Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം മുപ്പത്തിഏഴാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിഏഴാം ദിവസം
ഈശാവാസ്യം
ചിലരൊക്കെ ജോലി രാജിവെച്ച്‌ ആശ്രമത്തില്‍ പോയിട്ടുണ്ട്‌ എന്നൊക്കെ കേട്ടിട്ടുണ്ട്‌. എന്നാല്‍ അവര്‍ എന്താണവിടെ ചെയ്യുന്നത്‌? എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടാകാം അവിടെ. അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്‌ ചിലര്‍ക്ക്‌. വലിയ വലിയ ജോലിയിലൊക്കെ ഇരുന്ന്‌, അത്‌ രാജിവെച്ച്‌, ആശ്രമത്തില്‍ പോയ ആള്‍ക്കാരാണ്‌. ഇവര്‍ ഏതു നേരവും മറ്റുള്ളവരെകൊണ്ട്‌ പറയിപ്പിക്കും ഇത്‌. എന്നിട്ട്‌ ഈ ആശ്രമത്തിലെ ആളുകള്‍ പറയും. സ്വാമിആരാണെന്നറിയോ? ഭയങ്കര ജോലിയൊക്കെ ഉണ്ടായിരുന്നു. രാജിവെച്ചതാണ്‌. ഇപ്പോള്‍ മൂപ്പരുടെ ജോലി എന്താണ്‌? തൊഴുത്തൊക്കെ നോക്കുക, അങ്ങനെയുള്ള സംഗതികള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും. ആശ്രമത്തിന്റെ ഉത്തരവാദിത്വങ്ങളാണ്‌ ഇപ്പോള്‍. ഇപ്പോഴും അയാള്‍ ചെയ്യുന്നത്‌ ജോലിയാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ പാരമ്പര്യത്തെ ഗൃഹസ്ഥാശ്രമം എന്ന്‌ പറഞ്ഞത്‌. ഗൃഹത്തെ നാം ആശ്രമമാക്കണം. ഗൃഹത്തില്‍നിന്ന്‌ വിട്ട്‌ വേറൊരു ആശ്രമത്തില്‍ പോകലല്ല. മറിച്ച്‌ ഗൃഹത്തെയിങ്ങനെ ആശ്രമമാക്കണം. അവിടുത്ത ആശ്രമ മുഖ്യപുരോഹിതന്‍ അച്ഛനാണ്‌. ഗുരുപത്‌നിയായി അമ്മയുണ്ട്‌. ശിഷ്യന്മാരായി കുട്ടികളൊക്കെ. ശതം സമാഃ ജിജീവിഷേത്‌ തീരുമാനിക്കൂ. 100 വര്‍ഷം കര്‍മ്മം ചെയ്‌തുകൊണ്ട്‌ ജീവിക്കൂ. ഇതല്ലാതെ നിനക്ക്‌ വേറൊരു വഴി ഇല്ല. ഇത്‌ നീ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ഉപനിഷത്ത്‌ പറയുന്നു ന കര്‍മ ലിപ്യതേ കര്‍മം നിന്നെ ലേപനം ചെയ്യുന്നില്ല. കര്‍മബന്ധനം നിനക്കുണ്ടാകുന്നില്ല. കര്‍മബന്ധനം ഉണ്ടാകാതിരിക്കണമെങ്കില്‍ എന്തുവേണം? കര്‍മം ചെയ്യാതിരുന്നതുകൊണ്ട്‌ സാധിക്കുമോ? ഇല്ല. കര്‍മം ചെയ്യണം. മുള്ളിനെ മുള്ളുകൊണ്ട്‌ എടുക്കുന്നതുപോലെ. കര്‍മ്മങ്ങള്‍ ചെയ്യണം. എങ്ങിനെ ചെയ്യണം? ത്യക്തേന ത്യജിച്ചുകൊണ്ട്‌. ഉടമസ്ഥതാബോധം കൈയൊഴിഞ്ഞ്‌ കര്‍മ്മങ്ങളെ ചെയ്യുക. അങ്ങനെയാണെങ്കില്‍ നിന്നെ കര്‍മ്മങ്ങളുടെ ദോഷം ബന്ധിക്കില്ല. കര്‍മ്മദോഷം എന്നൊന്ന്‌ ഉണ്ടാവില്ല. ഞാന്‍ എനിക്ക്‌ വേണ്ടി കര്‍മ്മം ചെയ്യുമ്പോഴാണ്‌ ദോഷം ഉണ്ടാകുന്നത്‌.
