Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിമൂന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിമൂന്നാം ദിവസം
ഈശാവാസ്യം
ഈശാവാസ്യ ഉപനിഷത്ത്‌ അതിന്റെ പ്രഥമമന്ത്രത്തില്‍ ഈശ്വരനെ എങ്ങിനെയാണ്‌ സ്വീകരിക്കേണ്ടത്‌ അല്ലെങ്കില്‍ ഈശ്വരനെ എങ്ങിനെയാണ്‌ അറിയേണ്ടത്‌, ഉള്‍ക്കൊള്ളേണ്ടത്‌ എന്നതിനെ ആദ്യം തന്നെ അവതരിപ്പിച്ചു. ഈശ്വരന്റെ ആ സാന്നിധ്യത്തെ, കോയ്‌മയെ, ഈശ്വരന്‍ എന്നുള്ളതിനെ അംഗീകരിക്കുക. ഒരാള്‍ക്ക്‌ ഈശ്വരനെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. ഈശ്വരന്‍ അതിനനുസരിച്ചിട്ടല്ല നിലനില്‍ക്കുന്നത്‌. ഉപനിഷത്തിന്റെയൊക്കെ ഒരു രീതിയാണിത്‌. ഒരുവന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക്‌ അനുസരിച്ച്‌ നിലകൊള്ളുന്നതല്ല ഈശ്വരന്‍. വിശ്വസിച്ചാലും ഇല്ലെങ്കിലും ആ സത്യത്തെ സംബന്ധിച്ച്‌ ഇതൊരു വിഷയമേ അല്ല. പക്ഷേ നമുക്കൊക്കെ ബുദ്ധിയുണ്ട്‌ എന്നുള്ളതുകൊണ്ട്‌ ഉപനിഷത്തില്‍ പറയുന്നതിന്റെ, ഈശാവാസ്യമിദം സര്‍വ്വം എന്ന ആ ഈശ്വരന്റെ കോയ്‌മയെ യുക്തിപൂര്‍വ്വം അംഗീകരിക്കണം. അന്ധമായ അംഗീകരിക്കലല്ല മറിച്ച്‌ യുക്തിപൂര്‍വ്വം. നമ്മുടെ ശാസ്‌ത്രത്തില്‍ ഇതിനെ ഉള്‍ക്കൊള്ളുന്നതിനെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട വഴികളുണ്ട്‌. ഒന്നാമത്തേത്‌ ശ്രവണം. അടുത്തത്‌ മനനം. കേട്ടതിന്റെ മനനം. പിന്നെ നിധിദ്യാസനം. കേള്‍വിയും, കേട്ടതിനെ ഒരു സ്വതന്ത്രമായ സ്വാത്മവിചാരവും അനന്തരം അതിനെയൊരു അനുഭവപ്പെടുത്തലും. ഇത്‌ ചെയ്യണമെന്നാണ്‌ പറയുന്നത്‌.
ഉപനിഷത്തിന്‌ നമ്മളോട്‌ പറയാനുള്ളത്‌ ഈശ്വരന്റെ ആ സാന്നിദ്ധ്യത്തെ അറിഞ്ഞ്‌, അംഗീകരിച്ച്‌ കര്‍മ്മങ്ങളെ ചെയ്യുകയും, ആരുടേതാണ്‌ ധനം എന്ന ചിന്തയിലൂടെ, ഒരാളുടെയും ഒന്നും ആഗ്രഹിക്കാതെ ത്യജിച്ചുകൊണ്ട്‌ ഭുജിക്കുക എന്ന ഒരു പാഠവും കൂടെ ഒന്നാമത്തെ മന്ത്രത്തില്‍ പഠിപ്പിച്ചുതരുന്നു. ഈശ്വരനെ സ്വീകരിക്കുമ്പോളാണ്‌ നമ്മള്‍ ഈ വിശ്വത്തെ പൂര്‍ണ്ണമായി സ്വീകരിക്കുന്നത്‌. എന്നെ ഈ പ്രപഞ്ചവുമായി അകറ്റിനിര്‍ത്തുന്ന ഒരേ ഒരു സാധനമേയുള്ളൂ. ഞാന്‍ എന്നും എന്റേതെന്നും. അത്‌ അയഥാര്‍ത്ഥ്യമാണ്‌ എന്ന്‌ ഉപനിഷത്ത്‌ ഋഷി പറയുന്നു. അതുകൊണ്ടാണവര്‍ പറഞ്ഞത്‌ ഈ അല്‌പമായ അയഥാര്‍ത്ഥ്യത്തെ ത്യജിക്കൂ. പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കൂ. ഉപനിഷത്തിന്‌ നമ്മളോട്‌ പറയാനുള്ളത്‌ അല്‌പം ത്യജിക്കാനും പൂര്‍ണ്ണം വരിക്കാനുമാണ്‌. ``ശതം സമാഃ ജിജീവിഷേത്‌ കര്‍മ്മാണി കുര്‍വന്‍ ഏവ'' കര്‍മ്മങ്ങളെ ചെയ്‌തുകൊണ്ടുതന്നെ സന്തോഷവാനായി ഇവിടെ നൂറുവര്‍ഷം ജീവിക്കാന്‍ തീരുമാനിക്കണം. ``ന കര്‍മ ലിപ്യതേ നരേ'' കര്‍മ്മങ്ങളുണ്ടാക്കുന്ന ദോഷങ്ങളൊന്നുംതന്നെ നരനില്‍ ലേപനം ചെയ്യപ്പെടുന്നതല്ല. പറ്റിപ്പിടിക്കുന്നതല്ല. രാമകൃഷ്‌ണദേവന്‍ പറഞ്ഞ ഉദാഹരണങ്ങളെയൊക്കെ വച്ച്‌ ഇതിനെ നാം മനസ്സിലാക്കി. കര്‍മ്മത്തില്‍ ഞാനെന്നും എന്റേതെന്നുമാണ്‌ ബന്ധനം. അത്‌ ചക്ക മുറിക്കുമ്പോള്‍ എണ്ണ പുരട്ടുന്ന ഒരേര്‍പ്പാടാണ്‌.
ഈശാവാസ്യഉപനിഷത്ത്‌ മന്ത്രത്തെ ഒരു ലേപനമായി, എണ്ണയായി കണ്ട്‌ അത്‌ പുരട്ടി നമ്മള്‍ കര്‍മ്മം ചെയ്യുന്നുവെങ്കില്‍ പിന്നെ ഒരു കുഴപ്പമില്ല. വിനോബാജി ഖദറിനോടാണ്‌ കര്‍മ്മത്തെ ഉപമിച്ചിട്ടുള്ളത്‌. ഖദറിലുണ്ടാകുന്ന അല്ലെങ്കില്‍ വെള്ളവസ്‌ത്രത്തിലുണ്ടാകുന്ന അഴുക്കുകളെ പെട്ടെന്ന്‌ തിരിച്ചറിയും. അതുപോലെയാണത്രെ കര്‍മ്മം. കര്‍മ്മത്തില്‍ അശുദ്ധിയുണ്ടാകുമ്പോള്‍ പെട്ടെന്ന്‌ തിരിച്ചറിയും. വീണ്ടും നമ്മളെ പരിശുദ്ധിയിലേക്ക്‌ നയിക്കാന്‍ അത്‌ സഹായിക്കുന്നു.
തുടര്‍ന്ന്‌ ഇതില്‍നിന്ന്‌ വ്യത്യസ്‌തമായ ഒരു ജീവിതത്തെ വെച്ചുപുലര്‍ത്തുന്നവരെക്കുറിച്ച്‌ ഉപനിഷത്ത്‌ പറഞ്ഞു. അവര്‍ അസുരന്മാരാണ്‌. ``അസുര്യാ നാമ തേ ലോകാഃ അന്ധേന തമസാവൃതാഃ താംസ്‌തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാഃ'' ആസുരികമായ ലോകം വളരെ പ്രസിദ്ധമാണ്‌. അവിടെ അജ്ഞാനം വന്നിട്ടുള്ള ഇരുട്ടാണ്‌. അതാണ്‌ മഹാഭാരതത്തില്‍ ഈ ഉപനിഷത്തിനെ കഥാരൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍, ഈയൊരു മന്ത്രത്തിന്‌ ആള്‍രൂപം നല്‌കിയത്‌ ധൃതരാഷ്‌ട്രനും കുട്ടികള്‍ക്കുമാണ്‌. ഇങ്ങനെയൊരു അന്ധന്റെ ഭാര്യയാകുമ്പോള്‍ എന്തുവേണ്ടിവരും? സ്വയം കണ്ണുകെട്ടേണ്ടിവരും.
(തുടരും.....)

No comments:

Post a Comment