Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 55

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 55

ശ്രീഭഗവാനുവാച:
പ്രജഹാതി യദാ കാമാന്‍ സര്‍വാന്‍ പാര്‍ഥ മനോഗതാന്‍
ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ.

അല്ലയോ പാര്‍ത്ഥാ, മനസ്സിലിരിക്കുന്ന എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചിട്ട്, ആത്മാവ് കൊണ്ടു ആത്മാവില്‍ തന്നെ ആനന്ദം അനുഭവിക്കുന്ന ആളാണ് സ്ഥിതപ്രജ്ഞന്‍.

അര്‍ജ്ജുനാ, കേള്‍ക്കുക. ആത്മാവിന്റെ ആനന്ദത്തിന് തടസ്സമായി ഭവിക്കുന്നത് മനസ്സിന് വിഷയസുഖങ്ങളിലുണ്ടാകുന്ന ആസക്തിയാണ്‌. നിത്യതൃപ്തനും ഇച്ഛാപൂര്‍ത്തികൊണ്ട് നിറഞ്ഞ ഹൃദയത്തോടു കൂടിയവനും വിഷയങ്ങളാകുന്ന ചെളിക്കുണ്ടിലേക്ക്‌ തലകുത്തിവീഴാന്‍ ഇടയാകുന്ന ഇന്ദ്രിയസുഖങ്ങളെ നിശ്ശേഷം വെടിഞ്ഞവനും സ്വന്തം ആത്മാവില്‍ത്തന്നെ മുഴുകി ആനന്ദം കണ്ടെത്തുന്നവനുമായ ഒരുവന്‍ സ്ഥിതപ്രജ്ഞനാണ്.

ഇവിടെ ആത്മാശബ്ദം രണ്ടുതവണ ഉപയോഗിച്ചിരിക്കുന്നു. ഒന്ന് പ്രാപഞ്ചികമായ 'ആത്മാ'. അതായത്, ശരീരമനോബുദ്ധികളുടെ ആകെത്തുകയായ 'ഞാന്‍'. രണ്ടാമത്തേത് പരമാനന്ദരൂപമായ പരമാത്മാ. ആദ്യത്തേത് പ്രാപഞ്ചികവികാരങ്ങളുടെ കടുംപിടുത്തങ്ങളെ തീര്‍ത്തും അതിജീവിച്ച് രണ്ടാമത്തേതില്‍ത്തന്നെ സന്തുഷ്ടനായിട്ട് എന്ന് താത്പര്യം. (ഉദ്ധരേദാത്മനാത്മാനം എന്നിങ്ങനെ രണ്ടര്‍ഥങ്ങളില്‍ ഈ ഒരേ ശബ്ദം ഇനിയും ഉപയോഗിക്കുന്നുണ്ട്). ഉള്ളിന്റെ ഉള്ളില്‍ ഉള്ള മറ്റേ ആളാണ് യഥാര്‍ഥ ഞാന്‍ എന്ന ആത്മബോധം ഉറയ്ക്കുന്ന മുറയ്ക്ക് ലൗകികകാമനകളുടെ പിടി തനിയെ അയയാന്‍ തുടങ്ങുന്നു.
(തുടരും.....)

No comments:

Post a Comment