഷം വെറും മായയാണ്.
ഈ വൃക്ഷത്തിന് അവസാനമില്ലെന്നു പറയുന്നത് ഒരു കണക്കിനു
ശരിയാണ്. ഉറങ്ങിക്കിടക്കുന്നവന്‍ ഉണരാതെ ഉറക്കത്തിന് അവസാനമുണ്ടാകുമോ? രാത്രി അവസാനിക്കാതെ
ഉദയമുണ്ടാകുമോ? അതുപോലെ
ജ്ഞാനം ഒരുവനില്‍ ഉദിക്കാത്തിടത്തോളം കാലം ഈ സംസാരവൃക്ഷത്തിന് യാതൊരവസാനവുമില്ല.
വായുവിന്‍റെ ചലനം അവസാനിക്കുന്നില്ലെങ്കില്‍ വാരിധിയിലെ ഓളങ്ങളും അവസാനി
ക്കുകയില്ല. മരീചിക മറയുന്നത് സൂര്യന്‍ അസ്തമി ക്കുമ്പോഴാണ്. വിളക്ക് അണയുമ്പോള്‍
പ്രകാശം അപ്രത്യക്ഷ മാകുന്നു. അതുപോലെ അജ്ഞാനത്തില്‍ വേരൂന്നി നില്‍ക്കുന്ന ഈ
സംസാരവൃക്ഷം ജ്ഞാനത്തിന്‍റെ ഉദയംവരെ അവസാനിക്കുന്നില്ല.
സംസാരവൃക്ഷം ആരംഭരഹിതമാണെന്നു പറയുന്നത് തെറ്റായ ഒരു
ആരോപണമല്ല. അനാദിത്വം അതിന്‍റെ സഹജസ്വഭാവമായതുകൊണ്ട് അതൊരു വസ്തുതയാണ്.
സംസാരവൃക്ഷം ഒരു യാഥാര്‍ത്ഥ്യ മല്ലെങ്കില്‍ എങ്ങനെയാണ് അതിന് ഒരാരംഭം ഉണ്ടാവുക?
അജ്ഞാനിയായ ഒരുവന്‍ ഈ സംസാരവൃക്ഷത്തെ വിവിധ വര്‍ണ്ണാങ്കിതമായ
ഒരു മാരിവില്ലിനെപ്പോലെ മനോഹരമായി കാണുന്നു. വിവിധ വേഷങ്ങളെടുത്ത് സമര്‍ത്ഥനായ ഒരു
നടന്‍ കാണികളെ ഭ്രമിപ്പിക്കുന്നതുപോലെ സംസാരവൃക്ഷം അതിന്‍റെ മായാവൈഭവം കൊണ്ട്
അജ്ഞാനിയെ ഭ്രമിപ്പിക്കുന്നു. ആകാശം വര്‍ണ്ണരഹിതമാണ്. എന്നാല്‍ അതിനു
നീലനിറമുള്ളതുപോലെ തോന്നും. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍
ഈ നിറം മാറി മറയും. ഒരു സ്വപ്നത്തില്‍ കാണുന്ന അയഥാര്‍ത്ഥകാര്യങ്ങളെ യഥാര്‍ത്ഥമായിട്ടു
നാം കരുതിയാല്‍ തന്നെ എത്രനേരത്തേക്കാണ് അത് യാഥാര്‍ത്ഥ്യമായി തങ്ങിനില്‍ക്കുക? അതുപോലെ
സംസാരവൃക്ഷത്തിന്‍റെ പൊരുള്‍ ക്ഷണഭംഗുരമാണ്. ഒരു മര്‍ക്കടന് ജലത്തില്‍ക്കാണുന്ന
അതിന്‍റെ പ്രതിബിംബത്തെ കരത്തിലൊതുക്കാന്‍ കഴിയാത്തതുപോലെ അസ്ഥിത്വമുണ്ടെന്നു
തോന്നുന്ന സംസാരവൃക്ഷത്തെ ഒരുവന് ഗ്രസിക്കാന്‍ സാധ്യമല്ല. സമുദ്രത്തിലുണ്ടാകുന്ന
തരംഗങ്ങളുടെ ദ്രുതചലനത്തേയും ആകാശത്തിലുണ്ടാകുന്ന മിന്നല്‍പിണറിന്‍റെ
മിന്നിമറയലിനേയും വെല്ലുന്ന വേഗതയിലാണ് പ്രപഞ്ചം നിലവില്‍ വരുന്നതും
നശിക്കുന്നതും. ഗ്രീഷ്മാന്തവായു മുന്നില്‍നിന്നാണോ പിന്നില്‍ നിന്നാണോ
വീശുന്നതെന്നറിയാന്‍ കഴിയാത്തതുപോലെയാണ് അയഥാര്‍ത്ഥമായ ഈ സംസാരവൃക്ഷത്തിന്‍റെ
അവസഥ.
