Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 59

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 59

വിഷയാ വിനിവർ‍ത്തന്തേ നിരാഹാരസ്യ ദേഹിനഃ
രസവര്‍ജ്യം രസോശ പ്യസ്യ പരം ദൃഷ്ട്വാ നിവര്‍ത്തതേ.

തന്റെ ഇന്ദ്രിയങ്ങളെ അവയുടെ ഇഷ്ടപ്പടി തീറ്റിപ്പോറ്റുന്ന ഏര്‍പ്പാടിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നവന്റെ വിഷയാനുഭവങ്ങള്‍ ക്രമേണ ഇല്ലാതാകുന്നു. ഇച്ഛ മാത്രമേ പിന്നെ ശേഷിക്കൂ. പരമാത്മാവിനെ കണ്ടുകിട്ടുന്നതോടെ ആ ഇച്ഛയും സമാപിക്കുന്നു.

ഇത് പറയാന്‍ എളുപ്പമാണെന്നാലും നടപ്പിലാക്കാന്‍ അല്പം പ്രയാസമാണെന്ന താക്കീതാണ് അടുത്തത്.
ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന് വിഷയങ്ങള്‍ അകന്നു പോകുന്നു. എന്നാല്‍ ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുമ്പോള്‍ അവന്റെ ആസക്തിയും വിട്ടുപോകുന്നു.

(അല്ലയോ അര്‍ജ്ജുനാ, ശ്രദ്ധാര്‍ഹമായ ഒരു കാര്യം ഞാന്‍ പറയ‍ാം. സംയമനത്തില്‍ കൂടി ഇന്ദ്രിയങ്ങളെ ഉപേക്ഷിച്ചു തപസ്സുചെയ്യുന്ന ഒരുവന്‍ അവന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നുണ്ടെങ്കിലും അവയിലുള്ള രസത്തെ (അഭിലാഷങ്ങളെ) നിയന്ത്രിക്കാന്‍ കഴിയാതെ വിവിധ തരത്തിലുള്ള ഇന്ദ്രിയവിഷയങ്ങളുടെ കുരുക്കില്‍പ്പെട്ടു വലയുന്നു. ഒരു വൃക്ഷത്തിന്റെ മുകള്‍ഭാഗത്തെ പടര്‍പ്പുകള്‍ മുറിച്ചുമാറ്റുകയും അതേസമയം അതിന്റെ ചുവട്ടില്‍ വെള്ളം ഒഴിച്ച് കൊടുക്കുകയും ചെയ്‌താല്‍ ആ വൃക്ഷത്തെ നശിപ്പിക്കാന്‍ കഴിയുമോ? വേരുകള്‍ക്ക് വെള്ളം ലഭിക്കുന്ന ആ വൃക്ഷം നാലു ഭാഗങ്ങളിലേയ്ക്കും വളര്‍ന്നു പന്തലിക്കും. അതുപോലെ, അഭിലാഷങ്ങള്‍ ഇന്ദ്രിയഭോഗങ്ങളെ പരിപോഷിപ്പിക്കും. എന്നാല്‍, ബ്രഹ്മസാക്ഷാത്കാരത്തില്‍ അവന്റെ രസങ്ങളും അവനെ വിട്ടകലുന്നു. താന്‍ തന്നെയാണ് ബ്രഹ്മമെന്ന ജ്ഞാനം ഉദിക്കുമ്പോള്‍ ദേഹബുദ്ധി അവനെ കൈവെടിയുകയും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ വ്യാപരിക്കാതാവുകയും ചെയ്യുന്നു.)
(തുടരും.....)

No comments:

Post a Comment