Tuesday, 1 March 2016


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14-ഗുണത്രയവിഭാഗയോഗം - ശ്ളോകം-25

മാനാപമാനയോസ്തുല്യ-
സ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ
ഗുണാതീതഃ സ ഉച്യതേ

മാനത്തെയും അപമാനത്തെയും തുല്യമായി കരുതുന്നവനും മിത്രപക്ഷത്തേയും ശത്രുപക്ഷത്തെയും ഒരേ നിലയില്‍ കാണുന്നവനും സകലവിധ പ്രയത്നങ്ങളെയും ഉപേക്ഷിച്ചവനും ആരോ അവന്‍ ഗുണാതീതനത്രെ.

സൂര്യന്‍ പകലിനെപ്പറ്റി മാത്രമേ അറിയുന്നുള്ളൂ. രാത്രിയെപ്പറ്റി യാതൊന്നും സൂര്യനറിവില്ല. ഗുണാതീതനായ ഒരുവനും അപ്രകാരമാണ്. അവനെ ഒരു ദേവനായി കരുതി ആരാധിച്ചാലും, ചോരനായി കരുതി ദണ്ഡിച്ചാലും, അനേകം വൃക്ഷഭങ്ങളുടെയും ഗജങ്ങളുടെയും അകമ്പടിയോടെ രാജാവായി അഭിഷേകിച്ചാലും, സുഹൃത്തുക്കള്‍ അടുത്തിരുന്നാരാധിച്ചാലും, വൈരികള്‍ ആക്രമിച്ചാലും അവന്‍ എല്ലാം തുല്യമായി കരുതുകയും എല്ലാറ്റിനെയും ഒന്നായി കാണുകയും ചെയ്യുന്നു.

ഓരോ ഋതുക്കളും വരുകയും പോവുകയും ചെയ്യുമ്പോഴും ആകാശം നിര്‍ബ്ബാധിത മായിരിക്കുന്നതുപോലെ, അവന്‍റെ മനസ്സിനെ ഭേദവിചാരങ്ങള്‍ ബാധിക്കുകയില്ല. അവനിലുള്ള മറ്റൊരു പ്രത്യേക ലക്ഷണം കര്‍മ്മത്തിന്‍റെ അഭാവമാണ്. അവന്‍ കര്‍മ്മങ്ങള്‍ ചെയ്യുകയോ ലൌകികവ്യാപാരങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല. അവന്‍ കൈവരിച്ചിട്ടുള്ള ജ്ഞാനാഗ്നിയില്‍ അവന്‍റെ കര്‍മ്മഫലം അവന്‍ എരിച്ചു കളയുന്നു. ദൃഷ്ടവും അദൃഷ്ടവുമായ ഇഹലോകപരലോക ഭോഗങ്ങളില്‍ അവന് പ്രാപ്തമായവയെ മാത്രം അവന്‍ അനുഭവിക്കുന്നു. അവന്‍ സന്തോഷത്തില്‍ ആഹ്ലാദിക്കുകയോ സന്താപത്തില്‍ വിഷാദിക്കുകയോ ചെയ്യുന്നില്ല. എല്ലാ സങ്കല്പങ്ങളെയും ആഗ്രഹങ്ങളെയും പൊഴിച്ചുകളഞ്ഞ അവന്‍റെ അന്തഃകരണം ഒരു പാറപോലെയാണ്. ഇനിയും എന്തിനാണ് കൂടുതല്‍ വിശദീകരിക്കുന്നത്. ഇപ്രകാരം വര്‍ത്തിക്കുന്ന ഒരുവന്‍ മാത്രമാണ് ത്രിഗുണങ്ങളെയും അതിക്രമിച്ച് ഗുണാതീതനായിത്തീര്‍ന്നിട്ടുള്ളത്.

ശത്രുവും മിത്രവും തമ്മില്‍ വ്യത്യാസമില്ലാതാകുന്നതും ഇക്കണക്കിനു തന്നെ. സ്വന്തമായി ഒരു പക്ഷമുണ്ടെങ്കിലേ ശത്രുമിത്രപക്ഷങ്ങള്‍ ഉള്ളൂ. ശത്രു മിത്രമായും മറിച്ചും വന്നു ഭവിക്കുമ്പോഴത്തെ ആശയക്കുഴപ്പവും അപ്പോഴേ ഉള്ളൂ. ന്യായാധിപന്‍ എത്ര വലിയ കുറ്റവാളിക്കും ശിക്ഷ വിധിക്കുന്നത് അയാളോടുള്ള വിദ്വേഷംകൊണ്ടല്ല, അയാള്‍ ചെയ്ത കുറ്റത്തെ മാത്രം വിലയിരുത്തിയാണ്.

ഇനിയും ഗുണാതീതവസ്ഥയെ പ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്താണെന്നു ഞാന്‍ നിനക്ക് പറഞ്ഞു തരാം.

No comments:

Post a Comment