ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 72
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാര്‍ഥ നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാസ്യാമന്തകാലേപി ബ്രഹ്മനിര്‍വാണമൃച്ഛതി.
സ്ഥിത്വാസ്യാമന്തകാലേപി ബ്രഹ്മനിര്‍വാണമൃച്ഛതി.
ഇനി ഈ വഴിയിലൂടെ ചെന്നെത്താവുന്ന അവസ്ഥയുടെ മഹത്ത്വവിസ്താരം-
ഹേ അര്‍ജുന, ഇതാണ് ബ്രഹ്മനിഷ്ഠ. ഇതു നേടിയാല്‍പ്പിന്നെ അവാസ്തവങ്ങളില്‍ ഭ്രമിച്ചുപോവില്ല. മരണകാലത്ത് മാത്രമെങ്കിലും ഈ നിഷ്ഠയില്‍ സ്ഥിതി ചെയ്താല്‍ പരമമായ മോക്ഷം അനുഭവിക്കാവുന്നതാണ്. (നേരത്തേ തന്നെ ആയാല്‍ അത്രയും മെച്ചം!)
പരംപൊരുള്‍ മൂന്നായി പിരിഞ്ഞാണ് അദൈ്വതത്തിലെ പ്രപഞ്ചോത്പത്തി. ആദ്യം, പരാശക്തിയുടെ (ഈശ്വരന്റെ) തന്നെ ഭാവാന്തരമായി അക്ഷരബ്രഹ്മം അഥവാ അവ്യക്തമാധ്യമം ഉണ്ടാവുന്നു. പരാശക്തിയുടെ ആദിസ്പന്ദത്തിന് ഈ അവ്യക്തമാധ്യമത്തില്‍ അനുരണനമുണ്ടായി ക്ഷരബ്രഹ്മം (കാണപ്പെടുന്ന വിശ്വം) ജനിക്കുന്നു. വിശ്വത്തിലെ പ്രത്യക്ഷരൂപങ്ങള്‍ക്കു പിന്നില്‍ അവ്യക്തമാധ്യമത്തില്‍, അഥവാ അക്ഷരബ്രഹ്മത്തില്‍, രൂപനിര്‍മാണക്ഷേത്രങ്ങള്‍ നിലനില്ക്കുന്നു. ജീവന്‍ ഉള്ളതിനും പ്രത്യക്ഷത്തില്‍ ജീവനില്ലാത്തതെന്ന് നമുക്കു തോന്നുന്ന കല്ലിനും മണ്ണിനുംപോലും അക്ഷരബ്രഹ്മത്തില്‍ രൂപനിര്‍മാണക്ഷേത്രങ്ങളുണ്ട്. എന്നുവെച്ചാല്‍, വിശ്വത്തിലെ എല്ലാ ഉരുവങ്ങളും പരാശക്തിയുടെ മൂന്നാംപതിപ്പുകളാണ്. രൂപനിര്‍മാണക്ഷേത്രത്തിനു കൈവന്ന ക്രമേണയുള്ള പരിണാമത്തിന്റെ ഫലമായി ഇതിനെക്കുറിച്ചൊക്കെ അവബോധമുണ്ടാകാന്‍ കോപ്പു കിട്ടിയിരിക്കുന്നത് മനുഷ്യനു മാത്രമാണ്. ഒരു വിഷമമേ ഉള്ളൂ-നമുക്കു നമ്മുടെ രൂപനിര്‍മാണക്ഷേത്രം വഴി പരാശക്തിയെ വേണ്ടുവോളം അറിയുന്നതിനു നമ്മുടെ മനസ്സും ബുദ്ധിയും ഏകാഗ്രമായിക്കിട്ടണം. അതു സാധിക്കാന്‍ വികാരങ്ങളിന്മേല്‍ നിയന്ത്രണം കൈവരണം. ആത്മബോധമുള്ള ബുദ്ധിയുടെ വരുതിയില്‍ മനസ്സ് നില്ക്കുകയും ആ മനസ്സിന്റെ കടിഞ്ഞാണില്‍ ഇന്ദ്രിയങ്ങള്‍ ഒതുങ്ങിക്കിട്ടുകയും വേണം. ഈ അവസ്ഥ സ്വയം പരിശീലിച്ചു നേടിയാലേ കിട്ടൂ. പുറംലോകത്തെ നിയന്ത്രിക്കാനുള്ള വിദ്യ (അപരാവിദ്യ) നാം കുറെയേറെ വശമാക്കിയിട്ടുണ്ടെന്നാലും അകംലോകത്തെ കൈകാര്യം ചെയ്യാനുള്ള വിദ്യ (പരാവിദ്യ) യില്‍ വളരെ പിന്നിലാണ്. ഈ വിദ്യയാകട്ടെ, അവനവനു പാകമായ ശൈലിയില്‍ ഓരോരുത്തനും സ്വയം ഉണ്ടാക്കിയെടുക്കണം. ഒരു യന്ത്രത്തിന്റെയും സഹായംകൊണ്ട് തരപ്പെടില്ല. കഴിവും പരിശ്രമവും പോലെ ഇരിക്കും പുരോഗതി. പരാശക്തിയെ ശരിയായി അറിയാന്‍ കഴിഞ്ഞാല്‍ ഞാന്‍ വേറെ എന്ന തോന്നല്‍ ചിരപരിശ്രമത്തിലൂടെ ഇല്ലാതാക്കിയിട്ട് സ്വജീവിതത്തിന്റെയും ശരീരത്തിലെ ജീവനായ രൂപനിര്‍മാണക്ഷേത്രത്തിന്റെയും താളവും സ്വരവും പരാശക്തിയുടേതുമായി പൊരുത്തപ്പെടുത്താം. അതോടെ ലയമായി, പിന്നെ രൂപനിര്‍മാണക്ഷേത്രത്തിനുപരാശക്തിയില്‍നിന്ന് വേറിട്ടു നിലനില്പില്ല. അതായത് മറ്റൊരു ജന്മമില്ല.
എതിര്‍വഴിക്കാണ് നമ്മുടെ പോക്കെങ്കിലോ? രൂപനിര്‍മാണക്ഷേത്രത്തെക്കുറിച്ചുപോലും ബോധമുണ്ടാകാതെയും ആര്‍ത്തികളുടെ നിവൃത്തിക്കായി മാത്രം ജീവിതം ഉപയോഗിച്ചും രൂപനിര്‍മാണക്ഷേത്രത്തിന്റെ പരിണാമദശയിലെ കീഴ്പ്പടികളിലേക്ക് നാം തിരികെ ഇറങ്ങും.
പരാവിദ്യ പരിശീലിച്ച് വളരെ കുറച്ച് പുരോഗതിയേ നേടാനായുള്ളൂ എങ്കിലോ? വിഷമിക്കാനില്ല. ആ നേട്ടം ഒരിക്കലും പൊളിയാത്ത ഒരു ബാങ്കില്‍ നിക്ഷിപ്തമാകും. ഒരു തേമാനവും വരാതെ രൂപനിര്‍മാണക്ഷേത്രത്തിലതു പതിയും. ജീവന് അടുത്ത പിറവിയില്‍ അവിടന്നങ്ങോട്ട് പോയാല്‍ മതി.
പരാവിദ്യ പരിശീലിച്ച് വളരെ കുറച്ച് പുരോഗതിയേ നേടാനായുള്ളൂ എങ്കിലോ? വിഷമിക്കാനില്ല. ആ നേട്ടം ഒരിക്കലും പൊളിയാത്ത ഒരു ബാങ്കില്‍ നിക്ഷിപ്തമാകും. ഒരു തേമാനവും വരാതെ രൂപനിര്‍മാണക്ഷേത്രത്തിലതു പതിയും. ജീവന് അടുത്ത പിറവിയില്‍ അവിടന്നങ്ങോട്ട് പോയാല്‍ മതി.
നിലനില്പിന്റെ രണ്ടു തലങ്ങളില്‍ ഏതും തിരഞ്ഞെടുക്കാം. ഒന്ന്, മനുഷ്യനായി പിറന്നപ്പോഴേ കൈവന്ന സ്വയംസംസ്‌കരണോപാധികള്‍ എന്തിനെന്നറിയാതെയുള്ള നിലനില്പ്. മറ്റേത്, ജന്മോദ്ദേശ്യത്തിന്റെ വഴിയെക്കുറിച്ച് അകത്തുനിന്നുള്ള നിമന്ത്രണം തിരിച്ചറിഞ്ഞ് അധ്യാത്മവിദ്യ അഭ്യസിച്ച്, സ്വയം പരിശ്രമിച്ച്, പരിണാമദശയിലെ അവസാനത്തെ പടി കയറി പരിപൂര്‍ണലയം.
ഇതി സാംഖ്യയോഗോ നാമദ്വിതീയോശധ്യായഃ
സാംഖ്യയോഗം എന്ന രണ്ടാമധ്യായം സമാപിച്ചു.
സാംഖ്യയോഗം എന്ന രണ്ടാമധ്യായം സമാപിച്ചു.
(തുടരും.....)
No comments:
Post a Comment