Saturday, 26 April 2014

ഗുരു ( ഇരുപത്തി രണ്ടാം ഭാഗം )

ഗുരു ( ഇരുപത്തി രണ്ടാം ഭാഗം )
കപോതം ( പ്രാവ് ) ഗുരുവായതും കപോതത്തിൽ നിന്നും ഉൾക്കൊണ്ട പാഠവും:
ഞാനാരെന്നും എന്താണീ ഭൂമിയിലെ ജീവിതത്തിൽ തന്നിൽ നിക്ഷിപ്തമായ കർത്തവ്യമെന്തെന്നും തിരിച്ചറിയാത്തവരാണ് സകലരും. സ്വന്തം അറിവോടെ അല്ലാതെ ജനിച്ചു പ്രകൃതിഗുണങ്ങളാൽ വളർന്നു, ഇഷ്ടപ്പെട്ട ഒരു ഇണയെക്കണ്ടെത്തി ഇണചേർന്നു അതിന്റെ ഫലമായി പുതിയൊരു തലമുറ സ്വപ്രകൃതിയിൽ ഉണ്ടായി വന്നു, പുത്രരെ പരിലാളിച്ചും അവയ്ക്കു വേണ്ടി ഉത്തരവാദിത്തത്തോടെ കർമ്മങ്ങളിൽ ഏർപ്പെട്ടുണ്ടായ ആഹാരാദികൾ സമ്പാദിച്ചും കുഞ്ഞുങ്ങളെസ്വയം നഷ്ടപ്പെട്ടും നഷ്ടപ്പെടാതെയും വാർദ്ധക്യത്തിൽ മരണമെന്ന പ്രകൃതിനിയമം ഇണയെക്കൂടി തന്നിൽ നിന്നും അടർത്തിക്കൊണ്ടു പോകുമ്പോൾ സകലതും നഷ്ടപ്പെട്ടു എന്നു കരുതി ഏകാന്തനായി താനും പ്രകൃതിയും രണ്ടെന്നു ധരിച്ച് ദീനഹൃദയരായി അലയുമ്പോൾ മാത്രമാണ് പ്രകൃതി സത്യത്തെപ്പറ്റിയുള്ള യാഥാർത്ഥ്യത്തെപ്പറ്റി അന്വേഷിക്കുവാനെങ്കിലും തുടങ്ങുന്നതു പോലും. എന്നാൽ വാർദ്ധക്യത്തിന്റെ അവശതയിലും പരിമിതികളിലുമെല്ലാം ഒന്നും ചെയ്യാനാവാതെ നഷ്ടപ്പെട്ട അവസരങ്ങളെ ഓർത്തു നെടുവീർപ്പിടുവാൻ മാത്രമേ സാധ്യമാകു. ഇതിനെ മൻസ്സിലാക്കുവാനായി അവധൂതൻ കണ്ടെത്തിയത് ഒരു പ്രാവിന്റെ ജീവിതം തന്നെയാണ്. ലൗകിങ്ങളായ സുഖസൗകര്യങ്ങൾ എല്ലാം നൈമിഷികവും ഇന്ദ്രീയങ്ങളെയും അതിനെ നിയന്ത്രിക്കുന്ന മനസ്സിനേയും അതു വഴി ബുദ്ധിയേയുമെല്ലാം അടിമപ്പെടുത്തി, കർത്തവ്യ കർമ്മങ്ങളിൽ നിന്നും ജന്മോദ്ദേശ്യത്തിൽ നിന്നും അകറ്റിക്കൊണ്ടു പോകാനും അവയിൽ നിന്നും നഷ്ട ബോധവും വേദനയും ഉണ്ടാക്കുവാനേ ഉപകരിക്കൂ എന്ന മഹത്തായ സന്ദേശമാണ് ഈ കപോതത്തിൽ നിന്നും കിട്ടിയതും, ആ മഹത്തായ തത്വം മനസ്സിലാക്കിക്കൊടുത്ത കപോതത്തിനെ ഗുരുവായി കാണുവാൻ പ്രേരിപ്പിച്ചതും.