ആദിയോ അന്തമോ തുടര്‍ച്ചയോ രൂപമോ ഇല്ലാത്ത ഈ വൃക്ഷത്തെ
പിഴുന്നതിന് ഒരുവന്‍ അക്ഷീണമായി പ്രയത്നിക്കേണ്ട ആവശ്യമുണ്ടോ? അയഥാര്‍ത്ഥമായ ഈ വൃക്ഷം
ഒരുവന്‍റെ അജ്ഞതകൊണ്ട് അനവരതം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ആകയാല്‍ ഒരുവന്‍ അവന്‍റെ
ആത്മജ്ഞാനമാകുന്ന ആയുധംകൊണ്ട് ഇതിനെ വെട്ടിവീഴ്ത്തണം. ആത്മജ്ഞാനംകൊണ്ടല്ലാതെ
മറ്റെന്തെങ്കിലും പ്രതിവിധി ഉപയോഗിച്ച് ഇതിനെ പിളര്‍ക്കാമെന്നു കരുതിയാല്‍ കൂടുതല്‍
കൂടുതലായി ഇതിന്‍റെ ജാലരന്ദ്രങ്ങളില്‍ കുടുങ്ങി ശാഖോപശാഖകള്‍ തോറും അവസാനമില്ലാത്ത
ചംക്രമണം നടത്തുന്നതിനുമാത്രമേ ഇടയാവുകയുള്ളൂ. ആകയാല്‍ യഥാര്‍ത്ഥസ്വസ്വരൂപജ്ഞാനംകൊണ്ട്
ഈ സംസാരവൃക്ഷത്തിന്‍റെ ശാഖകളേയും അജ്ഞാനമാകുന്ന വേരുകളേയും വെട്ടിമുറിക്കുക.
അല്ലാത്തപക്ഷം പാശംകൊണ്ട് സര്‍പ്പമാണെന്ന് തെറ്റിദ്ധരിച്ച ഒരുവന്‍ സര്‍പ്പത്തെ
കൊല്ലുന്നതിനായി ശേഖരിക്കുന്ന വടിയുടെ ഭാരം താങ്ങുന്നതുപോലെയോ, കാനല്‍ജലം
കടക്കുന്നതിനു തോണിയന്വേഷിച്ചു നടക്കുന്നവന്‍ യഥാര്‍ത്ഥപൂഴിയില്‍ മുങ്ങി
മരിക്കുന്നതുപോലെയോ ആയിത്തീരും.
അല്ലയോ വീര, ആത്മജ്ഞാനം ഇല്ലാത്ത
ഒരുവന്‍ ഈ സംസാരവൃക്ഷ ത്തെ നശിപ്പിക്കുന്നതിനുള്ള ഉപായം തേടിയാല്‍, ഈ പ്രപഞ്ച വ്യവഹാരം
മുഴുവനും ഉണ്മയാണെന്നുള്ള ധാരണയിലായിരിക്കും അവന്‍ എത്തിച്ചേരുന്നത്.