ഒരു മിലിട്ടറിയിലെ ഒരാള്‍, അദ്ദേഹം അതിര്‍ത്തിയില്‍ കര്‍മ്മം ചെയ്യുന്നു. എന്താണ്‌ കര്‍മ്മം? അയല്‍രാജ്യത്തില്‍നിന്ന്‌ ശത്രുക്കള്‍ നമ്മുടെ രാജ്യത്തേക്ക്‌ കടന്നുവരികയും, വിധ്വംസപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അങ്ങനെ അതിര്‍ത്തി കടന്ന്‌ വരുന്നവനെ തുരത്താന്‍ വേണ്ടി സര്‍ക്കാര്‍ ഇയാള്‍ക്ക്‌ തോക്ക്‌ കൊടുത്തിട്ടുണ്ട്‌. പത്തോ പതിനഞ്ചോ ആളുകളുടെയൊക്കെ ജീവന്‍ ഇദ്ദേഹം എടുക്കുന്നുണ്ടാകും. അപ്പോഴൊക്കെ ഇദ്ദേഹത്തിന്‌ സന്തോഷമാണ്‌. ഒരിക്കലും കുറ്റബോധം തോന്നാറില്ല. തനിക്കു വേണ്ടിയിട്ടല്ല; രാജ്യത്തിനുവേണ്ടി കര്‍മ്മം ചെയ്യുമ്പോള്‍ കുറ്റബോധം ഉണ്ടാകുന്നില്ല. രാജ്യമായി വളര്‍ന്ന്‌, രാജ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നവനാകുന്ന സമയത്ത്‌ താന്‍ ചെയ്യുന്നത്‌ കൊലപാതകമാണെങ്കിലും, മറ്റൊരുവന്റെ ജീവഹാനിയാണെങ്കിലും തന്നെ സംബന്ധിച്ച്‌ അതൊരിക്കലും ഒരു നികൃഷ്ടകര്‍മ്മമല്ല; മറിച്ച്‌ ഉത്‌കൃഷ്ടകര്‍മ്മമാണ്‌. അത്തരത്തിലുള്ള കര്‍മ്മത്തില്‍ തന്റെ ജീവന്‍ പോലും വിട്ടുപോയിക്കഴിഞ്ഞാല്‍ രാഷ്‌ട്രം തന്നെ ആദരിക്കുന്നു. പരംവീര്‍ചക്രയൊക്കെ കൊടുത്ത്‌ ആദരിക്കുന്നത്‌ അതിന്റെ ഭാഗമായിട്ടാണ്‌.
എന്നാല്‍ വേറൊരാള്‍ ലൈസന്‍സുള്ളതോ ഇല്ലാത്തതോ ആയ തോക്കെടുത്ത്‌, അയാളുടെ വീടിന്റെ മതില്‍ ചാടി വരുന്ന ആളെ, കള്ളന്‍ തന്നെയാണെന്നിരിക്കട്ടെ, വെടിവെച്ചുകൊന്നാല്‍ എന്താവും സ്ഥിതി? ബന്ധനമായി. ഇനി വെടിവെച്ചുകൊന്നിട്ട്‌ പോലീസ്‌ പിടിച്ചിട്ടില്ലെങ്കിലും തന്നെ സംബന്ധിച്ച്‌ എപ്പോഴും ഭയമാണ്‌. എപ്പോഴാണ്‌ പിടിക്കുക എന്നാലോചിച്ച്‌. എന്തിനാണ്‌ പരംവീരചക്ര തരാനാണോ; അല്ല വേറെ ചക്രം തരാനാണ്‌. പിന്നെ എത്ര ചക്രമെറിഞ്ഞാലും അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പറ്റില്ല. ഒരേ കര്‍മ്മം തന്നെ ഉത്‌കൃഷ്ടവും, നികൃഷ്ടവുമാകുന്നത്‌ ഭാവനകൊണ്ടാണ്‌്‌. കര്‍മ്മത്തിനുമുമ്പ്‌ അറിവുണ്ടായിരിക്കണം. എന്റെ കര്‍മ്മങ്ങളെല്ലാം തന്നെ അറിവുകൊണ്ടാണ്‌ എങ്കില്‍ ന ലിപ്യതേ.
രാമകൃഷ്‌ണദേവന്‍ പറയും: കര്‍മ്മം ചെയ്യുക എന്ന്‌ പറഞ്ഞാല്‍ ചക്ക മുറിക്കുന്ന ഒരു ഏര്‍പ്പാടാണ്‌. ലോകത്ത്‌ കര്‍മ്മം ചെയ്‌ത്‌ ജീവിക്കുക എന്നുപറഞ്ഞാല്‍ ചക്ക മുറിക്കുന്ന പരിപാടിയാണ്‌. ചക്ക മുറിക്കുന്നത്‌ നല്ല പരിചയസമ്പന്നനായിട്ടുള്ളൊരാളാണെങ്കില്‍ അവന്‍ മുറിക്കാനെടുക്കുന്ന കത്തിയില്‍ കുറച്ച്‌ എണ്ണ പുരട്ടും. തന്റെ കൈയിലും കുറച്ച്‌ പുരട്ടും. തിന്നുനോക്കാനുള്ള പരിപാടിയുണ്ടെങ്കില്‍ ചുണ്ടിലും പുരട്ടും. ഒട്ടലുണ്ടാവില്ല എന്നതാണ്‌ ഇതുകൊണ്ടുള്ള നേട്ടം. ഇത്തരത്തിലുള്ള ഒരു ഉപനിഷദ്‌ ജ്ഞാനതൈലം രാവിലെ പുരട്ടി ഇറങ്ങിയാല്‍ ഒരു ഒട്ടലും ഉണ്ടാവില്ല. ന ലിപ്യതേ നരേ നരനില്‍ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. നരന്‍ എന്നുപറഞ്ഞാല്‍ നേതൃഗുണമുള്ളവന്‍ എന്നാണ്‌. തന്റെ കര്‍മ്മത്തിലൂടെ മറ്റുള്ളവര്‍ക്കും ദിശാബോധം നല്‍കുന്നവന്‍ അല്ലെങ്കില്‍ നല്‌കേണ്ടവന്‍. നമ്മളെ മാത്രം വിളിക്കുന്നതാണ്‌.
(തുടരും.....)

No comments:

Post a Comment