Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം മുപ്പത്തിഅഞ്ചാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിഅഞ്ചാം ദിവസം
ഈശാവാസ്യം
ഒരു ഉദാഹരണം. വീട്ടില്‍ ജോലിക്ക്‌ പോവാതെ വീട്ടമ്മയായിരിക്കുന്ന ഒരു അമ്മ, ഭര്‍ത്താവ്‌ ജോലിക്ക്‌ പോവുന്നുണ്ട്‌. ഭര്‍ത്താവ്‌ ഈ ജോലിയൊക്കെ കഴിഞ്ഞ്‌ വൈകീട്ട്‌ വന്ന്‌ പിറ്റേദിവസം പോയതിനുശേഷം, ഇവരുടെ വസ്‌ത്രങ്ങളൊക്കെ അലക്കാനെടുക്കും. ഇവരിത്‌ സോപ്പുപൊടിയിലേക്ക്‌ ഇടുന്നതിന്‌ മുമ്പ്‌ പോക്കറ്റിലൊക്കെ വെറുതെ കയ്യിട്ടുനോക്കും. എന്തെങ്കിലുമുണ്ടോ എന്ന്‌. ചിലപ്പോള്‍ പത്ത്‌, ഇരുപത്‌, അമ്പത്‌, നൂറ്‌ ഒക്കെ ഇങ്ങനെയൊക്കെ കിട്ടും. എന്നാല്‍ നാം അത്‌ അദ്ദേഹത്തിന്‌ കൊടുക്കുമോ? ഇല്ല. കാരണം അത്‌ നമ്മുടെ കസ്റ്റഡിയില്‍ വെക്കും. അദ്ദേഹത്തിനറിയാം; അവരത്‌ എടുത്തുവെക്കുമെന്ന്‌. ചില സമയത്ത്‌ വളരെ പ്രതീക്ഷയോടുകൂടി കയ്യിടുമ്പോള്‍ ഒന്നും ഉണ്ടാവില്ല. മനസ്സില്‍ പറയും. ദരിദ്രവാസി. എന്തുപറ്റിയോ ആവോ ഇന്ന്‌. ഇങ്ങനെ കിട്ടിയ നാം ശേഖരിച്ച്‌ വെച്ചിട്ടുണ്ടാകും. അപ്പോഴാണ്‌ ഇദ്ദേഹമിങ്ങനെ ചോദിക്കുന്നത്‌. അല്ലാ, നിന്റെ കയ്യില്‍ ഒരു 100 രൂപ ഉണ്ടോ എടുക്കാന്‍, അല്ലെങ്കില്‍ ഒരു 200 രൂപ. അപ്പോള്‍ ഈ അമ്മ പറയുകയാണ്‌. കഴിഞ്ഞമാസം ഒരു 200 മേടിച്ചിട്ടുണ്ട്‌. നിങ്ങളിതുവരെ തന്നിട്ടില്ല. അതുകൊണ്ട്‌ ഇത്‌ ശമ്പളം കിട്ടിയാല്‍ ഉടനെ തരണം. അതായത്‌ മൂപ്പരുടെ പോക്കറ്റില്‍ നിന്നെടുത്ത്‌, എന്റേതാക്കി കടം കൊടുക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ, ഇതാണ്‌ നാം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.
ഈ വിശ്വത്തിന്റെ മുഴുവന്‍ ഉടമ, അദ്ദേഹം, അതുകൊണ്ട്‌ നിങ്ങള്‍ അമ്പലത്തില്‍ നടയ്‌ക്കലൊക്കെ എന്തെങ്കിലും കൊണ്ടുവെയ്‌ക്കുമ്പോള്‍ ഭയത്തോടുകൂടി വെച്ചേക്കണം. നാമൊക്കെ ഒരു കുല പഴം കൊണ്ടുവെച്ചിട്ട്‌ ഇങ്ങനെ നില്‍ക്കും, ഞെളിഞ്ഞ്‌ നില്‍ക്കും, ആ തിരുമേനിയെപോലും പേടിപ്പിച്ചുകൊണ്ട്‌. എന്താ അങ്ങേയ്‌ക്ക്‌ തൃപ്‌തിയായിട്ടില്ലാന്ന്‌ തോന്നുന്നുണ്ടല്ലോ എന്ന മട്ടില്‍. ആരുടേതാണ്‌ ഈ ഭൂമി, ഈ ഉദ്യാനം? അദ്ദേഹത്തിന്റെ. ആരാണ്‌ സൂര്യനായി, ചന്ദ്രനായി, മഴയായി, ഭൂമിയായി, ജലമായി, ഈ പ്രക്രിയ ചെയ്‌തത്‌, എന്നിട്ട്‌ ആകെക്കൂടി അത്‌ വെട്ടി അല്ലെങ്കില്‍ കൈയില്‍ നിന്ന്‌ കാശുകൊടുത്തിട്ട്‌ ``ഇതാ എന്റെ വക'' എന്ന്‌ പറയുമ്പോള്‍ ഇതുപോലെയാണ്‌, അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന്‌ കയ്യിട്ടിട്ടാണ്‌ ഇത്‌ കൊണ്ടുകൊടുക്കുന്നത്‌. ഇത്‌ ഓര്‍ത്താല്‍ നല്ലതാണ്‌.
മാ ഗൃധഃ കസ്യസ്വിദ്ധനം വല്ലവന്റേയും മുതല്‍ ആഗ്രഹിക്കണ്ട. ആരുടേതാണ്‌ ഈ മുതലൊക്കെ എന്ന്‌ നമ്മോട്‌ ചോദിക്കുകയാണ്‌.ആരുടേതാണിത്‌? അതുകൊണ്ടാണ്‌ ഗുരുദേവന്‍ പറഞ്ഞത്‌. ``ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നതുകൊണ്ടു നീ ചരിക്ക മുക്തനായാശിക്കരുതാരുടേയും ധനം.''
ഒന്നാമത്തെ മന്ത്രത്തില്‍ ഈയൊരു വെളിപ്പെടുത്തലാണ്‌. സംഹിത ഉപനിഷത്തായതുകൊണ്ട്‌, ഉപനിഷത്തില്‍ കര്‍മ്മത്തെക്കുറിച്ച്‌ വളരെ പ്രാധാന്യത്തോടുകൂടിയിട്ടാണ്‌ കാണുന്നത്‌.
(തുടരും.....)

No comments:

Post a Comment