Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 60

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 60

യതതോഹ്യപി കൗന്തേയ പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി ഹരന്തിപ്രസഭം മനഃ

അല്ലയോ കുന്തീപുത്രാ, (മോക്ഷത്തിനായി) പ്രയത്‌നനം ചെയ്യുന്ന വിവേകിയായവന്റെപോലും മനസ്സിനെ, അതീവ മഥനശേഷിയുള്ള ഇന്ദ്രിയങ്ങള്‍ ബലമായി വലിച്ചു കൊണ്ടുപോകുന്നു.

മെരുക്കാന്‍ എളുപ്പമല്ലാത്ത തന്നിഷ്ടക്കാരും കരുത്തരുമായ കുതിരകളാണ് ഇന്ദ്രിയങ്ങള്‍. ശ്രദ്ധക്കുറവിന്റെ കടിഞ്ഞാണയവു കിട്ടിയാല്‍ അവ മനസ്സിനെ തന്നിഷ്ടങ്ങളിലേക്ക് ബലമായി വലിച്ചുകൊണ്ടുപോകും.

ഇന്ദ്രിയങ്ങളെ എല്ലായ്പ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തന്നെ അത് അനിയന്ത്രിതമായിത്തീരുന്നു. യമനിയമാദികള്‍കൊണ്ട് സംരക്ഷണവലയം സൃഷ്ടിച്ച്, മതാനുഷ്ടാനങ്ങള്‍ കൊണ്ട് ബലം ആര്‍ജ്ജിച്ചു മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുന്നവര്‍ക്ക്‌ തീവ്രമായ പോരാട്ടം അനുഭവപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ ആക്രമണസ്വഭാവം അപ്രകാരമാണ്. ഈ ഇന്ദ്രിയവിഷയങ്ങള്‍ അലൗകികശക്തികളുടെ കപടവേഷത്തില്‍ വന്നു ഇന്ദ്രിയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി ഒരുവന്റെ മനസ്സിനെ ചലിപ്പിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സ് അനിയന്ത്രിതമായി ഇന്ദ്രിയങ്ങളുടെ കാരുണ്യത്തിനുവേണ്ടി കാല്‍ക്കല്‍ വീഴേണ്ടിവരും. ഇന്ദ്രിയങ്ങളുടെ പ്രാഭവം അങ്ങനെയുള്ളതാണ്.
(തുടരും.....)

No comments:

Post a Comment