Tuesday, 29 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 66

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 66
നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തി രശാന്തസ്യ കുതഃ സുഖം (66)
ഇന്ദ്രിയങ്ങളെ വശത്താക്കാത്തവന് സമബുദ്ധിയില്ല. ഏകാഗ്രതയുമില്ല. ഏകാഗ്രതയില്ലാത്തവന്നു ശാന്തിയില്ല. ശന്തിയില്ലാത്തവന്നു എവിടെയാണ് സുഖം?
യോഗം ശീലിക്കാത്തവന്റെ ബുദ്ധി (ആത്മഭാവത്തില്‍) ഉറച്ചു നില്‍ക്കില്ല. അവന് (സര്‍വാന്തര്യാമിയായ ആത്മാവിനെ) ഭാവന ചെയ്യാന്‍ സാധിക്കയുമില്ല. (ആ) ഭാവന ഇല്ലാത്തവന് മനഃശാന്തി കിട്ടില്ല. മനഃശാന്തിയില്ലാത്തവന് സുഖം എങ്ങനെ ഉണ്ടാകും?
പരമാത്മാവില്‍ ചിത്തം ഉറച്ച യോഗിക്ക് വിഷയസുഖങ്ങള്‍ ലഭ്യമല്ലെങ്കിലും ദുഃഖമില്ല. പ്രപഞ്ചം മുഴുവന്‍ താന്‍തന്നെ എന്നു കാണുന്ന യോഗിക്ക് കൂടുതലായി ഒന്നും കിട്ടാനുമില്ല. അതിനാലാണ് യോഗത്തെ 'ദുഃഖസംയോഗവിയോഗം' (ദുഃഖവുമായുള്ള ബന്ധത്തിന് എന്നേക്കുമായി അറുതി വരുത്താനുള്ള ഉപാധി) എന്ന് പിന്നീട് നിര്‍വചിക്കുന്നത്.
മനസ്സിനെ ധ്യാനത്തില്‍ ഉറപ്പിക്കുവാന്‍ ശേഷിയില്ലാത്ത ഒരുവന്‍ വിഷയങ്ങളുടെ വലയില്‍പ്പെട്ടുഴലുന്നു. അങ്ങനെയുള്ളവന് ആത്മസ്വരൂപജ്ഞാനം ഉണ്ടാവുകയില്ല. അവന് ആത്മജ്ഞാനത്തില്‍ അഭിനിവേശവും ഉണ്ടാകുന്നതല്ല. അപ്രകാരം ഉല്‍ക്കടമായ അഭിനിവേശം ഉണ്ടാകാത്തവന് ശാന്തത ഉണ്ടാകുന്നതല്ല. പിന്നെയെങ്ങനെയാണ് അവന് മനസ്സമാധാനം പ്രതീക്ഷിക്കാനാവുക? പാപിയായ ഒരുവന് ഒരിക്കലും മോക്ഷം ലഭികാത്തതുപോലെ, അശാന്തനായ ഒരുവന് ആനന്ദദായകമായ സുഖം യാദൃശ്ചികമായിട്ടുപോലും ലഭിക്കയില്ല. മനസ്സമാധാനമില്ലാത്ത ഒരുവന് ആനന്ദം ലഭിക്കുമെന്നുള്ള പ്രതീക്ഷ, വറുത്തുപൊരിച്ച വിത്ത് മുളയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതുപോലെ അസ്ഥാനത്താണ്. ഇതില്‍നിന്ന് അശിക്ഷിതമായ ഒരു മനസ്സാണ് എല്ലാ ദുരിതാനുഭവങ്ങള്‍ക്കും കാരണമെന്ന് മനസ്സിലാക്കി ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും നിയന്ത്രിക്കുകയാണ് അഭിലഷണീയമെന്ന്‌ അറിയുക.
(തുടരും.....)

No comments:

Post a Comment