ലൗകികമായ സകലതും ഭഗവത് മായ തന്നെയാണ്. ഈ ജഗത്തിൽ ജീവിക്കുന്നതിനും കർത്തവ്യങ്ങൾ നിറവേറ്റുന്നതിനും പ്രകൃതിയൊരുക്കിയിരിക്കുന്ന സൗകര്യങ്ങളാണ് പലതും. എന്നാൽ അജ്ഞാനത്താൽ മായയെ തിർച്ചറിയാൻ പറ്റാതെ മായയിൽ മോഹിതരായി ബുദ്ധിതെളിയാതെ സ്ഥല കാല വിഭ്രാന്തിയിൽ പ്രകൃതിയും താനും സൂര്യനും സൂര്യന്റെ പ്രതിബിംബവും രണ്ടെന്നും ധരിച്ച്, ദ്വന്ദത്തിന്റെ പിടിയിൽ കിടന്നുഴലുന്നവരാണ് ഏവരും. എന്നാൽ മാർഗ്ഗ മദ്ധ്യേ യാഥാർത്ഥ്യത്തെത്തിരിച്ചറിഞ്ഞ് അറിന്റെ ഘഡ്ഗം കൊണ്ട് അജ്ഞാനമാകുന്ന ശത്രുവിനെ അരിഞ്ഞു വീഴ്ത്തി മുന്നേറുന്ന ജിതേന്ദ്രീയരാണ് മായയെ അതിജീവിക്കുന്നവർ. പ്രകൃതിയും ഞാനും ഒന്നാണെന്നും സകലതും പ്രകൃതിയുടെ നിയമത്തിൽ അധിഷ്ടിതമായി കാലക്രമത്തിലൂടെ ഒരിക്കലും തിരിച്ചു പോകുവാനാകാത്ത പാതയിലൂടെ അറിവു നേടി നശ്വരമായ ശരീരത്തിലെ അനശ്വരമാകുന്ന ബ്രഹ്മത്തെ തിർച്ചറിഞ്ഞു അതുമായി സംവദിച്ച് പ്രജ്ഞാനം ഉണ്ടാക്കിയെടുമ്പോൾ നശ്വരമായ ജീവിത സമയം തന്നെ സകല പ്രകൃതി ഗുണങ്ങളോടും കൂടി മോക്ഷം എന്ന പ്രകൃതി ലയനം സാദ്ധ്യമാവുകയെന്ന അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഭാഗ്യം നേടുകയാണ് വേണ്ടത്.
"മായാവ്യാപാരങ്ങളെ നിനയ്ക്കിലജ്ഞാനത്താൽ
സ്ഥൂല ബുദ്ധികളായ കാലവിഭ്രാന്താത്മാക്കൾ
ചാലവേ ഭേദബുദ്ധികൊണ്ടിഹ പരാത്മനം
തോയത്തിൽക്കാണും പ്രതിബിംബാർക്കരൂപം പോലെ
മായയാ ഭ്രമം കൊണ്ടു രണ്ടെന്നു ധരിക്കുന്നു.
ഇങ്ങനെ ഭ്രമബുദ്ധിചിന്തയാ ദീനപ്പെടും,
അങ്ങനെ ബോധമില്ലാത്തജ്ഞന്മാർ കപോതം പോൽ
ഭ്രമിയാതിരുന്നു താനീജ്ജഗത്തിങ്കലേറ്റം
മമത വിട്ടു സംഘഹീനനായ്ക്കർത്താവായി
ഒരുദിക്കിലുമൊന്നും ചെയ്യാതെ വാഴുകിലും
പരിചിൽ താൻ ചെയ്യുന്നതെന്നുള്ള ദീനബുദ്ധ്യാ
പ്രവർത്തിക്കുന്നിതെന്നും പ്രവർത്തിക്കുന്നില്ലെന്നും
നിവൃത്തജ്ഞാനബുദ്ധ്യാ ചെയ്യണം ബുധജനം."
തുടരും.....

No comments:

Post a Comment