സ്വപ്നത്തിലുണ്ടാകുന്ന മുറിവിന്‍റെ വേദന ഇല്ലാതാക്കുന്നതിനുള്ള ഒരേ ഒരു വഴി ഉണരുക
മാത്രമാണ്. അതുപോലെ അജ്ഞാനത്തിന്‍റെ വേരുകള്‍ ഉള്ള ഈ വൃക്ഷം മുറിക്കുന്നതിന്
ജ്ഞാനത്തിന്‍റെ ഖഡ്ഗം അനായാസമായി കൈവശ പ്പെടുത്തണ മെങ്കില്‍ വൈരാഗ്യത്തിന്‍റെ
നിരന്തരമായ സഹായം ബുദ്ധിക്കു ലഭിക്കണം. യഥാര്‍ത്ഥവൈരാഗ്യം ഒരുവനില്‍ ഉദിക്കുമ്പോള്‍
ത്രിവര്‍ഗ്ഗങ്ങളായ ധര്‍മ്മാധര്‍മ്മകാമങ്ങളെ അവന്‍ അവജ്ഞയോടെ ത്യജിക്കുന്നു. ഒരുവന്‍
എല്ലാ വസ്തുക്കളേയും വെറുക്കുമ്പോള്‍ അവനില്‍ വൈരാഗ്യം വളര്‍ന്നു ശക്തിപ്പെടുന്നു.
അനന്തരം ദേഹാഭിമാനമാകുന്ന ഉറയില്‍നിന്ന് ജ്ഞാനമാകുന്ന ഖഡ്ഗം പുറത്തെടുത്ത്, വിവേകമാകുന്ന ഉരകല്ലില്‍
ഉരച്ച്, അഹംബ്രഹ്മാസ്മി
ഭാവത്തിന്‍റെ തീക്ഷ്ണതയാകുന്ന മൂര്‍ച്ചവരുത്തണം. അതിനുശേഷം നിശ്ചയമാകുന്ന
മുഷ്ടിബലംകൊണ്ട് ഈ ഖഡ്ഗത്തെ ശരിക്കും പരീക്ഷിക്കുകയും മനശക്തികൊണ്ട് അതു
ചുഴറ്റിനോക്കുകയും വേണം. അപ്രകാരമുള്ള നിദിദ്ധ്യാസം (നിരന്തരമായ ധ്യാനം) കൊണ്ട്
ഖഡ്ഗവും ഉപയോക്താവും ഒന്നായിത്തീരുന്നു. അദ്വൈതപ്രകാശാധിക്യമുള്ള ഈ ജ്ഞാനഖഡ്ഗം
സംസാരവൃക്ഷത്തെ എവിടെയും നിലനില്‍ക്കുന്നതിന് അനുവദിക്കുകയില്ല. ശരല്‍ക്കാലമാരുതന്‍
മാനത്തുനിന്ന് മേഘങ്ങളെ തുരത്തിക്കളയുന്നതുപോലെ, അരുണന്‍
പ്രത്യക്ഷപ്പെടുമ്പോള്‍ അന്ധകാരം അസ്തമിക്കുന്നതുപോലെ ഉറക്കമുണരുമ്പോള്‍ സ്വപ്നത്തിലുണ്ടായ
മനസ്സിന്‍റെ അസ്വസ്ഥത അവസാനിക്കുന്ന തുപോലെ, ആത്മാനുഭവമാകുന്ന മൂര്‍ച്ചയുള്ള
വായ്ത്തലയോടുകൂടിയ ഈ ഖഡ്ഗം സംസാരവൃക്ഷത്തെ നിശ്ശേഷം നശിപ്പിക്കുന്നു. അപ്പോള്‍
ചന്ദ്രപ്രകാശത്തില്‍ മരുപച്ച അപ്രത്യക്ഷമാകുന്ന തുപോലെ സംസാരവൃക്ഷത്തിന്‍റേയും
അതിന്‍റെ ശാഖോപശാഖ കളുടേയും നിലനില്‍പ് അവസാനിക്കുന്നു. ആകയാല്‍ അല്ലയോ വീരനാഥാ, ആത്മജ്ഞാന ഖഡ്ഗം കൊണ്ട്
ഊര്‍ദ്ധ്വഭാഗത്ത് വേരുകളോടുകൂടിയ സംസാരമാകുന്ന അശ്വത്ഥവൃക്ഷത്തെ നീ വെട്ടി
വീഴ്ത്തണം.
തുടരും...
No comments:
Post a Comment