Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 42,43 & 44

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 42,43 & 44

യാമിമ‍ാം പുഷ്പിത‍ാം വാചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ഥ നാന്യദസ്തീതി വാദിനഃ

കാമാത്മാനഃ സ്വര്‍ഗ്ഗപരാ ജന്മകര്‍മഫലപ്രദ‍ാം
ക്രിയാവിശേഷബഹുല‍ാം ഭോഗൈശ്വര്യഗതിം പ്രതി.

ഭോഗൈശ്വര്യപ്രസക്താന‍ാം തയാപഹൃതചേതസ‍ാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൌ ന വിധീയതേ.

ഹേ പാര്‍ഥാ, വൈദികകര്‍മകാണ്ഡത്തില്‍ വിവരിച്ചിട്ടുള്ള യാഗാദികര്‍മങ്ങളിലും സ്വര്‍ഗാദി ഫലഭോഗങ്ങളിലും സുഖം കണ്ടെത്തുന്നവരും അതില്‍ കവിഞ്ഞ് മറ്റൊരു ജീവിത ലക്ഷ്യമോ സത്യമോ ഇല്ലെന്നു വാദിക്കുന്നവരും പലതരം കാമസങ്കല്പങ്ങളില്‍ മുഴുകിക്കഴിയുന്നവരുമായ മൂഢാത്മാക്കള്‍ വീണ്ടും വീണ്ടുമുള്ള കര്‍മങ്ങള്‍ക്കും ജന്മങ്ങള്‍ക്കും ഇടയാക്കുന്നതും ഭോഗൈശ്വര്യപ്രാപ്തിക്കായി യാഗാദികര്‍മങ്ങളെ നിര്‍ദേശിക്കുന്നതും പൂമരങ്ങളെപ്പോലെ ആകര്‍ഷകമായി തോന്നുന്നതുമായ പലവിധ വാദഗതികളും ഉന്നയിക്കുക പതിവാണ്. അത്തരം ആളുകള്‍ സുഖഭോഗങ്ങളില്‍ തത്പരരും അവയാല്‍ അപഹൃതചിത്തരും ആയിരിക്കും. സാംഖ്യവിഷയമായിട്ടോ യോഗവിഷയമായിട്ടോ ഉള്ള ദൃഢജ്ഞാനം അവരുടെ (സമാധിയില്‍=) അന്തഃകരണത്തില്‍ ഉണ്ടാകുന്നതല്ല.

വേദോക്തങ്ങളായ യാഗയജ്ഞാദികള്‍ പുത്രമിത്രകളത്ര ധനധാന്യാദികള്‍ മുതല്‍ സ്വര്‍ഗം വരെയുള്ള പ്രലോഭനങ്ങള്‍ വെച്ചുനീട്ടി മോഹിപ്പിക്കുന്നതിനാല്‍ അവയെ കര്‍മയോഗികള്‍ വര്‍ജിക്കണമെന്നുതന്നെയാണ് താത്പര്യം. 'വേദം അവേദാഃ' (വേദം അജ്ഞാനമാണ്) എന്ന് ബൃഹദാരണ്യകവും. വേദം പരമപ്രമാണമായി കരുതപ്പെട്ട കാലത്താണ് അതൊക്കെ എഴുതപ്പെട്ടത്! ഗീതോപനിഷത്തിന്റെ ഈ വിപ്ലവാത്മകത വേണ്ടത്ര അറിയപ്പെട്ടിട്ടില്ല. വേദതാത്പര്യങ്ങളെ പിന്തുടരരുതെന്ന് പറയുന്നതിന്റെ കാരണം കൂടുതല്‍ വിശദമാക്കുന്നു.

അവർ വേദങ്ങളിലെ പ്രമാണങ്ങളെ ആധാരമാക്കി സംസാരിക്കുകയും അതിലെ ആചാരക്രമങ്ങളെ പിൻതാങ്ങി കർമ്മതിനുള്ള പ്രാധാന്യത്തെ ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.എന്നാൽ എല്ലായ്പ്പോഴും ഫലേച്ഹയോടെയാണ് അവർ ഇപ്രകാരം ചെയ്യുന്നത്. ഒരുവൻ ഈ ലോകത്തിൽ ജനിച്ചും യാഗങ്ങളും ആരാധനാക്രമങ്ങളും അനുഭവിക്കണമെന്ന് അവർ പറയും. സ്വർഗ്ഗീയ ഭോഗങ്ങളല്ലാതെ ആനന്ദകരമായി മറ്റൊന്നുംതന്നെയില്ലെന്നും സ്വർഗ്ഗം തന്നെയാണ് എല്ലാറ്റിലും വച്ച് ശ്രേഷ്ഠമായ പുരുഷാർഥമെന്നും ഈ മൂഡൻമാർ ഉദ്ഘോഷിക്കും.

അവർ ആഗ്രഹസാധ്യത്തിനായി പരവശപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്നു. അവരുടെ ഹൃദയം ഇന്ദ്രിയ വിഷയങ്ങിലുള്ള ആസക്തികൊണ്ട് നിറഞ്ഞിരിക്കും അവർ വിവിധ കർമ്മങ്ങൾ ചെയ്യുമ്പോൾ മതാചാര്യപ്രകാരമുള്ള പ്രമാണങ്ങൾ മുറതെറ്റാതെയും വിദഗ്ദ്ധമായും നിർവഹിക്കുകയും ചെയ്യും.

അർജ്ജുനാ, എല്ലാ ആരാധനയുടെയും കേന്ദ്രബിന്ദു ഈശ്വരനാണ് ആ ഈശ്വരനെ മറന്നാണ് അവർ സ്വർഗ്ഗത്തെ ആഗ്രഹിക്കുന്നത്. കർപ്പൂരം കൂട്ടിവച്ചു തീ കത്തിക്കുന്നതുപോലെയോ മധുരമുള്ള പദാർത്ഥങ്ങൾ പാകം ചെയ്തിട്ട് അതിൽ വിഷം കലർത്തുന്നതുപോലെയോ, ഭാഗ്യം കൊണ്ട് ലഭിച്ച ഒരു പാത്രം അമൃത് ചവിട്ടി മറിച്ച് കളയുന്നതുപോലെയോ ആണ് ഇവരെല്ലാം ലാഭേച്ഹ കൊണ്ട് അവരുടെ ധാർമ്മിക യോഗ്യതകളെ മലിനപ്പെടുത്തി, ശ്രേയസ്സിനുള്ള അർഹത നഷ്ടപ്പെടുത്തി ക്കളയുന്നത് . എത്രയോ പ്രയത്നിച്ചിട്ടാണ് അവർക്ക് ഈ സുകൃതം ഉണ്ടായതെന്ന് മനസ്സിലാക്കാതെയാണ് അവർ വിവേകശൂന്യമായി ലൌകികസുഖങ്ങളുടെ പിന്നാലെ പായുന്നത്. അതുകൊണ്ട് അല്ലയോ അർജ്ജുനാ, ഇപ്രകാരമുള്ള ആളുകൾ വേദപ്രമാണങ്ങളെ വ്യാഖ്യാനിച്ചു ആസ്വാദനം നടത്തുമ്പോഴും അവരുടെ ചിത്തവൃത്തി ദുർദമമായിരിക്കും.
(തുടരും.....)

No comments:

Post a Comment