Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 57

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 57

യഃ സര്‍വത്രാനഭിസ്നേഹഃ തത്തത് പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി തസ്യപ്രജ്ഞാ പ്രതിഷ്ഠിതാ

ദേഹം, ധനം തുടങ്ങിയ യാതൊന്നിലും മമത ഇല്ലാത്തത് ആര്‍ക്കാണോ, ശുഭകാര്യങ്ങളില്‍ സന്തോഷമോ അശുഭകാര്യങ്ങളില്‍ ദ്വേഷമോ പ്രകടിപ്പിക്കാത്തവന്‍ ആരാണോ, അങ്ങനെയുള്ള ഒരുവന്റെ ജ്ഞാനം സുസ്ഥിരമാകുന്നു.

ഉത്തമാന്മാര്‍ക്കും അധമാന്മാര്‍ക്കും നിഷ്പക്ഷമായ രീതിയില്‍ പ്രകാശം നല്‍കുന്ന പൗര്‍ണമിചന്ദ്രനെപ്പോലെ അവന്‍ എല്ലാവരോടും ഒരേ വിധത്തില്‍ പെരുമാറുന്നു. ജീവജാലങ്ങലോടുള്ള സമഭാവനയിലും കാരുണ്യത്തിലും അവന്റെ മനസ്സിന് ഒരിക്കലും മാറ്റമുണ്ടാവുകയില്ല. അവന്‍ നല്ലത് വരുമ്പോള്‍ ആഹ്ളാദിക്കുകയോ അല്ലല്‍ വരുമ്പോള്‍ തളരുകയോ ചെയ്യുകയില്ല. ഇപ്രകാരം ഇമ്പത്തില്‍ നിന്നും തുമ്പത്തില്‍ നിന്നും മോചനം നേടി ആത്മാനന്ദത്തില്‍ മുഴുകിയിരിക്കുന്നവന്‍ സ്ഥിതബുദ്ധിയാണ്.

യാതൊരാളാണോ എല്ലാ കാര്യങ്ങളിലും എന്റെ എന്ന വിചാരം ഇല്ലാതെയും, അപ്പപ്പോള്‍ വന്നുചേരുന്നത് നല്ലതായാലും ചീത്തയായാലും (അതിനോട്) ഇഷ്ടമോ അനിഷ്ടമോ കൂടാതെയും ഇരിക്കുന്നത് അവന്റെ ബുദ്ധി (അന്തരാത്മാവില്‍ = പരമജ്ഞാനത്തില്‍) ഉറച്ചതാകുന്നു. ഏതു കര്‍മത്തിനും അനിവാര്യമായ ലക്ഷ്യബോധം ഉപേക്ഷിക്കണം എന്നല്ല ഗീതാതാത്പര്യം. കര്‍മത്തിന്റെ ഫലത്തെക്കുറിച്ച് അങ്കലാപ്പുണ്ടാകാതിരിക്കുക എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്. എന്റെ-നിന്റെ എന്ന വേര്‍തിരിക്കലാണ് ഹിംസയുടെ ഉറവിടം. അത് പാടില്ല. ലക്ഷ്യം പരമമായ അറിവിനെ മുന്‍നിര്‍ത്തിയുള്ളതായിരിക്കയും വേണം.)
(തുടരും.....)

No comments:

Post a Comment